പ്രതീകാത്മക ചിത്രം
തൃശൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ ഒരുലക്ഷമടക്കം സൈബർതട്ടിപ്പുകാർ തൃശൂർ സ്വദേശികളിൽനിന്ന് ഏതാനും മാസത്തിനിടെ തട്ടിയെടുത്തത് 6.42 കോടിയിലേറെ രൂപ.
കഴിഞ്ഞ മാസം തൃശൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 28 പരാതികളിലാണ് ഈ വിവരങ്ങൾ. പരാതി നൽകാൻ മടിച്ചെങ്കിലും എഫ്ഐആർ ഇടുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയതോടെയാണ് പലരും മുന്നോട്ടുവന്നത്. ഇതാണു രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്നും കൂടുതൽപേർ മുന്നോട്ടുവന്നാൽ തുക ഇനിയും ഉയരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓണ്‍ലൈൻ ട്രേഡിംഗ്, ഗൂഗിളിൽ വെബ്സൈറ്റുകൾക്കു റേറ്റിംഗ്, ക്രിപ്റ്റോ കറൻസി വ്യാപാരം മുതൽ ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ചും ലോണുകളുടെ പേരിലുംവരെ ലക്ഷങ്ങൾ നഷ്ടമായി.
കുന്നംകുളം സ്വദേശിയായ യുവതിക്കുമാത്രം ഓഹരിവ്യാപാരത്തിന്റെ പേരിൽ ഒന്നേകാൽ കോടിയോളം രൂപയാണ് നഷ്ടമായത്. ആധാർ ഉപയോഗിച്ചു മനുഷ്യക്കടത്തു നടത്തിയെന്നുപറഞ്ഞ് സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് എണ്‍പത്തിമൂന്നുകാരനായ വയോധികന്റെ 76.50 ലക്ഷമാണു തട്ടിയെടുത്തത്.
അഞ്ചുലക്ഷം മുതൽ അന്പതുലക്ഷംവരെ നഷ്ടമായവരും ഇതിലുണ്ട്. വൻ തുക നഷ്ടമായവരിൽ ചുരുക്കം ചിലർ ഒഴികെ എല്ലാവരും 50 വയസിനു മുകളിലുള്ളവരാണ്. ഇതിലേറെയും ഓണ്‍ലൈൻ ട്രേഡിംഗിലൂടെ വൻ തുക സന്പാദിക്കാമെന്ന വാഗ്ദാനത്തിൽ വീണവരാണ്.
കാനറ, എച്ച്ഡിഎഫ്സി ബാങ്കുകൾ, ബജാജ് ഫിനാൻസ് എന്നിവയുടെ വ്യാജ ലിങ്കുകളിലൂടെയും തെറ്റിദ്ധരിപ്പിച്ചു. മിന്ത്ര, ആമസോണ്‍ എന്നിവയിലൂടെ ഓണ്‍ലൈൻ വ്യാപാരം നടത്താമെന്നും റേറ്റിംഗ് നടത്തിയാൽ മതിയെന്നുമുള്ള വാഗ്ദാനത്തിൽ വീണവരേറെയും ചെറുപ്പക്കാരായ സ്ത്രീകളാണ്. ടെലഗ്രാം, വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെയാണു തട്ടിപ്പുകാർ ഇരകളെ സമീപിച്ചത്. നിക്ഷേപിച്ച തുക തിരിച്ചുപിടിക്കാൻ സഹായിക്കാമെന്നു പറഞ്ഞും തട്ടിപ്പുകളുണ്ട്.
വിദേശ സെർവറുകൾവഴിയാണ് ഏറെയും തട്ടിപ്പുകളെന്നാണു വിവരം.
Tags : Nattuvishesham DistrictNews