കർണാടക വനാതിർത്തിയിലെ വൈദ്യുത വേലി നന്നാക്കുന്നവർ.
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും ചെറുപുഴ ലയൺസ് ക്ലബിന്റെയും സഹായത്തോടെ രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലവും വൈദ്യുത വേലിയും പുനർനിർമിച്ചു.
കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള മുളപ്പാലം ഓഗസ്റ്റ് ഒന്നിനുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിരുന്നു. ഇതോടെ ഉന്നതിയിലേക്കു പോകാൻ മാർഗമില്ലായിരുന്നു. കർണാടക വനാതിർത്തിയിലുള്ള ആന പ്രതിരോധ വൈദ്യുതി വേലിയും മണ്ണിടിഞ്ഞും മരം വീണും തകർന്നിരുന്നു. ഇതോടെ കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുന്ന സ്ഥിതിയാണുണ്ടായിരുന്നത്.
പുനർനിർമാണത്തിനുള്ള ചെലവ് ചെറുപുഴ ലയൺസ് ക്ലബ് ഏറ്റെടുക്കുകയാണു ചെയ്തത്. പ്രദേശവാസികളായ ഡയിസൺ വട്ടപ്പലം, സജി മാമ്പുഴ, ചന്തു കാണിക്കാരൻ, അലൻ മാമ്പുഴ, മോഹൻദാസ് വയലുങ്കൽ, കുഞ്ഞുകുട്ടൻ പള്ളിവീട്ടിൽ, കുഞ്ഞിരാമൻ ഇളയിടത്ത്, ഷാജി ചോക്കാട്ട്, ഡാർവിൻ തച്ചിലേടത്ത് എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews