തിരുവനന്തപുരം: കേരളത്തിൽ പുതിയ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലും അനക്സ് മന്ദിരങ്ങളിലുമായാണ് മന്ത്രിമാരുടെ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. മൂന്നാം നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രണ്ടാം നിലയിൽ മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല. ഒന്നാം നിലയിൽ മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ മന്ത്രി സണ്ണി ജോസഫും രണ്ടാം നിലയിൽ മന്ത്രി അനൂപ് ജേക്കബും തങ്ങളുടെ ഓഫീസുകൾ തുറക്കും. മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ മന്ത്രിമാരായ സി.പി. ജോൺ, എ.പി. അനിൽകുമാർ. സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിൽ മന്ത്രി ടി. സിദ്ദിഖും മൂന്നാം നിലയിൽ മന്ത്രി കെ.എ. തുളസിയും ചുമതലയേൽക്കും. മന്ത്രിമാർക്കായി അനക്സ് മന്ദിരങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.