പി.ജയരാജൻ
കണ്ണൂര്‍: പാർട്ടിക്ക് അണികൾ നല്കിയ തിരുത്തലാണ് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു കൈപിടിച്ചു കയറ്റുന്നത്. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ജയരാജനെ കഴിഞ്ഞ സമ്മേളനകാലത്ത് സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കാതിരുന്നത് നീതികേടായി വിലയിരുത്തപ്പെട്ടിരുന്നു.
അണികള്‍ക്കിടയില്‍ പ്രതിഷേധം പുകഞ്ഞപ്പോഴും നേതൃത്വം അതൊന്നും കണക്കിലെടുത്തിരുന്നില്ല. അടുത്ത സമ്മേളനകാലത്ത് 75 വയസ് പിന്നിടുന്ന ജയരാജന് സംസ്ഥാന സമിതിയില്‍നിന്ന് ഇനിയൊരു ഉയർച്ചയില്ലെന്ന് കരുതിയിടത്തുനിന്നാണ് അസാധാരണ നീക്കത്തിലൂടെ ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. ഇത് തീർച്ചയായും നേതൃത്വത്തിന് അണികൾ നൽകിയ തിരുത്തലാണ്.
വ്യക്തികള്‍ക്ക് ചുറ്റുമല്ല, പാര്‍ട്ടിയിലാണ് ആളുകളെ അണിനിരത്തേണ്ടതെന്നു കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയപ്പോൾത്തന്നെ ജയരാജന്റെ സ്ഥാനം സംസ്ഥാന കമ്മിറ്റിയിൽത്തന്നെ ഒതുങ്ങുമെന്നു വ്യക്തമായിരുന്നു. പി. ജയരാജന്റെ ത്യാഗമോ പ്രവര്‍ത്തനപാരമ്പര്യമോ പാർട്ടി പരിഗണിക്കുന്നില്ലെന്ന് അണികൾ വിമർശനമുയർത്തി.
പല വിവാദങ്ങളിലും ഉൾപ്പെടുന്നതു മറയാക്കി സംസ്ഥാന നേതൃത്വം ജയരാജന്റെ വഴിയടയ്ക്കുന്പോഴും വിവാദങ്ങളുടെ വഴിയിലായിരുന്ന ചിലരെ നേതൃത്വം കൈവിടാതിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. ജയരാജന്മാരിലെ സീനിയോറിറ്റി പരിഗണിച്ചാല്‍ മൂന്നാം സ്ഥാനത്തുള്ള എം.വി. ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതും കഴിഞ്ഞ സമ്മേളനകാലത്തെ പ്രധാന രാഷ്ട്രീയ ചർച്ചയായി.
കണ്ണൂരിലെ സിപിഎമ്മിന്റെ അനിഷേധ്യ നേതാക്കളിലൊരാളാണ് ജയരാജന്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുള്‍പ്പെട്ട പല രാഷ്ട്രീയ സംഘര്‍ഷങ്ങളിലും വിവാദങ്ങളിലും ജയരാജന്റെ പേരുമുണ്ടായിരുന്നു.1972 ലാണ് ജയരാജന് സിപിഎം അംഗമാകുന്നത്. 10 വർഷം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തി. 1998ല്‍ സംസ്ഥാന സമിതി അംഗമായി. 2010 ഡിസംബറിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. 2019ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍നിന്നു മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനത്തുനിന്നു മാറ്റിയത്.
വടകര മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തിയില്ല. തുടർന്ന് ഏഴു കൊല്ലത്തിനിടെ പാര്‍ട്ടിയുടെ മറ്റൊരു ചുമതലയിലും ജയരാജനുണ്ടായിരുന്നില്ല. അണികളിൽ ജയരാജനുള്ള സ്വാധീനം ഒരുവിഭാഗം നേതാക്കളിൽ അതൃപ്തിയുളവാക്കിയെന്നും ഇതിന്റെ ഭാഗമായിട്ടാണ് ഒതുക്കലെന്നും ആക്ഷേപമുയർന്നു.
2021ല്‍ ഖാദി ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനം മാത്രമാണു പാര്‍ട്ടി ജയരാജന് നല്‍കിയിരുന്നത്. അധികാരത്തില്‍ മൂന്നാമൂഴം കരുതിയിരുന്ന പാര്‍ട്ടിക്ക് ഇക്കുറി കനത്ത തിരിച്ചടി നേരിട്ടതോടെ ജയരാജന് നേതൃസ്ഥാനത്തെത്തണമെന്ന മുറവിളി ശക്തമായിരുന്നു.
Tags : Leadership Corrects PJayarajan Secretariat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash