ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ നിരാഹാരം നടത്തിയ ഒരു വിദ്യാർഥിനിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിന്റെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ നിരാഹാരം നടത്തിവരികയായിരുന്ന എഐഎസ്എ സംഘടനയിലെ വിദ്യാർഥിനി ഡാനിഷ് അലിയെയാണു ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിരാഹാരം ഏഴാം ദിവസത്തേക്കു കടന്ന ഇന്നലെ വൈകുന്നേരം ഡാനിഷിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. വെള്ളം പോലും കുടിക്കാൻ കഴിയില്ലെന്ന അവസ്ഥ വന്നതോടെ ആംബുലൻസ് എത്തിച്ച് നിർബന്ധപൂർവം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതേസമയം സോനം വാംഗ്ചുക്കിന്റെ ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും നിരാഹാരം തുടങ്ങിയതിനുശേഷം അദ്ദേഹത്തിന്റെ ശരീരഭാരം അഞ്ചു കിലോ കുറഞ്ഞെന്നും കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു. സോനം വാംഗ്ചുക്കിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സർക്കാരായിരിക്കും അതിന് ഉത്തരവാദിയെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു.
സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ ഇന്ന് സമരപ്പന്തലിലെത്തും
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം). സംഘടനയുടെ മൂന്ന് പ്രതിനിധികൾ ഇന്നു രാവിലെ 11ന് ജന്തർ മന്തറിലെത്തും. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ മാസം 17ന് എസ്കെഎം ദേശീയ കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ നിരാഹാരത്തിന് പിന്തുണ അറിയിക്കാനായി ജോൺ ബ്രിട്ടാസ് എംപിയും സഞ്ജയ് സിംഗ് എംപിയും ഇന്നലെ ജന്തർ മന്തറിലെത്തി.
Tags : Hunger strike Jantar Mantar