പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി തയാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാനും നിയമനിർമാണവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിർദിഷ്ട നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവവുമായ വാർധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹിക അന്തരീക്ഷത്തിലും തുടരാൻ വയോജനങ്ങൾക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങളിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയ്ക്ക് ബില്ലിൽ പ്രാധാന്യം നൽകും. വയോജന പരിചരണ കേന്ദ്രം, അസിസ്റ്റഡ് ലിവിംഗ് സൗകര്യം, പകൽവീട്, ഹോം കെയർ ഏജൻസി തുടങ്ങിയ സേവനങ്ങൾക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്വവും ഉറപ്പാക്കാനുള്ള സംവിധാനവും ബില്ലിൽ വിഭാവനം ചെയ്യും.
കെയർ ഗിവിംഗ് മേഖലയെ പ്രഫഷണൽ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപീകരിക്കും. കെയർ ഗിവർമാർക്ക് പരിശീലനം, സർട്ടിഫിക്കേഷൻ, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ കെയർ ഗിവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയാറാക്കാനും നിർദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം നൈപുണ്യമുള്ള കെയർ ഗിവിംഗ് തൊഴിലാളികളെ സൃഷ്ടിക്കാനും തൊഴിലവസരം ഒരുക്കാനും കഴിയും.
വയോജനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാന്പത്തിക-തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ‘സിൽവർ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങൾ, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിംഗ്, ഹോം കെയർ, വയോജന സൗഹൃദ ഉത്പന്നങ്ങൾ, മറ്റ് നവീന സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴിൽ എന്നിവ ഉൾപ്പെടുന്ന സുസ്ഥിരമായ വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.
പരാതിപരിഹാരത്തിന് സംസ്ഥാന- ജില്ലാ തല സംവിധാനം
നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും നിരീക്ഷണത്തിനും പരാതിപരിഹാരത്തിനുമായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും ബില്ലിൽ വിഭാവനം ചെയ്യുന്നു. ഡിജിറ്റൽ-സാന്പത്തിക സുരക്ഷയ്ക്കും പ്രത്യേക പരിചരണം ആവശ്യമായ വയോജനങ്ങൾക്കുള്ള പിന്തുണയ്ക്കും ആവശ്യമായ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വയോജന സമൂഹത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം അതിലെ സാധ്യതകളും പ്രയോജനപ്പെടുത്താൻ കേരളം ഇപ്പോൾതന്നെ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Tags : Kerala ElderlyCare Protection ComprehensiveLegislation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash