ന്യൂഡൽഹി: സർക്കാർ ഓഫീസുകളിലേക്ക് വ്യാജ ബോംബ് ഭീഷണികൾ അയയ്ക്കാൻ അഞ്ചു ലക്ഷത്തിലേറെ വ്യാജ ജി മെയിൽ ഐഡികൾ ഉപയോഗിച്ച റാക്കറ്റിനെ പിടികൂടിയതിനുപിന്നാലെ ഗൂഗിളിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലിസ്. വ്യാപകമായി ജി മെയിൽ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടു ബോംബ് ഭീഷണികൾ നടത്തിയതിൽ ഗൂഗിളിനുണ്ടായ സുരക്ഷാവീഴ്ചകളെ സംബന്ധിച്ചായിരിക്കും ചോദ്യം ചെയ്യൽ.
അന്തർസംസ്ഥാനതലത്തിൽ വ്യാജ ബോംബ് ഭീഷണികൾ അയയ്ക്കുന്ന ഇ മെയിൽ ശൃംഖലയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. 2022 മുതൽ ഇവർ ഉപയോഗിച്ചിരുന്ന 5,13,847 ജിമെയിൽ ഐഡികളും പാസ്വേഡുകളും പൊലിസ് കണ്ടെത്തിയിരുന്നു.
അസാധാരണമായ തലത്തിലുള്ള ഈ വ്യാജ ജിമെയിൽ അക്കൗണ്ടുകളുടെ എണ്ണത്തിൽ ഗൂഗിളിനു സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതിൽ പൊലിസ് അന്വേഷണം നടത്തും. സുരക്ഷാസംവിധാനങ്ങൾ മറികടക്കാൻ കഴിയാത്തവിധം നയങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് കത്തെഴുതുമെന്നും അധികൃതർ അറിയിച്ചു.
Tags : Bomb threats fake Gmail IDs Google questioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash