തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിലുണ്ടായിരുന്ന വലിയ മരം ഒടിഞ്ഞു വീണു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം.
മരം മെല്ലെ ഒടിഞ്ഞു വീഴുന്ന ശബ്ദംകേട്ട് ജീവനക്കാരും സന്ദര്‍ശകരും ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും കടന്നു പോകുന്ന ഗേറ്റിലേക്കും വഴിയിലേക്കുമാണ് മരം ഒടിഞ്ഞു വീണത്.
ഇന്നും നാളെയും അവധി ദിവസങ്ങളായതിനാല്‍ ജീവനക്കാരില്‍ പലരും ഇന്നലെ അവധിയെടുത്തതിനാല്‍ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില കുറവായിരുന്നു. മരം മറിഞ്ഞുവീണ ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു മാറ്റി. അപകടാവസ്ഥയില്‍ സെക്രട്ടറിയേറ്റ് പരിസരത്ത് നിരവധി മരങ്ങള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി സെക്രട്ടറിയേറ്റ് അസോസിയേഷന് രംഗത്തെത്തി.