അയോധ്യ രാമക്ഷേത്രം
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ അന്വേഷണം വഴിത്തിരിവില്‍. ക്ഷേത്രത്തിൽനിന്ന് അനധികൃതമായി കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ഉരുക്കി സ്വര്‍ണബിസ്കറ്റ് ആക്കിയോ എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
വെള്ളിയില്‍ നിര്‍മിച്ച വസ്തുക്കളുടെ രൂപമാറ്റവും നടന്നതായാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നതെന്ന് പ്രത്യേക അന്വേഷണസംഘം സൂചന നൽകി. അന്വേഷണം ഉണ്ടായാലും തൊണ്ടിമുതല്‍ കണ്ടെടുക്കുന്നത് തടയുന്നതിനാണ് ഈ തന്ത്രം.
നഷ്ടമായ ആഭരണങ്ങള്‍ കണ്ടെത്തുന്നതിന് ഒട്ടേറെയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒരുതരി സ്വർണംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ക്ഷേത്ത്രതില്‍ നിന്നു ലഭിച്ച സംഭാവനയില്‍നിന്ന് പ്രതിദിനം എട്ടുലക്ഷത്തോളം രൂപ നഷ്ടമായതായും സംശയിക്കുന്നു. പ്രതിദിനം 16 മുതല്‍ 18 ലക്ഷംരൂപവരെയാണ് ക്ഷേത്രത്തില്‍നിന്ന് ബാങ്കിൽ എത്തിച്ചിരുന്നത്.
കൊള്ളയെക്കുറിച്ചുള്ള വിവരം പുറത്തുവന്നശേഷം ഇത് 22 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിലെത്തി. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ജീവനക്കാർ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. ഏതാനും ബാങ്ക് ജീവനക്കാരും സംശയനിഴലിലാണ്.
രാമക്ഷേത്ര ട്രസ്റ്റ് നിർണായകയോഗം നാളെ
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറംലോകം അറിഞ്ഞശേഷം ആദ്യമായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗം തിങ്കളാഴ്ച ചേരും. ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആശ്രമമായ മണിറാംദാസ് ചൗനിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പിന് സിഇഒയെ നിയമിക്കുന്നതുൾപ്പെടെ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ജനറൽ സെക്രട്ടറി ചന്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജിക്കത്തും ചർച്ചാവിഷയമാകും.
സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘവും യുപി പോലീസും സമാന്തരമായി അന്വേഷണം നടത്തുന്നതിനിടെയാണ് ട്രസ്റ്റിന്റെ നിർണായക യോഗം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മഹന്ത് നൃത്യ ഗോപാൽ ദാസ് ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയ്ക്കു മുന്‍പ് അദ്ദേഹം ആശ്രമത്തിൽ തിരിച്ചെത്തുമെന്നാണ് സൂചന.
Tags : Ayodhya Temple gold biscuits