National
ചെന്നൈ: വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന വ്യാജേന ഹെൽമെറ്റ് ധരിച്ചെത്തി വീടുകളിൽ മോഷണം നടത്തിയ യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. തിരുവള്ളൂർ ജില്ലയിലെ പൊന്നാരിക്ക് സമീപമാണ് സംഭവം.
ബൈക്കിലെത്തിയ പ്രതി വൈദ്യുതി ബോർഡ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി പരിശോധനയ്ക്കെന്ന വ്യാജേനയാണ് ഇയാൾ വീടുകൾക്കുള്ളിൽ കയറിയിരുന്നത്. തുടർന്ന് മുറിക്കുള്ളിലെ എസികൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. വീട്ടുകാരുടെ ശ്രദ്ധമാറുന്ന നിമിഷത്തിൽ മൊബൈൽ ഫോണുകളും പണവും കവർന്ന് കടന്നുകളയുകയാണ് ഇയാളുടെ രീതി.
നാല് വീടുകളിൽ ഇയാൾ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയുമാണ്.
നന്പർ പ്ലേറ്റില്ലാത്ത വാഹനമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിയാതിരിക്കാൻ ഇയാൾ എപ്പോഴും ഹെൽമെറ്റ് ധരിച്ചിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
Kerala
തിരുവനന്തപുരം: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി. വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും കെഎസ്ഇബി പറയുന്നു.
വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂവെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും.
9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സ്ആപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെഎസ്ഇബി പാരിതോഷികം നൽകും. പിഴ തുക പൂർണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും.
വിവരങ്ങൾ കൈമാറുന്ന ആളിന്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ ഓഫീസുകളുടെ ഫോൺ നമ്പറുകളും കെഎസ്ഇബി ഫെസ്ബുക് പോസ്റ്റിൽ പരസ്യപ്പെടുത്തി.
District News
നെടുങ്കണ്ടം: വൈദ്യുതി വകുപ്പ് കുഴിച്ച കുഴി മൂടാത്തതിനെത്തുടര്‍ന്ന് ചേമ്പളം മേക്കല്ലാറില് മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞദിവസം പെയ്ത മഴയില്‍ മേക്കല്ലാര് കുന്നുതറയില്‍ പൗലോസ് ആന്റണിയുടെ കൃഷിയിടത്തിലേക്ക് മണ്ണും കല്ലും ഒലിച്ചിറങ്ങി കൃഷിനാശം നേരിട്ടു. ഇനിയും ശക്തമായ മഴ പെയ്താന്‍ കുമളി-മൂന്നാര്‍ സംസ്ഥാനപാതയുടെ വശം ഇടിഞ്ഞ് കൂടുതല്‍ പ്രദേശത്ത് കൃഷിനാശം ഉണ്ടാകും.
കല്ലാര്‍-വണ്ടന്മേട് സബ് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാണ് കെഎസ്ഇബി റോഡിന്റെ ഒരു വശത്തുകൂടി അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഇടുന്നതിനായി കുഴിയെടുത്തത്. ആഴ്ചകളായിട്ടും ഇത് മൂടിയിട്ടില്ല. ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തുന്ന മഴവെള്ളം ഈ കുഴിയില്‍ താഴ്ന്ന് റോഡിനും സമീപത്തെ കൃഷിസ്ഥലങ്ങള്‍ക്കും ഭീഷണിയാകുകയാണ്. മണ്ണിടിച്ചിലുണ്ടായാല്‍ റോഡിനും കനത്ത നാശം നേരിടും. അപകടഭീഷണി ഉയര്‍ത്തുന്ന ഈ കുഴി മൂടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ സജീവമായതിനു പിന്നാലെ വൈദ്യുതി ഉപയോഗത്തിലും കുറവ്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 101.30 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. വ്യാഴാഴ്ച ഇത് 107.22 ദശലക്ഷം യൂണിറ്റായിരുന്നു.
ഒരാഴ്ചയ്ക്കിടെ പ്രതിദിന ഉപയോഗത്തിൽ കുറവ് വന്നത് 17 ദശലക്ഷം യൂണിറ്റാണ്. തിങ്കളാഴ്ചത്തെ 118 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗത്തിലെ സർവകാല റിക്കാർഡ്.
വൈദ്യുതി ഉപയോഗത്തിനൊപ്പം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കാര്യമായ കുറവുണ്ടായി. വെള്ളിയാഴ്ചത്തെ ആവശ്യകത 5684 മെഗാവാട്ടായി കുറഞ്ഞു.
District News
കട്ടപ്പന: അഞ്ചുരുളി ഉന്നതിയിലെ ആളുകളുടെ വൈദ്യുതി കണക്ഷന് വിച്ഛേദിക്കാന്‍ നിര്‍ദേശിച്ച വനംവകുപ്പിന്റെ ദ്രോഹനടപടിക്കെതിരേ കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി, കാഞ്ചിയാര്‍ പള്ളിക്കവലയിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനംചെയ്തു.
ദ്രോഹനടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പള്ളിക്കവലയില്നിന്നാരംഭിച്ച പ്രകടനം ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. നേതാക്കളായ തോമസ് രാജന്, ജോര്‍ജ് ജോസഫ് പടവന്, തോമസ് മൈക്കിള്‍, ടോണി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നിലന്പൂർ: മാതൃകാ കൃഷിയിടങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി പട്ടികയിൽ ഏറെയും അനർഹരെന്ന് ആക്ഷേപം.
പദ്ധതിക്കായി കൃഷിവകുപ്പ് വർഷം തോറും 3000 കോടി രൂപയിലെറെ ചെലവിടുന്പോൾ ആനുകൂല്യം കൈപ്പറ്റുന്നവരിൽ കൃഷിയില്ലാത്തവരും പരിഗണന അർഹിക്കാത്ത വ്യക്തികളുമാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
മിക്ക കൃഷിഭവനുകളിലും 100 മുതൽ 200 വരെ ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികളുടെ പകുതിയിലെറെ കൃഷിയിടങ്ങളിലും ഇപ്പോൾ സജീവമായി കൃഷിയില്ല. എന്നാൽ സജീവമായി കൃഷി ചെയ്യുന്ന പാട്ടകർഷകർക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല.
1987ൽ നായനാർ സർക്കാർ നെൽകൃഷിക്കായി ആരംഭിച്ച പദ്ധതി പിന്നീട് മറ്റ് വിളകൾക്ക് കൂടിയായി വ്യാപിപ്പിക്കുകയായിരുന്നു.മരണപ്പെട്ട കർഷകരുടെ ആശ്രിതർ കൃഷിയിൽനിന്ന് അകന്നതും കൃഷിയിടങ്ങൾ വീതം വയ്ക്കപ്പെട്ടതും പതിവായി കൃഷിവകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിക്കാത്തതുമാണ് അനർഹർ ആനൂകൂല്യം പറ്റാൻ ഇടയാക്കുന്നത്.
വാർഷിക പുതുക്കൽ പോലും പലയിടത്തും സമയബന്ധിതമായി നടക്കുന്നില്ല.
വന്യജീവിശല്യം മൂലം സൗജന്യ കാർഷിക വൈദ്യുതി പദ്ധയിൽ ഉൾപ്പെട്ട മിക്ക കൃഷിയിടങ്ങളിലും കാര്യമായ കൃഷിയില്ല വസ്തുതയെന്ന് കർഷകർതന്നെ സമ്മതിക്കുന്ന സ്ഥിതിയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് അധിക നാള് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിച്ചത്.
നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മേയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേതീരു എന്നാണ് വിശദീകരണം.
ഊര്‍ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷൻ വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന വാദിക്കുകയാണ് മന്ത്രി.
കൂടിയവിലക്ക് 250 മെഗാവാട്ട് വാങ്ങാൻ അനുമതി വേണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചെങ്കിലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ നാളെ തീരുമാനം ആകുമെന്നാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും രാത്രി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി നിലയ്ക്കുന്ന സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. ഈ വിഷത്തിൽ അധികൃതരുടെ അറിയിപ്പ് ഇങ്ങനെ:
പ്രിയ ഉപഭോക്താക്കളെ,
രാത്രികാലകളിൽ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷൻ ഓഫീസുകളിൽ പൊതു ജനങ്ങളും ജീവനക്കാരും തമ്മിൽ വലിയ സംഘർഷങ്ങൾ ഉണ്ടാകുന്നതിന്റെ വെളിച്ചത്തിൽ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണമാണിത്.
നിങ്ങളുടെ പ്രയാസം ഞങ്ങൾ മനസിലാക്കുന്നു. ജനങ്ങൾ നേരിട്ട് സംവദിക്കുന്നത് സെക്ഷൻ ഓഫീസുമായാണ്. എന്നാൽ കെഎസ്ഇബിയിൽ ജനറേഷൻ, ട്രാൻസ്മിഷൻ ,ഡിസ്ട്രിബൂഷൻ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വർഷം ബോർഡ് പ്രതീക്ഷിച്ചതിലും 25 ശതമാനം ലോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകൾക്ക് താങ്ങാൻ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്.
നമ്മുടെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഇത് ട്രാൻസ്മിഷൻ വിംഗിന് കീഴിൽ ആണ്. സബ് സ്റ്റേഷനുകളിലേക്കു വരുന്ന ലൈനിൽ ഓവർ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ്സ്റ്റേഷനിലേയും ഓരോ 11 കെവി ഫീഡറിലും വരുത്തുന്നത്.
അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 കെവി, 66 കെവി, 220 കെവി ലൈനുകൾ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും. ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവൻ ഇരുട്ടിലേക്ക് പോകാനും കാരണമാകാം. ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ വിവരം സെക്ഷൻ ഓഫീസിലുളളവർക്കും ആ സമയത്ത് മാത്രമേ ലഭിക്കുകയുള്ളു. അത് കൊണ്ടാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ സാധിക്കാത്തത്. ഈ നിയന്ത്രണം ലോഡ് കുറയുന്നതു വരെ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടാണ് രാത്രി പല സമയത്ത് ഇങ്ങനെ ഉണ്ടാകുന്നത്.
ഇനി 15 മിനിറ്റ് മാറ്റി 30 മിനിറ്റോ 45 മിനിറ്റോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയം കൂടി വ്യക്തമാക്കാം. നമ്മുടെ മിക്ക വീടുകളിലും ഫ്രിഡ്ജ്, എസി, ഇൻവർട്ടർ എന്നിവ ഉണ്ടാകും അര മണിക്കൂർ കറണ്ട് പോയി വരുമ്പോഴേക്കും ഇവയെല്ലാം ഒന്നിച്ച് ഓണാകുകയും നമ്മുടെ ട്രാൻസ്ഫോർമർ ഓവർ ലോഡ് ആകുകയും ഫ്യൂസുകൾ കത്തിപ്പോകുകയും ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് 15 മിനിറ്റ് സമയം ആക്കി ലോഡ് നിയന്ത്രണം വച്ചിരിക്കുന്നത്.
സോളാർ വന്നതോടുകൂടി നിയന്ത്രണമില്ലാതെ ചിലരെങ്കിലും രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നു. നമ്മൾ എല്ലാവരും സ്വയം ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വന്നാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരം ആകും. രാത്രികാലങ്ങളിൽ (വൈകുന്നേരം ആറ് മുതൽ രാത്രി12 വരെ) അനാവശ്യ ലൈറ്റുകൾ ഓഫാക്കുക, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാതിരിക്കുക, മോട്ടോർ പ്രവർത്തിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്ത് സഹകരിച്ചാൽ വലിയ മാറ്റം ഉണ്ടാകും
Kerala
തിരുവനന്തപുരം: വൈകുന്നേരം ആറിനും രാത്രി 11 നുമിടയിലുള്ള പീക്ക് സമയത്ത് വീടുകളിലെ വൈദ്യുത ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി.
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുന്നു. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവകാല റിക്കാർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.
വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റിക്കാർഡിലേക്ക് ഉയർന്നു. ഏപ്രിൽ 23ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി.
കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്.
ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാർജിങ്ങും വൈകുന്നേരം ആറിനു ശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളിൽ ക്രമീകരിക്കണമെന്നും എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങൾ ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള്‍ നിസഹായരായി നോക്കി നില്‍ക്കുന്നത്.
ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത കേരളമെന്ന് സതീശൻ ചോദിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മീഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് സതീശൻ പറഞ്ഞു.
Kerala
കൊല്ലം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്.
ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ വൈദ്യുതി ഉപയോഗം 112. 07 ദശലക്ഷം യൂണിറ്റ്. ചൊവ്വാഴ്ച്ചത്തേക്കാൾ ഒരുദശലക്ഷം യൂണിറ്റ് ഉപയോഗത്തിന്റെ വർധനയാണ് ബുധനാഴ്ച്ച ഉണ്ടായത്.
ഇന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവിന് സാധ്യതയുണ്ട്.
കഴിഞ്ഞ ആഴ്ച്ച സംസ്ഥാനത്ത് റിക്കാർഡ് വൈദ്യുതി ഉപയോഗമായിരുന്നു.
Kerala
തിരുവനന്തപുരം: വേനൽച്ചൂട് കുതിച്ചുയരുന്നതിനിടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും സർവകാല റിക്കാർഡിൽ. ചരിത്രത്തിലാദ്യമായി പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കഴിഞ്ഞ ദിവസം 5933 മെഗാവാട്ട് ആയി ഉയർന്നു. ഒപ്പം പ്രതിദിന ഉപയോഗം 112.16 ദശലക്ഷം യൂണിറ്റായും വർധിച്ചു.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഏപ്രിലിലെ പ്രതിദിന ഉപയോഗത്തേക്കാൾ എട്ടു ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വർഷത്തെ പ്രതിദിന ഉപയോഗം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയിലെ ഇന്ധന സർചാർജിലും ഇത് പ്രതിഫലിച്ചേക്കും. ഈ മാസം ഇതുവരെ മൂന്നു ദിവസം മാത്രമാണ് പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് കടക്കാതിരുന്നത്.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ടായി ഉയർന്നത് കെഎസ്ഇബിയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ആവശ്യകത 6000 മെഗാവാ ട്ടിനു മുകളിലെത്തിയാൽ വൈദ്യുതി വിതരണ സംവിധാനം തകരാറിലാകുമെന്നാണ് ആശങ്ക.വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനാൽ എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും വർധിച്ചതാണ് ഉപയോഗം കുതിച്ചുയരാൻ കാരണമാകുന്നത്. പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ എല്ലാവരും തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപയോഗം റിക്കാർഡിൽ. ബുധനാഴ്ച വൈദ്യുതി ഉപയോഗം 5,802 മെഗാവാട്ടിലെത്തി.
റിക്കാർഡ് വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തെന്ന് വൈദ്യുത ബോർഡ് അറിയിച്ചു. 2024 മേയ് രണ്ടിലെ 5,797 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് ഭേദിച്ചത്.
വൈദ്യുതി ബോർഡിന്റെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.
Kerala
തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. ഇന്നലെ 96.324 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഫെബ്രുവരി ഒന്നിന് 79.512 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ 16. 812 ദശലക്ഷം യൂണിറ്റ് അധിക ഉപഭോഗമാണുണ്ടായത്. ചൂട് കൂടുന്നതനുസരിച്ച് എയര്‍കണ്ടീഷണര്‍, ഫാനുകള്‍, ഫ്രീസറുകള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിക്കുന്നതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം.
ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നു വൈദ്യുതി ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചു. കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് വൈദ്യുതി ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ 20.622 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇതില്‍ 7.893 ദശലക്ഷം യൂണിറ്റും ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതിനിലയത്തില്‍ നിന്നുമാണ്. 75.701 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.
ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2364 അടി വെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 59 ശതമാനമാണിത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 59 ശതമാനം വെള്ളമുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ മൂന്നുമാസത്തിലേറെ അവശേഷിക്കെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനത്തെ ഗണ്യമായി ബാധിക്കാനിടയുണ്ട്.
ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോ ഗത്തിലുണ്ടാകുന്ന വര്‍ധന വൈദ്യുതി ബോര്‍ഡിനു വെല്ലുവിളിയാകും. കഴിഞ്ഞ വേനലില്‍ വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റിക്കാര്‍ഡ് ഭേദിച്ചിരുന്നു. അതിനാല്‍ ഏറെ കരുതലോടെയാണ് ബോര്‍ഡിന്റെ നീക്കം. ഇത്തവണ ഒരുമാസത്തോളം ജനറേറ്ററുകളുടെ അറ്റകുറ്റപണിക്കായി മൂലമറ്റം വൈദ്യുതി നിലയം പൂര്‍ണമായും അടച്ചിരുന്നു. ഈ സമയം ഇവിടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യമായിരുന്നു.
പുറത്തുനിന്നും വൈദ്യുതി എത്തിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം അന്നു നിറവേറ്റിയത്. വേനല്‍മഴ ലഭിക്കാതിരിക്കുകയും ചൂട് ഇനിയും വര്‍ധിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിക്കാനാകും വൈദ്യുതി ബോര്‍ഡിന്റെ നീക്കം.
Kerala
കൊച്ചി: വൈദ്യുതി കുടിശിക അടക്കാത്തതിനാല്‍ ആലുവ സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 70,000 രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഇന്ന് രാവിലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ജിഎസ്ടി ഓഫീസിലെ ഫ്യൂസ് ഊരിയത്.
ഫെബ്രുവരി മുതലുള്ള ബില്‍ ആണ് അടയ്ക്കാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ജിഎസ്ടി ഓഫീസിലേക്ക് കത്ത് നല്‍കിയിലെങ്കിലും അതില്‍ പ്രതികരണമില്ലാതെ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ എത്തി ഫ്യൂസ് ഊരിയത്. മൂന്നു നില കെട്ടിടമാണ് ഇപ്പോള്‍ ഇരുട്ടിലായിരിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതിവിതരണ രംഗത്തു വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ വരുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ.
വൈദ്യുതി വിതരണ കന്പനികളുടെ (ഡിസ്കോം) നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയമുൾപ്പെട്ടിട്ടുള്ള ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതും സാന്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതും പല മേഖലകളിലെയും ക്രോസ് സബ്സിഡികൾ ഒഴിവാക്കുന്നതുമായ ബില്ല് സാധാരണക്കാരുടെ വൈദ്യുതിച്ചെലവുകൾ കുറയ്ക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
വൈദ്യുതിവിതരണ രംഗത്ത് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കുത്തകാവകാശം വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതിലൂടെ ഇല്ലാതാകുമെന്നതാണ് ബില്ലിലൂടെ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. ഒരേ വിതരണശൃംഖല ഉപയോഗിച്ചു വിവിധ കന്പനികൾക്ക് ഒരേയിടത്തു പ്രവർത്തിക്കാൻ ബില്ല് അവസരം തുറന്നിടുന്നുണ്ട്. മൊബൈൽ സിം കാർഡുകൾ മാറുന്നതുപോലെ ഉപയോക്താക്കൾക്കു മെച്ചപ്പെട്ട ഗുണനിലവാരവും വിലയും വിലയിരുത്തി തങ്ങളുടെ വിതരണക്കന്പനികളെ തെരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന മാറ്റം.
കേരളം പോലെ കെഎസ്ഇബി എന്ന ഏക വൈദ്യുതി വിതരണക്കന്പനി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നതാണ് പുതിയ മാറ്റം. എന്നാൽ മത്സരാധിഷ്ഠിത വിപണി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പിൻവാതിൽ സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ നീക്കമെന്നും ഇതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമെന്നും വിമർശിക്കുന്നവരുണ്ട്.
വികസിതരാജ്യങ്ങളേക്കാൾ വ്യവസായ വൈദ്യുതി തീരുവ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രോസ് സബ്സിഡികൾ ക്രമേണ ഇല്ലാതാക്കാൻ കേന്ദ്രം ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്പാദന വ്യവസായങ്ങളെയും റെയിൽവേയെയും മെട്രോ റെയിലിനെയും അഞ്ചു വർഷത്തിനകം ക്രോസ് സബ്സിഡികൾ നൽകുന്നതിൽനിന്ന് കേന്ദ്രം ഒഴിവാക്കും.
സാധാരണക്കാർക്കും കർഷകർക്കുമുൾപ്പെടെ സബ്സിഡികൾ കുറഞ്ഞ ചെലവിൽ നൽകാനുദ്ദേശിച്ച് സാമൂഹികസമത്വം ഉറപ്പാക്കുന്നതിനായാണ് വ്യവസായങ്ങൾക്കു ക്രോസ് സബ്സിഡികൾ ചുമത്തുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ക്രോസ് സബ്സിഡികൾ ഒഴിവാക്കി കർഷകർക്കും സാധാരണക്കാരുമുൾപ്പെടെയുള്ളവർക്ക് സംസ്ഥാനങ്ങൾ അനുവദിക്കുന്ന സബ്സിഡി തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സബ്സിഡികളുടെ ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മേൽ ചുമത്തുന്നതാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് പക്ഷേ വിമർശനമുണ്ട്.
വൈദ്യുതി വിതരണ കന്പനിക്കാരുടെ നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയവും ബില്ലിൽ ഉൾപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി തീരുവകൾ പ്രഖ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതി നിയന്ത്രണ കമ്മീഷനുകൾക്ക് സാന്പത്തികവർഷം തുടങ്ങുന്നതിനുമുന്പ് സ്വമേധയാ തീരുവ നിർണയിക്കാൻ നിയമം അധികാരം നൽകുന്നുണ്ട്.
പുതിയ തീരുവ അടുത്ത സാന്പത്തികവർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നതിനാൽ വിതരണരംഗത്ത് ഓരോ വർഷങ്ങളിലുമുണ്ടാകുന്ന വലിയ നഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
Business
കോട്ടയം: കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) ഉപദേശക സമിതിയംഗമായി മലയാളിയായ നന്ദകുമാർ നായരെ നിയമിച്ചു. കേരള എച്ച്ടി ആൻഡ് ഇഎച്ച്ടി ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
വൈദ്യുതി നിയമം - 2003 പ്രകാരം രൂപീകരിക്കപ്പെട്ട ഈ സമിതിയാണ് വൈദ്യുതി നിരക്കുകൾ, വൈദ്യുതിയെ സംബന്ധിച്ച മാർക്കറ്റ് പരിഷ്കാരങ്ങൾ, ഗ്രിഡ് പ്രവർത്തനം, ഊർജ സംയോജനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിനു റഗുലേറ്ററി കമ്മീഷനെ സഹായിക്കുന്നത്. വ്യവസായ ഉപയോക്താക്കളുടെ താത്പര്യങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കാൻ ഇതുവഴി എച്ച്ടി ആൻഡ് ഇഎച്ച്ടി അസോസിയേഷനും അവസരം ലഭിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
Kerala
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ആണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്.
ചൊവ്വാഴ്ച മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനം നിർത്തുന്നതോടെ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് പ്രവർത്തനം നിർത്തിവച്ചിരിക്കുന്നത്.
നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചെങ്കിലും വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല വിതരണം ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.