Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.
National
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവും പിഴയും. ഗുജറാത്തിലെ ഗാന്ധിനഗർ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്.
അദാനി എന്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി. കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി നായർ തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
National
ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ അദാനി പോർട്ട്സിന് അനുവദിച്ച 108 ഹെക്ടർ മേച്ചിൽ ഭൂമി തിരിച്ചുപിടിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഭൂമി തിരിച്ചുപിടിക്കുന്നതിന് മുൻപ് ബാധിക്കപ്പെട്ട കക്ഷിയായ അദാനി പോർട്ട്സിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
2005-ൽ സ്പെഷ്യൽ എക്കോണമിക് സോൺ വികസനത്തിനായി നൽകിയ ഭൂമിക്കെതിരെ ഗ്രാമവാസികൾ നൽകിയ ഹർജിയെത്തുടർന്നാണ് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. വിഷയത്തിൽ അദാനി പോർട്ട്സിന്റെ ആക്ഷേപങ്ങൾ കൂടി കേട്ട ശേഷം പുതിയ തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതുവരെ നിലവിലെ സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.
National
ന്യൂഡൽഹി: കടക്കെണിയിലായ ഗൗതം അദാനിയുടെ കന്പനിയെ രക്ഷിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയിൽനിന്ന് 33,000 കോടി രൂപയുടെ (3.9 ബില്യണ്‍ ഡോളർ) പദ്ധതി കേന്ദ്രം തയാറാക്കിയെന്ന് അമേരിക്കൻ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്.
കഴിഞ്ഞ മേയിൽ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിനു രൂപയുടെ നിക്ഷേപം നടത്തിയ തന്ത്രം ഏകോപിപ്പിച്ചത് കേന്ദ്ര ധനമന്ത്രാലയം, അതിന്റെ സാന്പത്തിക സേവന വകുപ്പ് (ഡിഎഫ്എസ്), എൽഐസി, നീതി ആയോഗ് എന്നിവയാണെന്ന് ‘വാഷിംഗ്ടണ്‍ പോസ്റ്റ്’ നടത്തിയ അന്വേഷണം വിശദീകരിക്കുന്നു. ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാത്രം ധനസഹായം നൽകിയ അദാനി പോർട്ട്സിനായി 585 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഇഷ്യു ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ മോദിസർക്കാർ നിശബ്ദമായി മൊത്തം 3.9 ബില്യണ്‍ ഡോളറിന്റെ പണം സ്വരൂപിക്കൽ പദ്ധതി തയാറാക്കിയെന്നാണു രേഖകൾ സഹിതം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വെളിപ്പെടുത്തിയത്. അദാനി കന്പനികൾക്കു പണം നൽകാൻ പ്രധാന വിദേശബാങ്കുകൾ മടിച്ചപ്പോഴാണ് എൽഐസിയിൽനിന്ന് വിവിധ അദാനി കന്പനികൾക്കു പണം എത്തിക്കാനുള്ള പദ്ധതി മോദിസർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയതെന്നാണ് ആരോപണം.
അദാനി ഗ്രൂപ്പിന്റെ കടബാധ്യത മുൻ വർഷത്തേക്കാൾ 20 ശതമാനം വർധിക്കുകയും അമേരിക്കയിൽ അദാനിക്കെതിരേ അഴിമതിക്കും വഞ്ചനാക്കുറ്റത്തിനും കേസെടുക്കുകയും ചെയ്ത സമയത്ത് അദാനി ഗ്രൂപ്പിൽ ആത്മവിശ്വാസം പകരുന്നതിനായിരുന്നു നിക്ഷേപപദ്ധതി.
അദാനി ഓഹരികളിൽ മറ്റു നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കൂടിയാണ് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ഡിഎഫ്എസും നീതി ആയോഗും ചേർന്നു നിക്ഷേപപദ്ധതി തയാറാക്കിയതെന്ന് അമേരിക്കൻ മാധ്യമം പറയുന്നു. യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ 2023ലെ റിപ്പോർട്ടിനെത്തുടർന്നാണ് അദാനി ഗ്രൂപ്പിനെതിരേ ഓഹരി കൃത്രിമത്വത്തിനും സാന്പത്തിക ക്രമക്കേടുകൾക്കും കേസെടുത്തത്.
ജെപിസി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്
പത്രത്തിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതിയോ (ജെപിസി) പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോ (പിഎസി) അന്വേഷിക്കണമെന്നു കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പിനുവേണ്ടി 30 കോടി എൽഐസി പോളിസി ഉടമകളുടെ സന്പാദ്യമാണ് ‘മൊദാനി’ തട്ടിപ്പിൽ ദുരുപയോഗം ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഭൂരിപക്ഷവും താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ എൽഐസിയിലെ കോടിക്കണക്കിനു രൂപയാണ് ഒരു സ്വകാര്യ ഗ്രൂപ്പിലേക്കു മാത്രമായി നിക്ഷേപിച്ചതെന്നത് ഗുരുതരമാണ്. 2024 സെപ്റ്റംബർ 21ന് വെറും നാലു മണിക്കൂർ വ്യാപാരത്തിൽ എൽഐസിക്ക് 7,850 കോടി ഡോളർ നഷ്ടം നേരിട്ടതായി എക്സിൽ എഴുതിയ കുറിപ്പിൽ ജയ്റാം ചൂണ്ടിക്കാട്ടി. മോദി സർക്കാരിന്റെ ആശ്രിത സ്ഥാപനങ്ങൾക്കായി പൊതുജനങ്ങളുടെ പണം എറിഞ്ഞതിന്റെ ദോഷമാണിത്.
ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ് കൂട്ടാളിയായ കന്പനിക്കു സമൻസ് അയയ്ക്കാൻ മോദിസർക്കാർ ഒരു വർഷത്തോളം വിസമ്മതിച്ചെന്നും ജയ്റാം പറഞ്ഞു. ‘മോദാനി മെഗാസ്കാം’ എന്നതിൽ ആസ്തി വില്പനയ്ക്കായി ഏജൻസികളുടെ ദുരുപയോഗം, കൃത്രിമ സ്വകാര്യവത്കരണം, ഊതിപ്പെരുപ്പിച്ച കൽക്കരി ഇറക്കുമതി, രാഷ്ട്രീയപ്രേരിത കരാറുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറുകളുടെ യഥാർഥ ഗുണഭോക്താക്കൾ സാധാരണക്കാരല്ലെന്നും മോദിയുടെ അടുത്ത സുഹൃത്തുക്കളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. എൽഐസി പ്രീമിയത്തിനായി ചില്ലിക്കാശ് സന്പാദിക്കുന്ന മധ്യവർഗത്തിന്റെ പണം അദാനിക്കായി മോദി നൽകുന്നത് സാധാരണക്കാരന് അറിയാമോ? വിശ്വാസവഞ്ചനയും കൊള്ളയും അല്ലേ ഇതെന്നും ഖാർഗെ ചോദിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നികുതിദായകരുടെ 30,000 കോടി രൂപ അദാനിയുടെ പിഗ്ഗിബാങ്കായി ഉപയോഗിച്ചതിനെക്കുറിച്ച് ദേശസ്നേഹികളും മാധ്യമസ്ഥാപനങ്ങളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചു.
ജനങ്ങളുടെ പണംകൊണ്ടാണ് മോദിസർക്കാർ ഗൗതം അദാനിക്കു ധനസഹായം തുടരുന്നതെന്നും മഹുവ കുറ്റപ്പെടുത്തി.
ആരോപണം തെറ്റ്:എൽഐസി
‘വാഷിംഗ്ടണ്‍ പോസ്റ്റി’ന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എൽഐസി പ്രതികരിച്ചു. ബാഹ്യഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട റിപ്പോർട്ടിൽ ആരോപിക്കപ്പെട്ടതുപോലുള്ള ഒരു രേഖയോ പദ്ധതിയോ എൽഐസി ഇതുവരെ തയാറാക്കിയിട്ടില്ലെന്നും കന്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസരിച്ച് വിശദമായ സൂക്ഷ്മപരിശോധനയ്ക്കുശേഷം മാത്രമേ നിക്ഷേപ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള സാന്പത്തിക സേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ അത്തരം തീരുമാനങ്ങളിൽ പങ്കില്ല. ഉയർന്ന ജാഗ്രതാമാനദണ്ഡങ്ങൾ എൽഐസി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കൻ പത്രത്തിന്റെ റിപ്പോർട്ട് സത്യത്തിൽനിന്ന് അകലെയാണെന്നും എൽഐസി പറഞ്ഞു.
എൽഐസിയുടെ പ്രശസ്തിയും പ്രതിച്ഛായയും ഇന്ത്യയിലെ ശക്തമായ സാന്പത്തികമേഖലയുടെ അടിത്തറയും കളങ്കപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണു റിപ്പോർട്ടെന്ന് തോന്നുന്നതായും എൽഐസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.