പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചപ്പോൾ.
അടിമാലി: സമരപ്പന്തൽ പൊളിച്ചുനീക്കി, സമരവേദി പഞ്ചായത്ത് പടിക്കലേക്കു മാറ്റി. ദേശീയപാതയിൽ കഴിഞ്ഞ വർഷം ഉണ്ടായ മണ്ണിടിച്ചിലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾ കഴിഞ്ഞ 25 മുതൽ സമരം നടത്തിയിരുന്ന പന്തലാണ് പൊളിച്ചുമാറ്റിയത്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് സമരപന്തൽ പൊളിച്ചുനീക്കിയത്.
കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ശക്തമായ മഴയെത്തുടർന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് പന്തൽ പൊളിച്ചു മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.
ദുരന്തനിവാരണ വകുപ്പിന്റെ നിർദേശത്തെ ത്തുടർന്ന് സമരപ്പന്തൽ പൊളിച്ചതായും സമരം അടിമാലി പഞ്ചായത്ത് ഓഫീസിനു മുന്നിൽ തുടരുമെന്നും സമരക്കാർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം 4.30നാണ് പഞ്ചായത്ത് ഓഫീസിലേക്ക് സമരക്കാർ എത്തിയത് . പുനരധിവാസം സാധ്യമാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരാനുകൂലികൾ അറിയിച്ചു.
Tags : Nattuvishesham District news