കാഞ്ഞാണിയിലെ ഗതാഗതക്കുരുക്കിന് പരിഹാരംതേടി മണലൂർ പഞ്ചായത്തിൽ ചേർന്ന സർവകക്ഷിയോഗം പ്രഫ. സി. രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
കാഞ്ഞാണി: സെന്ററിലെ ഗതാഗതക്കുരുക്കഴിക്കാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് സി. രവീന്ദ്രനാഥ് എംഎൽഎ പറഞ്ഞു. കാഞ്ഞാണിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മണലൂർ പഞ്ചായത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആദ്യമായാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു റോഡ് അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നത്.
കാഞ്ഞാണി വിദ്യാർഥി റോഡ്, ശ്രീശങ്കര റോഡ്, വിക്ടോറിയ റോഡ്, ജനപ്രിയ റോഡ്, വെള്ളേന്തടം റോഡ് ,വാസു ശ്രമദാനം റോഡ് എന്നി റോഡുകളെ കൂട്ടിയോജിപ്പിച്ച് അറ്റകുറ്റപണികൾ നടത്തി റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കും. തുടർന്ന് ചെറുവാഹനങ്ങൾ ഇത് വഴി തിരിച്ചുവിടുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന കാഞ്ഞാണി സെന്ററിലെ ഗതാഗ കുരുക്കഴിയുമെന്ന് എംഎൽഎ പറഞ്ഞു.
കാഞ്ഞാണി സെന്റ്്റിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോജിച്ച് സിഗ്നലുകൾ സ്ഥാപിക്കുമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ്, വി.എൻ. സുർജിത്ത്, കെ.കെ. പ്രകാശൻ, എം.ആർ. മോഹനൻ, ജനാർദ്ദനൻ മണ്ണുമ്മൽ, പി.ടി. ജോൺസൺ, പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ,പ്രദീപ് കണാട്ട്, പഞ്ചായത്ത് സെക്രട്ടറി പി. മിഥുൻ എന്നിവർ സംസാരിച്ചു.
Tags : Nattuvishesham DistrictNews