കൊച്ചി: ജൂലൈ മാസം ആദ്യ ആഴ്ച പിന്നിടുമ്പോഴും ജില്ലയില്‍ പെയ്യാന്‍ മടിച്ച് മഴ. കാലവര്‍ഷത്തില്‍ ജില്ലയ്ക്ക് ലഭിക്കേണ്ട മഴയില്‍ ഇതുവരെ 21 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ 32 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്ക് മാത്രമാണ് ഇതുവരെ സാധാരണ ഗതിയിലുള്ള മഴ ലഭിച്ചിട്ടുള്ളത്. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ മൂന്നു വരെ 771.3 മില്ലിമീറ്റര്‍ മഴയാണ് ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 606 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഈ കാലയളവില്‍ ലഭിച്ചിട്ടുള്ളത്. കാലവര്‍ഷം തുടങ്ങിയതിനു ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് ജില്ലയില്‍ ശക്തമായ മഴ ലഭിച്ചത്. വരുന്ന രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Tags : Local News Nattuvishesham Ernakulam