ചേമ്പളം മേക്കല്ലാറില് വെള്ളം കുത്തിയൊലിച്ച് അപകടാവസ്ഥയിലായ കുഴി.
നെടുങ്കണ്ടം: വൈദ്യുതി വകുപ്പ് കുഴിച്ച കുഴി മൂടാത്തതിനെത്തുടര്‍ന്ന് ചേമ്പളം മേക്കല്ലാറില് മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞദിവസം പെയ്ത മഴയില്‍ മേക്കല്ലാര് കുന്നുതറയില്‍ പൗലോസ് ആന്റണിയുടെ കൃഷിയിടത്തിലേക്ക് മണ്ണും കല്ലും ഒലിച്ചിറങ്ങി കൃഷിനാശം നേരിട്ടു. ഇനിയും ശക്തമായ മഴ പെയ്താന്‍ കുമളി-മൂന്നാര്‍ സംസ്ഥാനപാതയുടെ വശം ഇടിഞ്ഞ് കൂടുതല്‍ പ്രദേശത്ത് കൃഷിനാശം ഉണ്ടാകും.
കല്ലാര്‍-വണ്ടന്മേട് സബ് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായാണ് കെഎസ്ഇബി റോഡിന്റെ ഒരു വശത്തുകൂടി അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ഇടുന്നതിനായി കുഴിയെടുത്തത്. ആഴ്ചകളായിട്ടും ഇത് മൂടിയിട്ടില്ല. ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തുന്ന മഴവെള്ളം ഈ കുഴിയില്‍ താഴ്ന്ന് റോഡിനും സമീപത്തെ കൃഷിസ്ഥലങ്ങള്‍ക്കും ഭീഷണിയാകുകയാണ്. മണ്ണിടിച്ചിലുണ്ടായാല്‍ റോഡിനും കനത്ത നാശം നേരിടും. അപകടഭീഷണി ഉയര്‍ത്തുന്ന ഈ കുഴി മൂടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Electricity nattuvishesham local news