കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും. 32 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ ആശീർവാദം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗ്ലോബൽ മീറ്റിനു മുന്നോടിയായി 40 രാജ്യങ്ങളിലൂടെയുള്ള പതാക പ്രയാണത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിനു പതാക കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ജനറൽ കൺവീനർ ബെന്നി മാത്യു പുളിക്കക്കര, വൈസ് പ്രസിഡന്റുമാരായ ഷെവലിയർ ഡേവിസ് എടക്കളത്തൂർ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
മിഡിൽ ഈസ്റ്റിലേക്കുള്ള പതാക കത്തോലിക്ക കോൺഗ്രസ് ബഹറിൻ പ്രസിഡന്റ് ചാൾസ് ആലുക്ക ഏറ്റുവാങ്ങി. കാനഡ, യുഎസ്എ , ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലുമെത്തുന്ന പ്രയാണം തുടർന്ന് ഇന്ത്യയിലെ വിവിധ രൂപതകളിലും എത്തും. ഒക്ടോബർ 19 നാണ് പ്രയാണം റോമിലെത്തുക.
‘ഒരു വിശ്വാസം, ഒരു സമുദായം, എല്ലാ ഭൂഖണ്ഡങ്ങളിലും’ എന്ന ആപ്തവാക്യവുമായി നടക്കുന്ന ഗ്ലോബൽ മീറ്റിൽ വിഷയാവതരണങ്ങളും ചർച്ചകളും സംവാദങ്ങളും ഉണ്ടാകും.
സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, സമുദായ നേതാക്കൾ, പ്രതിനിധികൾ എന്നിവർ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
Tags : Catholic Congress Global Meet