കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി ആയിരുന്നു ജയരാജന്റെ വിമർശനം.
എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച അദ്ദേഹം മുമ്പ് നായാടി മുതൽ നമ്പൂതിരി വരെ എന്ന് പറഞ്ഞിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നാണ് പറയുന്നതെന്നും ആരോപിച്ചു.
മുസ്ലിങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും ജയരാജൻ പറഞ്ഞു. അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും ജയരാജൻ പരിഹാസമുയർത്തി.