ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പു വച്ചതിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അമേരിക്കൻ ജനതയ്ക്ക് ആശംസകൾ നേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
സ്വാതന്ത്ര്യം, സമത്വം, സന്തോഷം തേടാനുള്ള അവകാശം, നീതി, ജനാധിപത്യസംരക്ഷണം എന്നീ ആദർശങ്ങൾക്കു ശാശ്വതമായ ശബ്ദം നൽകിയ ദിനമായിരുന്നു 1776 ജൂലൈ നാലെന്ന് മാർപാപ്പ അനുസ്മരിച്ചു.
കഴിഞ്ഞ രണ്ടര നൂറ്റാണ്ടായി അമേരിക്കൻ ജനതയുടെ തലമുറകൾ ത്യാഗത്തിലൂടെയും സേവനത്തിലൂടെയും നവീകരണത്തിലൂടെയും പൗരബോധത്തോടെയുള്ള പങ്കാളിത്തത്തിലൂടെയും ഈ തത്വങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ ഒരുമിച്ച് പ്രവർത്തിച്ചു. അതിനാൽ ഈ വാർഷിക അവസരം ജനങ്ങൾ തമ്മിലും വരുംതലമുറയോടും പുലർത്തേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരംകൂടിയാണ്.
മനുഷ്യജീവനെ സംരക്ഷിക്കുക എന്നതിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടുന്നു. അവരുടെ പ്രത്യാശകളും ത്യാഗങ്ങളും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യവും അവസരങ്ങളും തേടി എത്തിയവർ ഓരോ തലമുറയിലും രാജ്യത്തിന്റെ സ്വഭാവം രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. അവരെ ഉദാരമനസ്കതയോടെ സ്വീകരിക്കുന്നത് ഒരു പുണ്യപ്രവൃത്തി മാത്രമല്ല, ഓരോ മനുഷ്യന്റെയും അന്തസിനെ അംഗീകരിക്കൽ കൂടിയാണ്-മാർപാപ്പ പറഞ്ഞു.
മനഃസാക്ഷിക്കനുസരിച്ച് ആരാധിക്കാനും ഭയമോ നിർബന്ധമോ കൂടാതെ സ്വന്തം വിശ്വാസം പരസ്യമായി ആചരിക്കാനുമുള്ള ഓരോ വ്യക്തിയുടെയും അവകാശമായ മതസ്വാതന്ത്ര്യം അമേരിക്ക കാത്തുസൂക്ഷിക്കുന്നു. അതു വലിയ കാര്യമാണ്. ദൈനംദിന ജീവിതസാഹചര്യങ്ങളിൽ സുവിശേഷം ജീവിച്ചുകൊണ്ട് രാജ്യത്തെ കത്തോലിക്കർ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ സേവനങ്ങൾ, ദരിദ്രരോടുള്ള പ്രത്യേക പരിഗണന, ആരോഗ്യസംരക്ഷണം, അടിസ്ഥാന സാമൂഹിക സേവനങ്ങൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. വിശ്വാസം പൗരധർമത്തിനു വിരുദ്ധമല്ല. മറിച്ച് നീതിക്കും സമാധാനത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം പകരുന്നു-മാർപാപ്പ പറഞ്ഞു.