പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തിക്കും നാലുകോടി ജംഗ്ഷനുമിടയിലുള്ള നാലുകോടി ലെവല്‍ക്രോസില്‍ മേല്‍പ്പാലം ന
ചങ്ങനാശേരി: നാലുകോടി റെയില്‍വേ മേല്‍പ്പാലം 2028 ഒക്ടോബറോടെ പൂര്‍ത്തിയാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് ബ്രിഡ്ജസ് എന്‍ജിനിയര്‍ രാം കിഷോര്‍, വിനു ജോബ് എംഎല്‍എ എന്നിവര്‍ക്കൊപ്പം പദ്ധതിസ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ ലെവല്‍ ക്രോസിംഗ് നമ്പര്‍ ഏഴിന് പകരമായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ പെരുന്തുരുത്തിക്കും നാലുകോടിക്കും ഇടയിലാണ് ഈ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം നിരവധി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ റെയില്‍വേ ഗേറ്റ് ദീര്‍ഘനേരം അടഞ്ഞുകിടക്കുന്നത് ഗതാഗതക്കുരുക്കിനും അടിയന്തര സേവന വാഹനങ്ങളുടെ സഞ്ചാരത്തിനും വലിയ തടസമാണ്. ഈ ലെവല്‍ക്രോസില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
39.09 കോടി രൂപയുടെ പദ്ധതി
39.09 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് കേരളയാണ് നിര്‍വഹണ ഏജന്‍സി. ഇന്ത്യന്‍ റെയില്‍വേയും കേരള സര്‍ക്കാരും 50:50 അനുപാതത്തിലാണ് പദ്ധതിയുടെ ചെലവ് വഹിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ കിഫ്ബി നേരത്തേ അംഗീകരിച്ചിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ക്കും റെയില്‍വേയുടെ നിലവിലെ ബ്രിഡ്ജ് കോഡുകള്‍ക്കും അനുസൃതമായി ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് പുനഃപരിശോധിച്ച് ഈ വര്‍ഷം ജൂണില്‍ ദക്ഷിണ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു.
റെയില്‍വേയുടെ ബ്രിഡ്ജസ് ഓര്ഗനൈസേഷന് വിശദമായ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുക്കിയ ജിഎഡി അംഗീകാരം നല്‍കിയതോടെ പദ്ധതി ടെന്‍ഡര്‍ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന സാങ്കേതിക അനുമതികള്‍ ലഭ്യമായിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് നാലുകോടി രൂപ
പുതുതായി മേല്‍പ്പലം നിര്‍മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. നാലുകോടി രൂപ നഷ്ടരിഹാരമായി നൽകി. തുടര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കല്‍, വൈദ്യുതി, കുടിവെള്ളം, ടെലികോം തുടങ്ങിയ യൂട്ടിലിറ്റി ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍, മണ്ണിന്റെ ഭൗമസാങ്കേതിക പരിശോധനകള്‍, പൈല് ലോഡ് ടെസ്റ്റ്, ഫൗണ്ടേഷന് ഡിസൈന്‍ സ്ഥിരീകരണം എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പൈല് ഫൗണ്ടേഷന്, പിയര്‍, പിയര്‍ ക്യാപ്, പ്രീ-സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളുടെ സ്ഥാപനം, ഡെക്ക് സ്ലാബ് നിര്‍മാണം, അപ്രോച്ച് റോഡുകള്‍, റിട്ടെയ്നിംഗ് വാളുകള്‍, ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയറുകള്‍, സ്ട്രീറ്റ് ലൈറ്റിംഗ്, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കും.
റെയില്‍വേ ട്രാക്കിന് മുകളിലെ ഗര്‍ഡര്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ട്രാഫിക് ബ്ലോക്ക് അനുവദിക്കുന്ന സമയക്രമം അനുസരിച്ചായിരിക്കും. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കി 2028 ഒക്ടോബറോടെ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, ആര്ബിഡസികെ, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും തുടര്‍ച്ചയായ ഏകോപനം നടത്തി നിര്‍മാണം വേഗത്തിലാക്കും. ആര്‍ബിഡിസികെ, ദക്ഷിണ റെയില്‍വേ, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവവരും പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam