കാവാലം പാലത്തിനായി പൈലിംഗ് ജോലികള്‍ നടക്കുന്ന കുന്നുമ്മ വില്ലേജ് പരിധിയില്‍ പ്രവൃത്തികള്‍ക്ക് തടസമായുള്ള വൈദ്യുതി ലൈനുകൾ.
കാവാലം: പദ്ധതി പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിക്കാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി. വൈദ്യുതി ലൈനുകള്‍ കാരണം കുന്നുമ്മ വില്ലേജ് പരിധിയില്‍ പൈലിംഗ് ജോലികള്‍ മുടങ്ങിയ സ്ഥിതിയാണ്. പാലത്തിന്റെ പ്രധാന നിര്മാണഘട്ടങ്ങളിലൊന്നായ പൈലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരമേറിയ യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി ലൈനുകള്‍ സുരക്ഷാ ഭീഷണിയും സാങ്കേതിക തടസവും സൃഷ്ടിക്കുന്നതായി കാവാലം പാലം സമ്പാദക സമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതുമൂലം ജോലികളുടെ വേഗത കുറയുകയും നിര്‍മാണ പുരോഗതിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. അതുണ്ടായില്ല, പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി അടിയന്തരമായി ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ കാവാലം പാലത്തിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്.
Tags : Nattuvishesham DistrictNews