കണ്ണൂര്‍: ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്നു നീക്കിയത് അദാനിക്ക് വേണ്ടിയെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ദിവ്യയെ തൽസ്ഥാനത്തുനിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചിരുന്നതായി അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി. ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ്. അയ്യര്‍. ഭരണമാറ്റം ഉണ്ടായ ഉടനെ ദിവ്യയെ സ്ഥലംമാറ്റി. ഇതിന് പിന്നിലെ കാരണമെന്താണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.
മംഗളൂരുവിൽ പോയി മുഖ്യമന്ത്രി വി.ഡി. സതീശന് അദാനി സംഘത്തെ കണ്ടതിന്റെ ഫലം ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുകയാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. വകുപ്പ് ഏറ്റെടുത്തപ്പോള്‍ ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി ഏറ്റെടുത്തത് യാദൃച്ഛികമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ തുറമുഖവകുപ്പും ഏറ്റെടുത്ത കേരള ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭയാണിത്.
മാത്രമല്ല സ്വന്തം ഓഫീസിലെ സെക്രട്ടറിയെത്തന്നെ തുറമുഖ വകുപ്പ് സെക്രട്ടറിയും ആക്കി മണിക്കൂറുകള്‍ക്കകം നിയമിക്കുന്നു. വിഴിഞ്ഞം പോര്‍ട്ടിന്റെ വളര്‍ച്ചയില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദിവ്യയെ രായ്ക്കുരാമാനം സ്ഥലംമാറ്റി. തുറമുഖവുമായി യാതൊരു ധാരണയുമില്ലാത്ത ആളാണ് പകരം വന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
Tags : Divya S. Iyer transferred for Adani's sake