ന്യൂഡൽഹി: കർണാടക കോൺഗ്രസിൽ വീണ്ടും അതൃപ്തി പുകയുന്നു. വകുപ്പു വിഭജനത്തിൽ അതൃപ്തരായ രണ്ട് നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കായി ഡൽഹിക്ക് പോയി.
വകുപ്പ് അനുവദിച്ചു കിട്ടിയിട്ടും ഔദ്യോഗികമായി ചുമതലയേൽക്കാത്ത ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കലാപക്കൊടി ഉയർത്തി. കൂടാതെ, മന്ത്രിസഭയിൽ ഇടം നേടാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷദും ഡൽഹിയിലെത്തി.
മന്ത്രി രാമലിംഗ റെഡ്ഡിയുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല പ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ.
ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും തന്റെ വകുപ്പിന് കീഴിലാക്കണമെന്ന് കൃഷ്ണ ബൈരെ ഗൗഡ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നതായാണ് സൂചനകൾ.
ബംഗളൂരുവിന്റെയും പരിസര പ്രദേശങ്ങളുടെയും ആസൂത്രണത്തിലും വികസനത്തിലും പ്രധാന പങ്കുവഹിക്കുന്നതാണ് ഈ രണ്ട് ഏജൻസികളും.
ഇതിനിടെയാണ് മന്ത്രിസഭയിൽ ഇടംനേടാൻ എംഎൽഎ റിസ്വാൻ അർഷദും ശക്തമായ സമ്മർദ്ദം ചെലുത്തുന്നത്.
Tags : D k Shivakumar ministers portfolios Delhi