Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വകുപ്പുകളിലെ തര്‍ക്കം തീര്‍ന്നു. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി പട്ടിക മുഖ്യമന്ത്രി വി.ഡി. സതീശന് ഗവര്‍ണര്‍ക്ക് കൈമാറി. 42 വകുപ്പുകളടങ്ങിയ പട്ടികയാണ് മുഖ്യമന്ത്രി വി.ഡി.സതീശന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് കൈമാറിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയിലാണ് വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. എഐസിസി നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വകുപ്പുകളുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് വകുപ്പുകളുടെ കാര്യത്തിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന്റെ പക്കലായിരുന്നു. ഇത് വിട്ടുനല്‍കണമെങ്കില്‍ ഫിഷറീസ് നല്‍കണമെന്ന് ലീഗ് നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഫിഷറീസ് വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും കടലിനെ അറിയുന്നയാളായിരിക്കണം വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് ലത്തീന്‍ സഭ നിലപാട് സ്വീകരിച്ചിരുന്നു. ഫിഷറീസ് വകുപ്പ് വിട്ടുനല്‍കരുതെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നിലപാട് സ്വീകരിച്ചിരുന്നു.
ലത്തീന്‍ സമുദായത്തില്‍ നിന്നും കോണ്‍ഗ്രസ് ആരെയും മന്ത്രിയാക്കാത്തതിലെ അതൃപ്തിയും സഭാ നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി സഭാ നേതൃത്വവുമായും ലീഗ് നേതൃത്വവുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തര്ക്കപരിഹാരമായത്.
നിലവില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ താഴെ പറയുന്ന പ്രകാരമാണ്.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ പരിഹാരമായി. പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ ധാരണയിലെത്തിയത്. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താൽപര്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് അദ്ദേഹത്തിന് നൽകിയത്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ ബംഗ്ലാവും അനുവദിച്ചു.
കോൺഗ്രസ് മന്ത്രിമാരിൽ കെ. മുരളീധരന് ‘സാനഡു’ ബംഗ്ലാവും, എ.പി. അനിൽകുമാറിന് ‘കാവേരി’യും, പി.സി. വിഷ്ണുനാഥിന് ‘നിള’യുമാണ് ഔദ്യോഗിക വസതികളായി നിശ്ചയിച്ചിരിക്കുന്നത്. മറ്റ് കോൺഗ്രസ് മന്ത്രിമാരായ എം. ലിജുവിന് ‘അജന്ത’, റോജി എം. ജോണിന് ‘ഗ്രേസ്’, ടി. സിദ്ധിഖിന് ‘ഗംഗ’, കെ.എ. തുളസിക്ക് ‘പ്രശാന്ത്’, ബിന്ദു കൃഷ്ണയ്ക്ക് ‘തൈക്കാട് ഹൗസ്’ എന്നിവയും അനുവദിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ്, മറ്റ് ഘടകകക്ഷി മന്ത്രിമാരുടെ വസതികളും ഇതോടൊപ്പം നിശ്ചയിച്ചു. ഒ.ജെ. ജനീഷിന് ‘മൻമോഹൻ ബംഗ്ലാവ്’, എൻ. ഷംസുദീന്‍ ‘നെസ്റ്റ്’, കെ.എം. ഷാജിക്ക് ‘പൗർണമി’, പി.കെ. ബഷീറിന് ‘ഉഷസ്’, വി.ഇ. അബ്ദുൽ ഗഫൂറിന് ‘കവടിയാർ ഹൗസ്’ എന്നിവയാണ് ലഭിച്ചത്. കേരള കോൺഗ്രസ് പ്രതിനിധി മോൻസ് ജോസഫിന് ‘പെരിയാർ’, ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് ‘എസ്സെൻഡേൻ’, സി.പി. ജോണിന് ‘റോസ് ഹൗസ്’ എന്നിവയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ പുതിയ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലും അനക്സ് മന്ദിരങ്ങളിലുമായാണ് മന്ത്രിമാരുടെ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. മൂന്നാം നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രണ്ടാം നിലയിൽ മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല. ഒന്നാം നിലയിൽ മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർ.
നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ മന്ത്രി സണ്ണി ജോസഫും രണ്ടാം നിലയിൽ മന്ത്രി അനൂപ് ജേക്കബും തങ്ങളുടെ ഓഫീസുകൾ തുറക്കും. മെയിൻ ബ്ലോക്ക് ഒന്നാം നിലയിൽ മന്ത്രിമാരായ സി.പി. ജോൺ, എ.പി. അനിൽകുമാർ. സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിൽ മന്ത്രി ടി. സിദ്ദിഖും മൂന്നാം നിലയിൽ മന്ത്രി കെ.എ. തുളസിയും ചുമതലയേൽക്കും. മന്ത്രിമാർക്കായി അനക്സ് മന്ദിരങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഇ.അബ്ദുൾ ഗഫൂർ ടേം വ്യവസ്ഥയിലാണ് മന്ത്രിയാകുന്നത് എന്നാണ് സൂചന. രണ്ടര വർഷത്തിന് ശേഷം നിയുക്ത കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.
അതേസമയം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Kerala
തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു.
ഉഭയകക്ഷി ചർച്ചകൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും ഞായറാഴ്ച രാവിലെയും ചർച്ചകൾ തുടരുമെന്നും അവർ പറഞ്ഞു.
ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ നിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.ലിജു, പി.സി വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മന്റെയും ബിന്ദുകൃഷ്ണയുടെയും പേരുകളും സജീവ പരിഗണനയിലാണെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പിണങ്ങിനിൽക്കുന്ന രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പും വിജിലൻസും നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ബിന്ദുകൃഷ്ണയെ പരിഗണിച്ചത്.
ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി.ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
Kerala
കൊച്ചി: പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ പത്തു വര്‍ഷമായി എറണാകുളം ജില്ലയോട് കാണിച്ചത് ചിറ്റമ്മ നയമെന്ന് കൊച്ചിയിലെ നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതോടെ ജില്ലയില്‍ അര്‍ഹമായ വികസനങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി മാത്രമല്ല, ജില്ലയില്‍ നിന്നും മന്ത്രിമാരും ഉണ്ടാവുമെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അര്‍ഹമായ പ്രാതിനിധ്യം എറണാകുളം ജില്ലയില്‍ നിന്നും മന്ത്രിസഭയില്‍ ഉണ്ടാകും. മന്ത്രിസഭയില്‍ മുറഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ യോഗ്യരായ നിരവധിയാളുകള്‍ ജനപ്രതിനിധികളായി ജയിച്ചു വന്നിട്ടുണ്ട്. സ്വാഭാവികമായും അതില്‍ നിന്നും മന്ത്രിസഭയിലേക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെ പാര്‍ട്ടിയും നേതാക്കളും ചേര്‍ന്ന് തെരഞ്ഞെടുക്കും.
തുടര്‍ഭരണത്തിന് മുമ്പുള്ള കാലഘട്ടത്തിലും ജില്ലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരു കാലഘട്ടമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം എറണാകുളം ജില്ലയ്ക്ക് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള നേട്ടങ്ങളും ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലായാലും വികസന പദ്ധതികളുടെ കാര്യത്തില്‍ ആയാലും പിണറായി സര്‍ക്കാരിന്റെ ജില്ലയോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചിരുന്നത്.
പ്രത്യേകിച്ചും യുഡിഎഫിന് കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ള ജില്ല ആയതിനാല്‍ എറണാകുളത്തോട് അവഗണനയാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. യുഡിഎഫിന്റെ ഭരണ സമയത്ത് എറണാകുളം ജില്ലയ്ക്ക് കാര്യമായ സംഭാവനകള്‍, വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഉണ്ടായിട്ടുള്ളത്.
ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ നന്നായി അറിയാവുന്ന ഒരു മുഖ്യമന്ത്രി ഉള്ളതു കൊണ്ടും, ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടാവുന്നതു കൊണ്ടും ജില്ലയില്‍ അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തില്‍ നല്ല സംഭാവന സര്‍ക്കാരില്‍ നിന്നും ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത് എന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ ആറു മന്ത്രിസ്ഥാനം വേണമെന്ന് കടുത്ത നിലപാടിൽ കെ.സി വേണുഗോപാൽ പക്ഷം.
ഘടക കക്ഷികൾക്ക് 10 മന്ത്രിസ്ഥാനം നൽകിക്കഴിഞ്ഞാൽ10 മന്ത്രിമാരാണ് കോൺഗ്രസിന് ഉറപ്പായും കിട്ടുക. ആദ്യം എട്ടു മന്ത്രിമാർ വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യമുന്നയിച്ചിരുന്നെങ്കിലും രമേശ് ചെന്നിത്തല പക്ഷത്തിന് പരിഗണന നൽകാനാണ് ആറായി ആയി ആവശ്യം ചുരുക്കിയത്.
ആഭ്യന്തര വകുപ്പ് എ.പി. അനിൽകുമാറിനായി ആവശ്യപ്പെടാനിരുന്നെങ്കിലും രമേശ് ചെന്നിത്തലയുടെ വിഷയം വന്നതോടെ പിന്മാറുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് ഈ ഗ്രൂപ്പ് മുഖ്യമായും മുന്നോട്ടുവച്ചിരിക്കുന്നത്.
മൊത്തം എംഎൽഎമാരുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ കൂടരുത് മന്ത്രിമാരുടെ എണ്ണം എന്നാണ് വ്യവസ്ഥ. മുഖ്യമന്ത്രിയെ കൂട്ടിയാണ് ഈ കണക്ക്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നീ പദവികളാണ് ഇതു കൂടാതെയുള്ളത്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ച ഇന്നു നടക്കും. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിയ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, ഇന്നുച്ചയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നടത്തുന്ന ചർച്ചകളിലാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ തീരുമാനമാകുക.
ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഒരു എംഎൽഎ മാത്രമുള്ള ഘടകകക്ഷികളോട് 18നു നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങാൻ വി.ഡി. സതീശൻ നിർദേശം നൽകി. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, സിഎംപിയിലെ സി.പി. ജോണ്‍, കെഡിപിയിലെ മാണി സി. കാപ്പൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്ന് ഉറപ്പായി.
ഇവരുടെ വകുപ്പുകൾ സംബന്ധിച്ച ഉഭയകകക്ഷി ചർച്ചകൾ ഇന്നു നടക്കും. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളു മായി ഇന്നലെ അനൗപചാരിക ഉഭയകക്ഷി ചർച്ച നടത്തി.
മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനമോ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയോ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ലീഗിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തിനു തൊട്ടുമുൻപ് ഇവർ നിയുക്ത മുഖ്യമന്ത്രിയുമായി അനൗപചാരിക ചർച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. പി.ജെ. ജോസഫുമായി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. അന്തിമതീരുമാനം ഇന്നു നടക്കുന്ന ഉഭയകകക്ഷി ചർച്ചയിൽ സ്വീകരിക്കും. ആർഎസ്പിയിലെ ഷിബു ബേബിജോണ്‍ നിയുക്ത മുഖ്യമന്ത്രിയെ രാവിലെ കണ്ടിരുന്നു. വകുപ്പുമാറ്റം സംബന്ധിച്ച ആർഎസ്പിയുടെ ആവശ്യത്തിലും ഇന്നു തീരുമാനമാകുമെന്നാണ് നൽകിയിട്ടുള്ള ഉറപ്പ്.
കോണ്‍ഗ്രസിൽനിന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്താൻ ഇന്നലെ നടന്ന കൂടിക്കാഴ്ചകളിൽ തീരുമാനമായിരുന്നു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എൻ.ശക്തൻ എന്നിവരും മന്ത്രിസഭയിലുണ്ടായേക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിക്കപ്പെടുന്നത്. വനിതാ പ്രാതിനിധ്യത്തിൽ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് പരിഗണിക്കപ്പെടുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കൂടാതെ 10 മന്ത്രിമാരാകും ഉണ്ടാകുക. സമുദായം, ജില്ല, പരിചയസന്പത്ത്, യുവത്വം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും മറ്റുള്ള മന്ത്രിമാരെ കണ്ടെത്തുക.
ഇന്നലെ വൈകുന്നേരം ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ മുന്നണിയെ ജയിപ്പിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച എല്ലാവരെയും വി.ഡി. സതീശൻ അഭിനന്ദിച്ചു. മുഖ്യമന്ത്രിയെ ഘടകകക്ഷി നേതാക്കളും അഭിനന്ദിച്ചു. 18നു രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം എല്ലാവരെയും അറിയിച്ചു.
തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. 21നു നിയമസഭ ചേർന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. 22നു സ്പീക്കർ തെരഞ്ഞെടുപ്പുമുണ്ടാകും. 29നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സന്പൂർണ നിയമസഭാ സമ്മേളനം തുടങ്ങുന്ന കാര്യത്തിലും തീരുമാനമാകും.
മന്ത്രിമാരുടെ കാര്യത്തിൽ ഇന്നു പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് മുന്നണി യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 21 അംഗ പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ പട്ടിക ഇന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് യോഗം പൂര്‍ണമായി കൂടി. ശനിയാഴ്ച ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുള്ള തയാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ശനിയാഴ്ച പ്രഖ്യാപിക്കും. ശനിയാഴ്ച നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
താൻ കണ്ട രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും അദ്ദേഹം എല്ലാ കാലത്തും ശക്തനാണെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ പ്രതികരിച്ചത്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
തന്റെ അഭിപ്രായം പറയുന്നില്ല. രമേശ് ചെന്നിത്തല കോൺഗ്രസിന്റെ അനിഷേധ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അജണ്ടയിലില്ല. ആ കാര്യം രമേശ് ചെന്നിത്തല പറയുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്, മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന് തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതംവയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും.
എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്‍ഡിന്റെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.
മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല. ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ആവശ്യപ്പെടുന്ന മന്ത്രിസ്ഥാനവും വകുപ്പുകളും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. ഡൽഹിയിൽനിന്ന് എത്തിച്ചേരുമെന്ന് കരുതുന്ന കെ.സി. വേണുഗോപാലിന്റെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചേ അന്തിമതീരുമാനമുണ്ടാകൂ.
പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ളത്. മറ്റു മന്ത്രിമാര്‍ രണ്ടാം ഘട്ടത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
മുസ്ലീംലീഗിന് നാലു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാനുള്ള നിര്‍ദേശമാകും കോൺഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രിസ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചര്‍ച്ചയിലെത്തും.
കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആര്‍എസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.
കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായി സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാണി.സി കാപ്പന് തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആര്‍എംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്മാരുമുണ്ട്. ഇവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.
National
ഗോഹട്ടി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. രാവിലെ 11.40ന് ഗോഹട്ടിയിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുളള മന്ത്രിമാർ ഓഫീസിൽ അങ്ങനെ എത്തുന്നില്ല, ഉദ്യോഗസ്ഥരാകട്ടെ ഓഫീസുകൾ ഒഴിയാനുള്ള തത്രപ്പാടിലും. തലസ്ഥാനത്ത് ഇപ്പോൾ ഇലപൊഴിയും കാലം പോലെ ഓഫീസ് ഒഴിയും കാലമാണ്.
ചെന്നൈയിലെ കണ്ണുചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ്ഹൗസിൽ വിശ്രമത്തിലാണ്. മന്ത്രിമാരൊക്കെ അവരവരുടെ മണ്ഡലത്തിലും കുടുംബത്തിലുമാണ്. തിരുവനന്തപുരം ജില്ലക്കാരായ മന്ത്രിമാർ ജി.ആർ. അനിലും വി. ശിവൻ കുട്ടിയും മാത്രമാണ് ഇടയ്ക്ക് ഓഫീസിൽ എത്തുന്നത്.
മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം കോർപറേഷനുമായി സ്ഥിരമായി ഉടക്കിലായതിനാൽ ഇടക്കിടെ പത്രസമ്മേളനം നടത്തുന്നുണ്ട്. വൈദ്യുതി വകുപ്പ് ഇപ്പോൾ വലിയ വാർത്താ ചൂടിൽ അകപ്പെട്ടെങ്കിലും മന്ത്രി കൃഷ്ണൻകുട്ടി ഓഫീസ് വരവ് കുറച്ചു; കാമറയ്ക്ക് മുന്നിൽ വരവും ഇല്ല.
സ്പീക്കർ എൻ.എം ഷംസീർ മാത്രമാണ് ഉദ്ഘാടനങ്ങളിലൊക്കെ സജീവമായുള്ളത്. ദിവസവും പത്തോളം പത്രസമ്മേളനം നടന്നിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പ്രസ്സ് ക്ലബിലും ഒട്ടും തിരക്കില്ല. ഏപ്രിൽ 30 വരെ തുടരാനായിരുന്നു ജീവനക്കാർക്കു കിട്ടിയ ഔദ്യോഗിക നിർദേശം. എന്നാൽ, മിക്കവരും വിട്ടു കഴിഞ്ഞു.
ഡെപ്യൂട്ടേഷനിലുണ്ടായിരുന്നവർ കഴിഞ്ഞ ആഴ്ചയോടെ മാതൃവകുപ്പുകളിലേക്കു തിരികെ പോയിരുന്നു. ബാക്കിയുള്ളവരോട് ഈ മാസം കൂടി തുടരാനാണ് നിർദ്ദേശിച്ചിരുന്നെങ്കിലും. മന്ത്രിമാർ ഓഫീസിൽ വരാത്തതിനാൽ ജീവനക്കാർ ലീവിലോ യാത്രയിലോ ആണ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഇങ്ങനെയൊരു കൂട്ട വിടവാങ്ങൽ ഇല്ലായിരുന്നുവെന്നത് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് കാണുന്നത്. തിരത്തെടുപ്പ് ഫലത്തെ കുറിച്ചുള്ള അനിശ്ചിതത്വം സെക്രട്ടേറിയറ്റിനു ചുറ്റും ഘനീഭവിച്ചു നിൽക്കുന്നുണ്ട്.
ഇനി ഇടതുമുന്നണി തന്നെ അധികാരത്തിൽ വന്നാലും ഇപ്പോഴുള്ള മന്ത്രിമാർക്കു വീണ്ടും അവസരം ലഭിക്കണമെന്നില്ലാത്തതിനാലും ഉദ്യോഗസ്ഥരെയും മാറ്റാനിടയുള്ളതിനാലുമാണ് മന്ത്രി മന്ദിരങ്ങളിൽനിന്നു കുടിയൊഴിയുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ടെങ്കിലും സത്യമതല്ല.
ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫയലുകൾ മാതമാണ് ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്യുന്നത്. അതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് മാത്രം. മന്ത്രിസഭായോഗങ്ങളെല്ലാം ഓൺലൈനായാണ് ചേരുന്നത്.
അടുത്ത മന്ത്രിസഭ അധികാരമേൽക്കുന്നതു വരെ നിലവിലുള്ള മന്ത്രിമാർക്കു തുടരാം. സാധാരണ മന്ത്രി മന്ദിരങ്ങൾ വോട്ടെണ്ണലിനു ശേഷമാണ് ഒഴിയുക. ഇക്കുറി ഏറെക്കുറെ നേരത്തെതന്നെ കൂടൊഴിയൽ തുടങ്ങി. വേനൽ മഴമേഘങ്ങൾ കനത്തു നിന്ന് മ്ലാനമായ മൂടൽ പരത്തുന്നുണ്ട്. ; മഴ എങ്ങനെ പെയ്യുമെന്ന് ; സ്വഭാവവും നിറവുമെന്തെന്ന് മേയ് നാലിന് അറിയാം.
Leader Page
അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം അലയടിച്ചു. എന്നാൽ, കേരളത്തിൽ സ്ഥിതി മറിച്ചായിരുന്നു. കോണ്‍ഗ്രസ് മുന്നണി ഉജ്വല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി.
1970ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ അച്യുതമേനോൻ മന്ത്രിസഭ ആറര വർഷം ഭരിച്ചതിനു ശേഷമാണ് ഐക്യമുന്നണി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടിയന്തരാവസ്ഥയുടെ ദുഷ്പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ആധികാരികമായി ഭരണത്തുടർച്ച നേടി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പാർട്ടിയോ മുന്നണിയോ ഭരണത്തുടർച്ച നേടുന്നത്. മുഖ്യമന്ത്രി സി. അച്യുതമേനോൻ സജീവരാഷ്ട്രീയം വിട്ടു മത്സരത്തിൽനിന്നു മാറിനിന്നു. സ്വാഭാവികമായും മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസിലേക്ക് എത്തിച്ചേർന്നു.
അസ്ഥിരതയുടെ നാളുകൾ
ആധികാരിക വിജയം നേടിയെങ്കിലും ഭരണസ്ഥിരത കൈവരിക്കാൻ മുന്നണിക്കു സാധിച്ചില്ല. പല കാരണങ്ങളാൽ നാലു സർക്കാരുകൾ ഇക്കാലയളവിലുണ്ടായി. എന്നിട്ടും കാലാവധി തികയുന്നതിനു മുന്‍പു നിയമസഭ പിരിച്ചുവിടേണ്ടിയും വന്നു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെ കൂടാതെ സിപിഐ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആർഎസ്പി എന്നീ കക്ഷികളായിരുന്നു ഐക്യമുന്നണിയിലുണ്ടായിരുന്നത്. കൂടാതെ എൻഡിപി, പിഎസ്പി എന്നീ കക്ഷികളുടെ പിന്തുണയുമുണ്ടായിരുന്നു. മണ്ഡല പുനർവിഭജനത്തിനു ശേഷം 140 നിയോജകമണ്ഡലങ്ങളായി. അതു വരെ 133 മണ്ഡലങ്ങൾ മാത്രമാണുണ്ടായിരുന്നത്.
തുടരെ മന്ത്രിസഭാ തകർച്ചകൾ
1977 മാർച്ച് 25നു കെ. കരുണാകരൻ മുഖ്യമന്ത്രിയായി ഐക്യമുന്നണി മന്ത്രിസഭ അധികാരമേറ്റു. എന്നാൽ, കുപ്രസിദ്ധമായ രാജൻ കേസിൽ ഹൈക്കോടതിയിൽനിന്നുണ്ടായ പ്രതികൂല പരാമർശത്തെത്തുടർന്ന് ഒരു മാസത്തിനു ശേഷം ഏപ്രിൽ 25നു കരുണാകരനു മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. തുടർന്ന് ഏപ്രിൽ 27ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വയസ് പൂർത്തിയാകുന്നതിനു മുന്‍പ് മുഖ്യമന്ത്രിക്കസേരയിലെത്തിയ ആന്റണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റിക്കാർഡിനും ഉടമയായി.
കോണ്‍ഗ്രസ് പിളരുന്നു
ഇതിനിടെ കോണ്‍ഗ്രസിൽ പിളർപ്പുണ്ടാകുകയും കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ദിരാഗാന്ധിക്കൊപ്പവും എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം എതിർചേരിയിലും അണിനിരന്നു. ഇന്ദിരാഗാന്ധിക്കു കർണാടകയിലെ ചിക്മഗളൂർ സീറ്റിൽ മത്സരിക്കാൻ പിന്തുണ കൊടുത്ത പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് 1978 ഒക്ടോബർ 27ന് എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് സിപിഐ നേതാവായ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ ഒക്ടോബർ 29ന് അധികാരത്തിലേറി.
ഇതിനിടെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസുകാർ ഭരണമുന്നണി വിട്ടു പ്രതിപക്ഷത്തേക്കു നീങ്ങിയിരുന്നു. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ സിപിഎമ്മിനേക്കാൾ അംഗസംഖ്യ ഇവർക്കുണ്ടായിരുന്നതിനാൽ പ്രതിപക്ഷ നേതൃസ്ഥാനം കരുണാകരനു ലഭിച്ചു. അതുവരെ പ്രതിപക്ഷ നേതാവായിരുന്നത് സിപിഎമ്മിലെ ഇ.എം.എസ്. നന്പൂതിരിപ്പാട് ആയിരുന്നു.
പി.കെ.വി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ദേശീയതലത്തിലുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങളെത്തുടർന്ന് കേരളത്തിലും പുതിയ രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെട്ടു. പി.കെ.വി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. സിപിഐയും ആർഎസ്പിയും ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനായി മറുചേരിയിലേക്കു നീങ്ങി. അന്നുമുതൽ സിപിഐ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി മാറി. ഇന്നും അതു തുടരുന്നു. പി.കെ. വാസുദേവൻനായർ സിപിഐയുടെ അവസാനത്തെ മുഖ്യമന്ത്രിയായി.
പി.കെ.വി രാജിവച്ചതിനെത്തുടർന്ന് മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാൽ, ആ മന്ത്രിസഭയ്ക്കു രണ്ടു മാസത്തിൽ താഴെ മാത്രമേ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ. 1979 നവംബർ 30ന് നിയമസഭ പിരിച്ചുവിട്ടു. ഡിസംബർ ഒന്നിനു മന്ത്രിസഭ രാജിവച്ചു. ഡിസംബർ അഞ്ചിനു സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തി.
ഇന്നു നിലനിൽക്കുന്ന മുന്നണി രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഈ കാലയളവിൽ രൂപപ്പെട്ടത്. കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടും മുന്നണിക്ക് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കാൻ സാധിച്ചില്ല.
കാലാവധി പൂർത്തിയാകാതെ നിയമസഭ പിരിച്ചുവിടുന്നതിനിടെ നാലു മന്ത്രിസഭകൾ വന്നു പോകുകയും ചെയ്തു. പിന്നീട് രണ്ടരദശകത്തോളം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം അടക്കിവാണ കെ. കരുണാകരൻ-എ.കെ. ആന്റണി യുഗത്തിനു തുടക്കമാകുന്നത് ഈ കാലഘട്ടത്തിലാണ്. രണ്ടു മാസം മാത്രമാണെങ്കിലും മുസ്ലിം ലീഗിനൊരു മുഖ്യമന്ത്രിയെ ലഭിച്ചതും ഇക്കാലയളവിൽ മാത്രം. മുസ്ലിം ലീഗിൽ ഇതേ കാലയളവിൽ പിളർപ്പുണ്ടാകുകയും പുതുതായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.
യുഡിഎഫും എൽഡിഎഫും രൂപീകരിക്കപ്പെടുന്നു
ഇന്നു കാണുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഐക്യജനാധിപത്യ മുന്നണിയും (യുഡിഎഫ്) രൂപപ്പെട്ടു വന്നത് 1980ലെ തെരഞ്ഞെടുപ്പോടെ ആയിരുന്നു. ഐക്യമുന്നണി വിട്ടുവന്ന സിപിഐയും ആർഎസ്പിയും സിപിഎമ്മിനൊപ്പം ഇടതുപക്ഷത്തായി. കൂടാതെ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-യുവും കേരള കോണ്‍ഗ്രസ്-എമ്മും ഒപ്പം കൂടിയതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രബലശക്തിയായി.
1980 ജനുവരി 21നു നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 93 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ജനുവരി 25ന് ഇ.കെ. നായനാർ സർക്കാർ അധികാരമേറ്റു.
മികച്ച ഭൂരിപക്ഷമുണ്ടായിട്ടും ഈ സർക്കാർ അധികകാലം നീണ്ടുനിന്നില്ല. ആഭ്യന്തരവകുപ്പും പോലീസ് ഭരണവുമായി ബന്ധപ്പെട്ടു തർക്കങ്ങൾ ഉയർന്നു വന്നു. മലബാറിൽ സിപിഎം-ആർഎസ്എസ് സംഘർഷങ്ങളിൽ ഒരുപാടു ജീവനുകൾ പൊലിഞ്ഞു. സിഐടിയു തൊഴിലാളികളുടെ അഴിഞ്ഞാട്ടവും സർക്കാരിനെതിരേ ജനവികാരം ഉയരാൻ ഇടയാക്കി. ക്രമസമാധാന തകർച്ചയുടെ പേരിൽ സർക്കാർ വിമർശിക്കപ്പെട്ടു. ആദ്യം കോണ്‍ഗ്രസ്-യുവും പിന്നാലെ കേരള കോണ്‍ഗ്രസ്-എമ്മും മുന്നണിയിൽനിന്നു പുറത്തു വന്നു. കോണ്‍ഗ്രസ്- യു പിളർന്ന് എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗം മുന്നണി വിട്ടു.
വീണ്ടും കരുണാകരൻ
സർക്കാർ താഴെ വീണതിനെത്തുടർന്നു സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായി. എന്നാൽ നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തി ബദൽ സർക്കാരിനുള്ള സാധ്യതകൾ തേടി. ഒടുവിൽ 1981 ഡിസംബർ 28ന് കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെ മന്ത്രിസഭ അധികാരത്തിലേറി. ഇരുമുന്നണികൾക്കും 70 സീറ്റുകൾ വീതമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നാടകീയമായ ഒരുപാടു രംഗങ്ങൾ സഭയിലുണ്ടായി. പലപ്പോഴും സ്പീക്കർ എ.സി. ജോസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിലാണു സർക്കാർ നിലനിന്നത്.
ഭരണപക്ഷത്തുണ്ടായിരുന്ന കേരള കോണ്‍ഗ്രസിലെ ലോനപ്പൻ നന്പാടൻ കാലുമാറി ഇടതുപക്ഷത്തേക്കു ചേക്കേറിയതോടെ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടു. അങ്ങനെ 1982 മാർച്ച് 17നു കരുണാകരൻ രാജിസമർപ്പിച്ചു. 26 മാസം മാത്രമായിരുന്നു ആറാം കേരള നിയമസഭയുടെ കാലാവധി.
1977ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം 1982 മാർച്ച് 17നു കെ. കരുണാകരൻ സർക്കാർ രാജിവയ്ക്കുന്നതു വരെയുള്ള അഞ്ചു വർഷത്തിനിടെ രണ്ടു നിയമസഭകളുണ്ടായി. എന്നു പറഞ്ഞാൽ രണ്ടു തെരഞ്ഞെടുപ്പുകൾ. ആറു മന്ത്രിസഭകൾ അധികാരത്തിലേറി. അക്കാലഘട്ടത്തിലെ രാഷ്ട്രീയ അസ്ഥിരതയുടെ നേർചിത്രമാണിത്.
(തുടരും)
Kerala
തൃശൂർ: തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ. വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം.
മന്ത്രിസഭായോഗത്തിന് ശേഷം തൃശൂർ കളക്ടറേറ്റിലെ പിആർ ചേംബറിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു.
തന്റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ അധികൃതർ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പലവട്ടം കളക്ടറേറ്റിൽ പരാതികൾ നൽകിയിരുന്നെങ്കിലും അതിൽ പരിഹാരമുണ്ടായില്ലെന്നും പോലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിച്ചു.
ഇതിനു പിന്നാലെ മന്ത്രി ആർ. ബിന്ദു യുവതിയോട് സംസാരിക്കുകയും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, യുവതി അനുനയത്തിന് തയാറാകാതിരുന്നതോടെ വനിതാ പോലീസ് എത്തി അവരെ സ്ഥലത്തു നിന്ന് നീക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സഭാ സമ്മേളനത്തിൽ ബജറ്റ് സെഷന്റെ ഭാഗമായി ചേർന്ന സഭാ കാലയളവിൽ ചോദ്യോത്തര വേളയിലെ പല ചോദ്യങ്ങൾക്കും മറുപടി നല്‍കാതെ മന്ത്രിമാർ.
ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ചു വരെയുള്ള ആറു ദിവസമായി നക്ഷത്ര ചിഹ്നമിടാത്ത 2389 ചോദ്യങ്ങൾ അംഗങ്ങൾ ഉന്നയിച്ചതിൽ 513 ചോദ്യങ്ങൾക്ക് ഇനിയും മറുപടി നൽകിയിട്ടില്ല.
ആകെ ചോദ്യങ്ങളിൽ 27 ശതമാനത്തിനും മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം മന്ത്രിമാർ ആണു മറുപടി നൽകുന്നതിൽ പിന്നാക്കം പോയത്. ഘടകകക്ഷി മന്ത്രിമാരിൽ കെ.രാജൻ ഒരു ചോദ്യത്തിനൊഴികെ ബാക്കി എല്ലാത്തിനും മറുപടി നല്കി. ധനമന്ത്രി കെ എൻ .ബാലഗോപാൽ 183 ചോദ്യങ്ങളിൽ ഒരെണ്ണത്തിനു പോലും ഇതുവരെ മറുപടി നൽകിയിട്ടില്ല.
മുഖ്യമന്ത്രി 136 ചോദ്യങ്ങൾക്കും വീണാ ജോർജ് 107 ചോദ്യങ്ങൾക്കും മറുപടി നൽകാൻ ബാക്കിയുണ്ട്.
മുഹമ്മദ് റിയാസ് -25, ആർ . ബിന്ദു- 46 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ ഉത്തരം നൽകാത്ത ചോദ്യങ്ങളുടെ എണ്ണം. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് സഭയിൽ നേരിട്ട് മറുപടി പറയുന്പോൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിയമസഭാ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയാണു പതിവ് .
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതു മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കേന്ദ്രത്തിനെതിരേ നടത്തിയ സമരത്തിൽ കേരളാ കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണിയുടെയും ആർജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്റെയും അസാന്നിധ്യം ചർച്ചയായി.
കേരളാ കോണ്‍ഗ്രസ് മുന്നണിമാറ്റം സംബന്ധിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ സത്യഗ്രഹം നടന്നത്. ഇതിൽ ജോസ് കെ. മാണി പങ്കെടുക്കാത്തത് സംബന്ധിച്ചാണ് വ്യാപക ചർച്ച ഉണ്ടായത്. കേരളാ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് ഡോ.എൻ. ജയരാജും പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ജോസ് കെ. മാണി സത്യഗ്രഹത്തിൽ പങ്കെടുക്കുന്നില്ലെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ കേരള കോണ്‍ഗ്രസ് -എം വിശദീകരണക്കുറിപ്പിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാതെ മനപ്പൂർവം വിട്ടുനിന്നു എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്.
കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ ഏതെങ്കിലും ഒരു പരിപാടിയിൽ ഉണ്ടാകുന്ന അസാന്നിധ്യത്തെ മറ്റു രീതിയിൽ വ്യാഖ്യാനിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതിനു പിന്നിൽ കേരള കോണ്‍ഗ്രസ് -എമ്മിനെ സമൂഹമധ്യത്തിൽ കരിവാരിത്തേക്കുകയെന്ന അജണ്ടയാണുള്ളതെന്നും പാർട്ടി ചെയർമാന്റെ ഓഫീസ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആർജെഡിയെ പ്രതിനിധീകരിച്ച് ഡോ. വർഗീസ് ജോർജ് സത്യഗ്രഹത്തിൽ പങ്കെടുത്തിരുന്നു.
സമരം വെറും കോമഡി: ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രഅവഗണനക്കെതിരേ എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടത്തിയ സത്യഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനയ്ക്കെതിരേ ചെറുവിരൽ അനക്കാത്തയാളാണ് മുഖ്യമന്ത്രി. തരം കിട്ടുന്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത് ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. -ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി.രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചയ്ക്ക് മുഖ്യമന്ത്രി വരാത്തത് എന്തെന്ന് ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു.
മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാംഗ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാംഗ്മൂലത്തിലെ ആവശ്യം.
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയത്.
തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല.
സാങ്കേതിക സർവകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദേശം.
Kerala
തിരുവനന്തപുരം: ഇടവേളക്ക് ശേഷം രാജ്ഭവൻ പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച, ഡോ. ജോൺ മത്തായിയുടെ ജീവചരിത്രഗ്രന്ഥ പ്രകാശന വേദിയിലാണ് ചിത്രം സ്ഥാപിച്ചത്.
മന്ത്രിമാരുടെ ഇറങ്ങിപ്പോക്കും ബഹിഷ്കരണവും ഉൾപ്പെടെ വിവാദങ്ങളെ തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ചിത്രം സ്ഥാപിക്കില്ലെന്ന് അധികൃതർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാലിക്കറ്റ്, കേരള സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വീണ്ടും സമാന ചിത്രം വേദിയിൽ സ്ഥാപിച്ചത്.
പുസ്തക പ്രകാശന ചടങ്ങിൽ കാലിക്കറ്റ്, കേരള വി.സിമാരായ ഡോ. പി. രവീന്ദ്രൻ, ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലെ കോൺഗ്രസ് അംഗം പി. മധു, മുസ്ലിം ലീഗ് അംഗം ഡോ. റഷീദ് അഹമ്മദ്, ബിജെപി അംഗം എ.ജെ. അനുരാജ് തുടങ്ങിയവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന പേരിൽ സിപിഎം അംഗങ്ങൾ പരിപാടി ബഹിഷ്ക്കരിച്ചു.
നേരത്തെ, വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പങ്കെടുത്ത രാജ്ഭവൻ ത്രൈമാസിക ‘രാജഹംസം’ പ്രകാശന ചടങ്ങിൽ ചിത്രം സ്ഥാപിച്ചിരുന്നില്ല. അതിന് മുമ്പ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയുടെ വേദിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
പരിസ്ഥിതി ദിന പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു
Kerala
തിരുവനന്തപുരം: മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി.എൻ.വാസവനിലേക്കും അന്വേഷണം എത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റെ എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിന്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്ഐടി പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.