ബ്രദര്‍ മാവുരൂസ്
കൊച്ചി: കൊച്ചിയോടും കേരളത്തോടും കരുതലിന്റെയും കാരുണ്യത്തിന്റെയും നവസുവിശേഷം നിരന്തരം പറഞ്ഞുകൊണ്ടേയിരുന്ന, പാവങ്ങള്‍ക്കായി ജീവിതം പകുത്തുനല്‍കിയ നന്മമനുഷ്യന്‍, ഘോഷങ്ങളേതുമില്ലാതെ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും വഴികളിലൂടെ നടന്നുനീങ്ങി അനേകം സങ്കടജീവിതങ്ങളിലേക്കു പ്രത്യാശയുടെ പ്രകാശം പകര്‍ന്നൊരു നിശബ്ദസഞ്ചാരി...
ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍ (90) നിശബ്ദമായി ജീവിതത്തില്‍നിന്നു കടന്നുപോകുമ്പോള്‍ അവശേഷിപ്പിക്കുന്നത് നന്മയുടെ അടയാളങ്ങള്‍. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ സന്യാ സസമൂഹത്തിൽ ചേര്‍ന്ന ബ്രദര്‍ മാവുരൂസ് പിന്നീട് തെരുവുബാല്യങ്ങളുടെ സംരക്ഷണത്തിനായി മുഴുവന്‍സമയവും മാറ്റിവയ്ക്കുകയായിരുന്നു.
കൊച്ചിയിലും പുറത്തും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും അലയുന്നവരുമായ 2000ത്തോളം കുട്ടികളെ ബ്രദര്‍ മാവുരൂസ് കണ്ടെത്തി പുതുജീവിതത്തിലേക്കു കൈപിടിച്ചു. കൊച്ചി ഗാന്ധിനഗര്‍ ഉദയ കോളനിയിലെ ആശ്രയഭവന്‍ കേന്ദ്രീകരിച്ചായിരുന്നു കുട്ടികള്‍ക്കായുള്ള ശുശ്രൂഷ. അനേകം കുട്ടികള്‍ക്ക് പുതുജീവിതത്തിലേക്കു നടക്കാന്‍, ഉന്നതവിജയങ്ങള്‍ നേടാന്‍ ആശ്രയഭവന്‍ പ്രചോദനമായി.
ഒരുകാലത്ത് അന്ധകാര കോളനി എന്നറിയപ്പെട്ടിരുന്ന ഉദയ കോളനി, ബ്രദറിന്റെ ഇടപെടലുകളിലൂടെ സാമൂഹ്യസേവനരംഗത്തു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായി മാറി. കൊച്ചിയില്‍ പിആന്‍ഡ് ടി കോളനിയില്‍ തീപിടിത്തത്തില്‍ വീടുകള്‍ നശിച്ചപ്പോള്‍, സ്നേഹഗിരി പദ്ധതിയുമായി രംഗത്തെത്തിയ ബ്രദര്‍ നൂറിലധികം ചെറുവീടുകള്‍ നിര്‍മിച്ചുനല്‍കിയതും ആശ്വാസമായി.
ആശ്രയഭവന്‍ പ്രവര്‍ത്തിച്ച റോഡിന് പില്ക്കാലത്തു കൊച്ചി കോര്പറേഷന് ബ്രദര്‍ മാവുരൂസ് റോഡ് എന്നു നാമകരണം ചെയ്തു.
വൈക്കം വല്ലകം ജീവനിലയം, ഒറ്റപ്പാലം സുഹൃദ്സദന്‍, മൂരിയാട് മാര്ട്ടിന് നഗര്‍ എന്നിവിടങ്ങളിലും ബ്രദര്‍ മാവുരൂസ് വിവിധ ഘട്ടങ്ങളില്‍ സ്നേഹശുശ്രൂഷകളുമായി സജീവമായിരുന്നു.കുടുംബത്തില്‍നിന്നു തനിക്കു കിട്ടിയ സ്വത്തുക്കള്‍ പൂര്‍ണമായി സാമൂഹ്യസേവനത്തിനായാണ് അദ്ദേഹം ഉപയോഗിച്ചത്.
നിരാലംബരായ നിരവധി പേരുടെ ജീവിതപുരോഗതിക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമായി ബ്രദര്‍ മാവുരൂസ് പിന്തുണയായെന്ന് അദ്ദേഹത്തിന്റെ സന്തതസഹചാരിയും ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജോണ്സണ് സി. ഏബ്രഹാം പറഞ്ഞു.
രോഗങ്ങളുടെയും വേദനയുടെയും നാളുകള്‍ക്കൊടുവിലാണ് ബ്രദര്‍ മാവൂരൂസ് വിടപറയുന്നത്. കൊച്ചി നഗരത്തില്‍ തന്റെ പേരിലുള്ള റോഡിലൂടെ നടക്കാന്‍ ആ സ്നേഹസഞ്ചാരി ഇനിയില്ല.
Tags : BrotherMavoorus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash