കപ്പാട് മുഴിക്കാട് പുതുമന വീട്ടിലെ തെങ്ങിന്തോപ്പില് മാത്തച്ചന്. -ദീപിക
കോട്ടയം: റബര്പ്പെരുമയുടെ നാടായ കാഞ്ഞിരപ്പള്ളിയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുകയാണ് കപ്പാട് മൂഴിക്കാട് പുതുമന വീട്ടിലെ പതിമൂന്ന് ഏക്കര്‍ തെങ്ങിന്തോപ്പ്. റബര്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ റബര്‍ത്തോട്ടം വെട്ടിനീക്കി പുതുമന വീട്ടിലെ സഹോദരങ്ങളായ മാത്തച്ചനും ഇട്ടിറാച്ചനും അപ്പച്ചനും തെങ്ങിന് തൈകള്‍ നട്ടു.
ഇന്ന് പുതുമന വീട്ടിലെ ഈ സഹോദരങ്ങള്‍ തെങ്ങു കൃഷിയില്‍ പുതിയ വിജയഗാഥകള്‍ രചിക്കുകയാണ്. മോശമല്ലാത്ത വിളവും വരുമാനവും തെങ്ങ് ഈ സഹോദരങ്ങള്‍ക്കു നല്‍കുന്നുണ്ട്. റബറില്‍ നേട്ടമില്ലെന്നു കണ്ടതോടെ പകരം എന്തു കൃഷി എന്ന ചിന്തയിലാണ് പരീക്ഷണമെന്നോണം പുതുമന സഹോദരങ്ങള്‍ 800 തെങ്ങിന് തൈകള്‍ നട്ടത്. മണ്ഡരിയും ചെള്ളും കാറ്റുവീഴ്ചയുമൊക്കെ തെങ്ങിന് പാരയാകുന്ന അനുഭവം പലരില്‍ നിന്നു കേട്ടിട്ടും ഇവര്‍ തെങ്ങില്‍തന്നെ പ്രതീക്ഷവച്ചു. ചതിക്കില്ലെന്നു പറയുന്ന തെങ്ങ് ഈ സഹോദരങ്ങളെയും ചതിച്ചില്ല.
അഞ്ചുവര്‍ഷത്തെ പരിപാലനയില്‍ ആദ്യം 200 തെങ്ങുകളില്‍ നിന്നും പിന്നീട് 300 തെങ്ങുകളില്‍ നിന്നും ആദായം ലഭിച്ചുതുടങ്ങി. ശേഷിക്കുന്ന തെങ്ങുകള്‍ ചൊട്ടയിട്ടു തുടങ്ങി. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാലക്കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കാണുംവിധം തെങ്ങ് സമൃദ്ധമായി വളരുന്ന തോട്ടമായി മാറിയിരിക്കുകയാണ് കപ്പാട്ടെ ഈ തെങ്ങിന്തോപ്പ്.
കാസര്‍ഗോഡുനിന്ന് കേരസങ്കര, ചന്ദ്രകല്പ ഇനം തെങ്ങിന് തൈകള്‍ എത്തിച്ച് 40 അടി അകലത്തില്‍ നട്ടു. ഇടവിളയായി 120 മാംഗോസ്റ്റിനുമുണ്ട്. വേനല്‍ക്കാലത്ത് നനയും മുറയ്ക്ക് വളവും നല്കുന്നതല്ലാതെ കാര്യമായ പരിചരണമില്ല. ഓരോ തെങ്ങിന്‍തടത്തിലും വെള്ളമെത്തും വിധം മൈക്രോ സ്പ്രിംഗ് പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മസൂരി, യൂറിയ, പൊട്ടാഷ്, വേപ്പിന് പിണ്ണാക്ക്, ചാണകം എന്നിവ വര്‍ഷത്തില്‍ മൂന്നു തവണ കൊടുക്കും. കായ പിടിക്കാന്‍ സിങ്ക്, മഗ്നീഷ്യം, ബോറോണ്‍ എന്നിവയും നിശ്ചിത അളവില്‍ നല്കുന്നു. കരിക്കാണ് വിൽക്കുന്നത്.
ഒന്നരാടന്‍ ദിവസം 100 കരിക്ക് വീതം ഒരു കരിക്കിനു 30 രൂപ നിരക്കില്‍ വില്ക്കാന് പാകമാകും. മൂപ്പു കൂടിപ്പോയാല്‍ തേങ്ങ ആട്ടി എണ്ണയാക്കും. കീടനിവാരണ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ തെങ്ങിനും തേങ്ങയ്ക്കും കേടില്ല. റബറില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ പൈനാപ്പിളും കപ്പയും റംബൂട്ടാനുമൊക്കെയായി പലവിധ കൃഷികളിലേക്ക് തിരിയുമ്പോള്‍ പുതുമന വീട്ടുകാര്‍ തെങ്ങുകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ്.
Tags : Nattuvishesham DistrictNews