Kerala
കണ്ണൂർ: ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ പട്ടികയും മന്ത്രിയുടെ കുറിപ്പുമടക്കം ചോർത്തി സ്റ്റേ സന്പാദിക്കുന്നതുമായി ബന്ധപ്പെട്ട ഉപജാപക സംഘം സെക്രട്ടേറിയറ്റിൽ സജീവമെന്നു സൂചന.
ട്രഷറി വകുപ്പിൽ ഒഴിവുള്ള സ്ഥലങ്ങളിലേക്കു ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പട്ടിക ചോർത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വഴി (കെഎടി) സ്റ്റേ സന്പാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രി നൽകിയ കുറിപ്പും ചോർന്നിരുന്നു.
ട്രഷറിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം നടത്താനായി തയാറാക്കിയ പട്ടികയാണു ചോർത്തിയത്. ജില്ലാ ട്രഷറി ഓഫീസർ, ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക.
ട്രഷറി ഡയറക്ടറുടെ ഇ-ഓഫീസ് സംവിധാനത്തിൽനിന്നാണു ഫയൽ ചോർന്നത്. ഇ-ഓഫീസ് ഫയലിന്റെ സ്ക്രീൻ ഷോട്ട് ഒരു ഔദ്യോഗിക സർവീസ് സംഘടന തങ്ങളുടെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ സ്ക്രീൻ ഷോട്ട് രേഖയായി കാണിച്ച് പട്ടികയിലെ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവിനെ സമീപിച്ചാണ് സ്റ്റേ സന്പാദിച്ചത്.
ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉത്തവാദിത്വം ആർക്കാണെന്ന കാര്യത്തിൽ വകുപ്പോ സർക്കാരോ അന്വേഷണമോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ട്രഷറി ഡയറക്ടറുടെ അറിവോടെയാണ് പട്ടിക ചോർന്നതെന്നാണ് ഭരണകക്ഷി സർവീസ് സംഘടനകൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിടുന്നത്. ട്രഷറി പോലുള്ള അതീവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന വകുപ്പുകളിൽ ഫയലുകൾ ചോർത്തിയെടുക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറി ഇ-ഓഫീസ് വഴി നൽകുന്ന ട്രഷറി ധനവിനിയോഗ നിയന്ത്രണം അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നു കർശന നിർദേശം നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മാധ്യമങ്ങൾ അടക്കമുള്ള പുറത്തുള്ളവർക്ക് ഈ വിവരം കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
പഴയ സർക്കാരിന്റെ ഈ സർക്കുലർ ഇപ്പോഴും നിലവിലുണ്ടെന്നരിക്കേയാണ് ഫയലുകൾ ചോരുന്നത്. ട്രഷറി വകുപ്പിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രമിച്ചുവന്നിരുന്നു.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില് കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള് കഴിഞ്ഞ 20ന് സെക്രട്ടേറിയറ്റിലെ മരത്തിന് മുകളില് കയറി ജീവനൊടുക്കാന് ശ്രമിച്ചിരുന്നു.
ഇന്ന് എലിവിഷം കഴിച്ചതിനുശേഷമാണ് വിദേശമദ്യ ഷോപ്പിന് മുകളില് കയറിയത്. ഫയര്ഫോഴ്സ് സംഘം സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കി. ഇയാളെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഹോട്ടല് ജീവനക്കാരനായ ഇയാളെ ജോലിയില് നിന്നും പറഞ്ഞു വിട്ടിരുന്നു. ക്രിമിനല് പശ്ചാത്തലമുള്ളയാളാണെന്ന് മനസിലാക്കിയതിനാലാണ് പറഞ്ഞുവിട്ടതെന്നാണ് വിവരം. എന്നാല് ജോലി ചെയ്തിട്ടും രണ്ടുമാസമായി ശമ്പളം നല്കുന്നില്ലെന്നായിരുന്നു അന്ന് ആത്മഹത്യക്ക് ശ്രമിച്ച ശേഷം യുവാവ് പറഞ്ഞത്.
Kerala
കോഴിക്കോട്: ഇഡിയുടെ പരിശോധനയ്ക്ക് അത്ര വലിയ പ്രാധാന്യം നല്കുന്നില്ലെന്നും ഇഡി അത്ര വലിയ സ്ഥാപനമാണെന്ന അഭിപ്രായം തങ്ങള്ക്കില്ലെന്നും മന്ത്രി കെ. മുരളീധരന്.
ഇഡി ഇനി സെക്രട്ടേറിയറ്റിലും കയറിയേക്കും. സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതുമുതല് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കെ. മുരളീധരന് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം തുക വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യമന്ത്രിസഭയിൽതന്നെ 3000 രൂപ ഉയർത്തിയ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ ആശാകേരളം വിജയസംഗമം നടത്തി. വാദ്ഗാനം പാലിച്ച് 3000 രൂപ ഉയർത്തിയതോടെ സമരം ചെയ്ത ആശമാർ നേടിയത് മൊത്തം 5000 രൂപയുടെ വർധനയാണ്.
സമര പ്രവർത്തകർക്കും പിന്തുണച്ച മുഴുവൻ ജനങ്ങൾക്കും വിജയാഹ്ലാദത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്തു. സമരത്തിന് വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചവരെ ആശമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം നഷ്ടമായ ചലച്ചിത്രതാരം പ്രേംകുമാർ ഉദ്ഘാടനം നിര്വഹിച്ചു.
കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, പ്രഫ.എം.പി. മത്തായി, ജോസഫ് സി. മാത്യു, ഡോ. ആസാദ്, ഒ.വി. ഉഷ, റെജിമോൻ കുട്ടപ്പൻ, ജയ്സണ് ജോസഫ്, കുസുമം, പി.ഇ. ഉഷ, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, മജീദ് ഖാൻ, ജെയ്ൻ ആൻസിൽ ഫ്രാൻസിസ്, മൈക്കിൾ, ഡോ. ആരിഫ, ബി.കെ. രാജഗോപാൽ, ഗോവിന്ദ് ശശി, പി.എച്ച്. അഷറഫ്, ഡോ. നൗഷാദ്, പി.സി. ജോർജ്, രമ്യ റോഷ്നി, അനിത, തോംസണ് ലോറൻസ്, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ ആശാ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനവും പായസം വിതരണവും. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് 266 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന പ്രക്ഷോഭത്തിനൊടുവിലാണ് ആശാ പ്രവർത്തകർക്ക് അനുകൂലമായ തീരുമാനം ഉണ്ടായത്.
ദീർഘനാളത്തെ സമരത്തിനൊടുവിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ തയാറായതോടെയാണ് ആശാ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്ത് പ്രവർത്തകർ വിജയം ആഘോഷിച്ചത്. പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാർ തങ്ങളുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ആശാ പ്രവർത്തകരുടെ ഓണറേറിയത്തിൽ 3,000 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: നീണ്ട പത്തുവർഷത്തെ ഇടവേളക്കുശേഷം സെക്രട്ടേറിയറ്റ് സമരഗേറ്റ് തുറന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡുകളെല്ലാം നീക്കി.
നോർത്ത് ഗേറ്റ് വഴി പൊതുജനങ്ങൾ സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്.
നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് സമരഗേറ്റ് എന്ന് വിളിക്കുന്നത്.
സർക്കാരിനെതിരെയുള്ള സമരങ്ങളും മാർച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലാണ്. അതിനാലാണ് ഈ പേരു വന്നത്. അതേസമയം പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ പുതിയ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലും അനക്സ് മന്ദിരങ്ങളിലുമായാണ് മന്ത്രിമാരുടെ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. മൂന്നാം നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രണ്ടാം നിലയിൽ മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല. ഒന്നാം നിലയിൽ മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ മന്ത്രി സണ്ണി ജോസഫും രണ്ടാം നിലയിൽ മന്ത്രി അനൂപ് ജേക്കബും തങ്ങളുടെ ഓഫീസുകൾ തുറക്കും. മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ മന്ത്രിമാരായ സി.പി. ജോൺ, എ.പി. അനിൽകുമാർ. സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിൽ മന്ത്രി ടി. സിദ്ദിഖും മൂന്നാം നിലയിൽ മന്ത്രി കെ.എ. തുളസിയും ചുമതലയേൽക്കും. മന്ത്രിമാർക്കായി അനക്സ് മന്ദിരങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
District News
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.
മരം മെല്ലെ ഒടിഞ്ഞു വീഴുന്ന ശബ്ദംകേട്ട് ജീവനക്കാരും സന്ദര്ശകരും ഓടിമാറിയതിനാല് വലിയ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള് അകത്തേക്കും പുറത്തേക്കും കടന്നു പോകുന്ന ഗേറ്റിലേക്കും വഴിയിലേക്കുമാണ് മരം ഒടിഞ്ഞു വീണത്.
ഇന്നും നാളെയും അവധി ദിവസങ്ങളായതിനാല് ജീവനക്കാരില് പലരും ഇന്നലെ അവധിയെടുത്തതിനാല് സെക്രട്ടേറിയറ്റിലെ ഹാജര് നില കുറവായിരുന്നു. മരം മറിഞ്ഞുവീണ ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടന് തന്നെ ഫയര്ഫോഴ്സെത്തി മരം മുറിച്ചു മാറ്റി. അപകടാവസ്ഥയില് സെക്രട്ടറിയേറ്റ് പരിസരത്ത് നിരവധി മരങ്ങള് നില്ക്കുന്നത് ശ്രദ്ധയില്പ്പെടുത്തിയിട്ടും അധികൃതര് നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി സെക്രട്ടറിയേറ്റ് അസോസിയേഷന് രംഗത്തെത്തി.
Kerala
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരം റോഡിലേക്ക് ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ മരമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒടിഞ്ഞുവീണത്.
മരത്തിന് താഴെ ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. മരം വീഴുന്ന ശബ്ദം കേട്ടപ്പോൾ പരിസരത്തുള്ളവർ ഓടിമാറുകയായിരുന്നു. അഗ്നിശമന സേനയെത്തി മരം മുറിച്ചുമാറ്റി.
അപകടാവസ്ഥയിൽ സെക്രട്ടറിയേറ്റ് പരിസരത്ത് മരങ്ങള് നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിനു പിന്നാലെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.
വിവാദ ഫയലുകൾ നീക്കാനായാണ് സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് പരിഷ്കരിക്കാൻ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ നടപടി സ്വീകരിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഐഎഎസ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിലാണ് നടപടി. ഇ ഓഫീസ് സോഫ്റ്റ്വേർ പരിഷ്കരണം സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനോടു വിശദീകരണം തേടിയതിനു തൊട്ടുപിന്നാലെയായിരുന്നു തത്കാലം നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചത്.
ഇ ഓഫീസ് പരിഷ്കരണം ഇന്നലെ രാത്രി 10 മുതൽ 15നു രാവിലെ 10 മണിവരെ നടത്താൻ നിർദേശിച്ചാണ് സർക്കുലർ ഇറങ്ങിയത്. ഇന്നലെ രാവിലെയാണ് ഇ ഓഫീസ് സോഫ്റ്റ്വേർ വെർഷൻ പരിഷ്കരിക്കുന്നതിനായി ഓഫീസ് അടച്ചിടുന്ന കാര്യം വകുപ്പു മേധാവികളെ അറിയിച്ചത്. എന്നാൽ, ഇതിൽ മാർച്ച് 31ലെ തീയതിയാണ് രേഖപ്പെടുത്തിയിരുന്നത്.
സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് വെർഷൻ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇ ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് വകുപ്പു മേധാവികൾക്കുള്ള സർക്കുലറിൽ പറയുന്നത്.
ഐടി വകുപ്പിന്റെ നിർദേശാനുസരണം കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനെയാണ് ഇ ഓഫീസ് വെർഷൻ പരിഷ്കരിക്കാനായി ചുമതലപ്പെടുത്തിയത്. രണ്ടാം ശനി, ഞായർ, വിഷു, അംബേദ്കർ ജയന്തി തുടങ്ങിയ അവധികൾ തുടർച്ചയായി വരുന്ന സാഹചര്യത്തിലാണ് ഇ ഓഫീസ് പരിഷ്കരിക്കാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ, നിയമസഭാ വോട്ടെടുപ്പിൽ പോളിംഗ് കുത്തനെ ഉയർന്നതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് സംവിധാനം അറ്റകുറ്റപ്പണി നടത്തുന്നത് വിവാദ ഫയലുകൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സെക്രട്ടേറിയറ്റിലെ ഇ ഓഫീസ് നിർത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹമാണെന്നും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇ ഓഫീസ് അറ്റകുറ്റപ്പണി നടത്തുന്നതു തടയണമെന്നും ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.
ഇ ഓഫീസ് പരിഷ്കരണത്തിന്റെ ഭാഗമായി ഇ ഓഫീസ് പ്രവർത്തനം 15 വരെ നിലയ്ക്കുമെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ജനങ്ങൾക്കും ഇത് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഫയലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടത്.
Kerala
തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഇവർ മൊഴി നൽകി. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
യുവാക്കൾക്കെതിരെ കേസെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കന്റോൺമെന്റ് പോലീസ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു പാൽവില കൂട്ടുമെന്ന ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ ഉറപ്പ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കെഎസ്എംഎസ്എ കർഷക സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് സലികുമാറിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും നൂറുകണക്കിന് ക്ഷീരകർഷകരെ പങ്കെടുപ്പിച്ചു നടത്തിയ മാർച്ച് എറണാകുളം മിൽമ മുൻ ചെയർമാൻ ജോൺ തെരുവത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള ധർണ ഉദ്ഘാടനം ചെയ്തു.
കെഎസ്എംഎസ്എ സംസ്ഥാന സെക്രട്ടറി അനിൽ കുമാർ, ഭാരവാഹികളായ സോണി തെല്ലാമാടം, ജോയ്മോൻ, അജേഷ് മോഹനൻ, സോണി ഈറ്റക്കൻ, വത്സലൻ അടിമാലി, ജോസ്കുട്ടി ശാന്തിഗ്രാം, സണ്ണി തെങ്ങുംപള്ളി, ജോണി വണ്ണപ്പുറം, സാജു തോപ്രാംകുടി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിലും ആശമാരുടെ സമരാവേശം സെക്രട്ടേറിയറ്റിനു മുന്നിൽ അലയടിച്ചു. 2025 ഫെബ്രുവരി 10നായിരുന്നു ആശാ സമരം ആരംഭിച്ചത്. 266 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിന് ആശ പ്രവർത്തകർ അണിനിരന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. കെ സദാനന്ദൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി സ്വാഗതം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെ തിരസ്കരിക്കുന്ന സർക്കാരുകൾക്കെതിരേ നടന്ന ഉജ്വല പോരാട്ടമാണ് ആശ സമരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.കെ. സദാനന്ദൻ പറഞ്ഞു. ഈ സർക്കാർ വാഗ്ദാനം ചെയ്ത മിനിമം കൂലി ഉറപ്പാക്കാനാണ് സമരം ചെയ്തത്. മിനിമം കൂലി നൽകിയാൽ തൊഴിലാളികളായി ആശമാരെ അംഗീകരിക്കേണ്ടി വരുമെന്ന ഭീതിയാണ് സംസ്ഥാന സർക്കാരിനുള്ളത്. അത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് എതിരാകയാൽ കേന്ദ്രത്തിൽനിന്നും അവാർഡ് ലഭിക്കുകയില്ല. എന്നാൽ, മൂന്നു മാസത്തിനുള്ളിൽ ഓണറേറിയമായി 2000 രൂപ അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
സ്ത്രീകൾ സൃഷ്ടിച്ച സമരച്ചൂടാണ് അതിന് കാരണം. ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഈ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. സമരം മൂലം അധികാരികൾ ജോലിക്ക് കൃത്യത കൊണ്ടുവരേണ്ടി വന്നു. തൊഴിലാളി എന്ന നിലയിലുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ ആശമാർ അനുഭവിക്കുന്നത്.
ആശമാരുടെ അടിമപ്പണി അവസാനിപ്പിക്കാൻ കഴിഞ്ഞത് 266 ദിവസത്തെ സമരത്തിന്റെ പ്രധാന നേട്ടമാണ്. തൊഴിലാളികളോടും അവരുടെ അവകാശങ്ങളോടും ഈ സർക്കാരിന് യാതൊരു മമതയുയില്ല. ഡിമാന്ഡുകൾ പൂർണമായും നേടുന്നത് വരെ വ്യത്യസ്ത സമര രീതികളുമായി ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഒ.വി. ഉഷ, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. കെ.പി ശങ്കരൻ, എൻ. മാധവൻകുട്ടി, ഡോ. എസ്.എസ്. ലാൽ, തോമസ് മാഞ്ഞൂരാൻ, ഷൈല കെ. ജോണ്, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.എം. ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്, ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക, ഓണറേറിയം പകുതിയായി വെട്ടിക്കുറക്കുന്ന പുതിയ ഉപാധി പിൻലിക്കുക, വെട്ടിക്കുറച്ച ഓണറേറിയം തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് സേവ് കേരള ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തി.
അഡ്വ. റസൽ ജോയി സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. സേവ് കേരള ബ്രിഗേഡ് ട്രഷറർ പി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലോഷ്യസ് പുന്നാട്ട്, ജോയിന്റ് സെക്രട്ടറി അനിൽ തൃപ്പൂണിത്തുറ, ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പുരയിടം, ജോയിന്റ് സെക്രട്ടറിമാരായ ബിബിൻ കപ്പിത്താൻ, സജീന്ദ്രൻ മാളിയേക്കൽ, ബ്രിഗേഡ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അബ്ദുൾ ജലീൽ, വർഗീസ് തച്ചിലുകണ്ടം, ജനറൽ സെക്രട്ടറി അമൃതപ്രീതം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ, കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: മതേതര കേരളത്തെ തകർത്ത് കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സെക്രട്ടേറിയറ്റിലേക്ക് സെക്കുലർ ലോംഗ് മാർച്ച് നടത്തുമെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് അറിയിച്ചു.
‘കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. സംഘപരിവാർ സംഘടനകൾക്കെതിരേ സിപിഐക്ക് നിലപാടുണ്ടെങ്കിൽ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് യൂത്ത് കോണ്ഗ്രസ് കത്തു നൽകും. മാർച്ചിൽ പങ്കെടുക്കാൻ എഐവൈഎഫിനെയും ക്ഷണിക്കും.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ സംസ്ഥാനത്തിന്റെ മതേതരഘടന തകർത്തു. കേരളത്തിന്റെ മതേതര പാരന്പര്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. സർക്കാർ ഇപ്പോൾ കാവിവത്കരണത്തിന് കൊടിപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലാഘവത്തോടെയാണ് മന്ത്രി ശിവൻകുട്ടി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇതു കുട്ടിക്കളിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനസിലാക്കണം.
അധ്യാപകരുടെ പരിശീലനവും കരിക്കുലവും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയത്. ഭരണാനുകൂല വിദ്യാർഥി സംഘടനകൾ എതിർത്ത കാര്യമാണ് ഇപ്പോൾ നടപ്പാക്കിയത്.
നവംബർ ഒന്നിന് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തെ പിആർ വർക്കിനായി ഉപയോഗിക്കുന്നത് സാധാരണക്കാരന്റെ അവസ്ഥയെ ചൂഷണം ചെയ്യുന്നതാണെന്നും ജനീഷ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളക്കെതിരെ ബിജെപിയുടെ സെക്രട്ടറിയറ്റ് ഉപരോധത്തിനിടെ സംഘർഷം. സെക്രട്ടറിയേറ്റിന് മുന്നിലെ ഇരുവശത്തേക്കുമുള്ള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കിടയിലേക്ക് ഒരു ഓട്ടോ കടന്ന് വന്നതാണ് സംഘര്ഷത്തിന് ഇടയാക്കിയത്.
പ്രവര്ത്തകര് ഓട്ടോ തടഞ്ഞു. പിന്നാലെ ഓട്ടോ ഡ്രൈവറും പ്രവര്ത്തകരുമായി വാക്കുതര്ക്കമുണ്ടായതാണ് സംഘര്ഷത്തിന് ഇടയാക്കിയത്. പോലീസ് ഇടപെട്ട് പ്രവര്ത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ഓട്ടോ ഡ്രൈവറെയും ഓട്ടോയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമലയിലെ സ്വര്ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടരുകയാണ്. ഇന്ന് വൈകുന്നേരം വരെയാണ് സമരം.