മോസ്കോ: റഷ്യയുടെ എണ്ണ ഉത്പാദന ശൃംഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണം ശക്തമാക്കി യുക്രെയ്ൻ. ശനിയാഴ്ച റഷ്യയിലെ രണ്ടാമത്തെ വലിയനഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ ഓയിൽ ടെർമിലനിനു നേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
എണ്ണ ഉത്പാദനകേന്ദ്രങ്ങൾക്കു നേരേ തുടർച്ചയായിട്ടുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ റഷ്യയിൽ വലിയ പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. ബാൾട്ടിക് കടൽതീരത്തുള്ള കിറോവസ്കി മേഖലയിലാണ് ആക്രമണമുണ്ടായതെന്നു ഗവർണർ അല്കസാണ്ടർ ബെഗ്ലോവ് അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിലും പരിസരപ്രദേശങ്ങളിലുമായി യുക്രെയ്ന്റെ 72 ഡ്രോണുകൾ റഷ്യൻ വ്യോമസേന വെടിവച്ചിട്ടതായും അദ്ദേഹം അറിയിച്ചു.
റഷ്യക്കെതിരേയുള്ള തങ്ങളുടെ ലോങ് റേഞ്ച് ഉപരോധത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗ് തീരത്തിനടത്തുള്ള ക്രോൺസ്റ്റാഡ് ദ്വീപിലെ റഷ്യൻ സൈനിക കേന്ദ്രത്തിനുനേരേയും ആക്രമണം നടത്തിയെന്ന് സെലൻസ്കി അവകാശപ്പെട്ടു.
അതേസമയം, ഊർജമേഖലകൾക്കു നേരേയുള്ള യുക്രെയ്ന്റെ ആക്രമണങ്ങൾ റഷ്യയെ കാര്യമായി ബാധിക്കില്ലെന്നും യുദ്ധ ലക്ഷ്യങ്ങൾ പൂർത്തിയാകും വരെ പോരാട്ടം തുടരുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. യുദ്ധക്കളത്തിലെ പരാജയങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണ് യുക്രെയ്ൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തുടർച്ചയായിട്ടുള്ള യുക്രെയ്ൻ ആക്രമണങ്ങൾ സാധാരണക്കാരായ ദശലക്ഷക്കണക്കിന് റഷ്യക്കാരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ആക്രമണങ്ങളെത്തുടർന്ന് റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോദ് പൂർണമായി ഇരുട്ടിലായതായും റിപ്പോർട്ടുകളുണ്ട്.
Tags : Ukraine launches massive attack