പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് അധികമായി 150 മെഗാവാട്ട് വൈദ്യുതി ഇന്നലെ മുതൽ ലഭിച്ചു തുടങ്ങിയിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്നില്ല.
വായ്പയായി ഇതര സംസ്ഥാനങ്ങളിൽ നിന്നു കിട്ടുമെന്ന് പ്രതീക്ഷിച്ച വൈദ്യുതി ഇന്നലെ കിട്ടാഞ്ഞതും ദേശീയ തലത്തിൽ വൈദ്യുതി ആവശ്യകത കുതിച്ചുയർന്നതും കേരളത്തിനു തിരിച്ചടിയായി. ഇതോടെ ഇന്നലെയും സംസ്ഥാനത്ത് പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ തുടർ നടപടികളുണ്ടായിട്ടില്ല. ദേശീയ തലത്തിൽ ആവശ്യകത ഉയർന്നതോടെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടാത്തതും സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
പീക്ക് സമയത്തെ ആവശ്യകത 5,200 മെഗാവാട്ട് കടന്നതോടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം 1,000 മെഗാവാട്ടിനടുത്തെത്തിയ ദിവസങ്ങളിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ഏർപ്പെടുത്തി.
കൂടുതൽ വൈദ്യുതി എത്തിക്കാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം വരെ നിയന്ത്രണം തുടരാനാണ് സാധ്യത.
Tags : Powercrisis Restrictions Imposed Electricity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash