അപകടത്തിൽ തകർന്ന കാർ
ഉദയംപേരൂർ: പൂത്തോട്ടയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഇടപ്പള്ളി ചേമ്പോക്കടവ് റോഡ് പ്ലാവുനിൽക്കുന്നത്ത് ബീന ഫിലിപ്പ് (64) ആണ് മരിച്ചത്.
ഭർത്താവ് ഫിലിപ്പ് (69), മകൻ കിരൺ (30), മരുമകൾ കനകവർഷ (29), ഡ്രൈവർ കൊല്ലം ഓയൂർ പുതുവില വീട്ടിൽ മുഹമ്മദ് സാബിത് (30) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന തലയോലപ്പറമ്പ് സ്വദേശി ആഷിക് സമീർ (26), തിരുവാങ്കുളം സ്വദേശി ബെന്നി ബേബി ജോസഫ് (29) എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂത്തോട്ട ജംഗ്ഷന് വടക്ക് വശം എസ്ബിഐ എടിഎമ്മിന് സമീപത്തായി ഇന്നലെ പുലർച്ചെ 1.50 നായിരുന്നു അപകടം. മരിച്ച ബീന ഫിലിപ്പ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എതിർദിശയിൽ നിന്നെത്തിയ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പറയുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈറ്റിലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ, ബീന ഇന്നലെ രാവിലെ 8.40 ഓടെ മരിച്ചു. അപകടം നടന്ന സമയത്ത് സ്ഥലത്തെത്തിയ വൈക്കം എംഎൽഎ കെ.ബിനിമോനും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. മാളയിലെ ഒരു ചടങ്ങിന് ശേഷം വൈക്കത്തേക്കു പോകും വഴി അപകടം കണ്ട് വാഹനം നിർത്തിയ എംഎൽഎ, നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് അപകടത്തിൽപ്പെട്ടവരെ ആംബുലൻസിൽ കയറ്റി വിട്ടശേഷം അഗ്നിരക്ഷാ സേനയെ വിളിച്ചു വരുത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.
Tags : Nattuvishesham DistrictNews