കോതമംഗലം താലൂക്ക് വികസന സമിതി യോഗം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: താലൂക്ക് വികസന സമിതി യോഗത്തിൽ വന്യമൃഗശല്യം, കുടിവെള്ളം, റോഡ് വികസനം, വൈദ്യുതി മുതലായ പ്രശ്നങ്ങൾ മുഖ്യ ചർച്ചയായി. മിനി സിവിൽ സ്റ്റേഷനിൽ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി നടപ്പിലാക്കുന്ന ഹാഗിംഗ് ഫെൻസിംഗ്, ട്രഞ്ചിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. വന്യമൃഗ ശല്യം ഫലപ്രദമായി തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന് വനംവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു.
താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ വാട്ടർ അഥോറിറ്റിക്കും ജലസേചന വകുപ്പിനും നിർദേശം നൽകി.
പിഡബ്ല്യുഡിയും ദേശീയപാത വിഭാഗവും നടപ്പിലാക്കുന്ന റോഡ് അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും പുരോഗതിയും യോഗം ചർച്ച ചെയ്തു. നിലവിൽ നടക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും, നേര്യമംഗലം ഉൾപ്പെടെയുള്ള മേഖലകളിൽ റോഡ് നിർമാണവും വീതി കൂട്ടലും വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് എംഎൽഎ നിർദേശം നൽകി.
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന വൈദ്യുതി തടസം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടി. ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണം വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പോലീസ്, എക്സൈസ് വകുപ്പുകൾ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ കെ.എസ്. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam