താലിബാൻ കസ്റ്റഡിയിലായ ട്രാവൽ വ്ലോഗർ അരുണിമ
പാലക്കാട്: തനിച്ചു യാത്ര ചെയ്തതിന് അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിലായ ഭീതിജനകമായ അനുഭവം പങ്കുവെച്ച് മലയാളി സോളോ ട്രാവലറും യൂട്യൂബറുമായ അരുണിമ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അരുണിമയെ ബാമിയാനിൽ വെച്ചാണ് താലിബാൻ തടഞ്ഞുവെച്ചത്.
ഇന്ത്യ മാതൃരാജ്യമായ അരുണിമയെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെ ഇടപെടൽ തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശം ഏറെ ആശങ്ക പരത്തിയിരുന്നു. എന്നാൽ പിന്നീട് താൻ സുരക്ഷിതയാണെന്നും അടുത്ത ലക്ഷ്യസ്ഥാനമായ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുകയാണെന്നും അരുണിമ അറിയിച്ചു.
സ്ത്രീകൾ തനിച്ച് യാത്ര ചെയ്യാൻ അനുവാദമില്ലാത്ത അഫ്ഗാനിസ്ഥാനിൽ പ്രാദേശിക നിയമം ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി. ഓഗസ്റ്റ് 27-നാണ് അരുണിമ അഫ്ഗാൻ യാത്ര ആരംഭിച്ചത്. ഓരോ പ്രവിശ്യ കടക്കാനും പുരുഷന്റെ കൂടെയുള്ള പ്രത്യേക പെർമിറ്റ് വേണമെന്ന് താലിബാൻ നിർബന്ധം പിടിച്ചു. പെർമിറ്റില്ലാതെ തനിച്ച് രാത്രി ബാമിയാനിലെത്തിയതോടെ താലിബാൻ വളയുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അരുണിമ വ്യക്തമാക്കി.
മണിക്കൂറുകളോളം നീണ്ട ഭീതിജനകമായ അന്തരീക്ഷത്തിനൊടുവിൽ ഇവർക്ക് സുരക്ഷിതമായി പുറത്തുകടക്കാനായി. കഴിഞ്ഞ ആറ് വർഷമായി ലോകം ചുറ്റിക്കാണുന്ന അരുണിമയ്ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. കടുത്ത യാത്രാ നിയന്ത്രണങ്ങൾ മറികടന്ന് അഫ്ഗാൻ അതിർത്തി കടന്ന് 500 കിലോമീറ്റർ അകലെയുള്ള ഉസ്ബെക്കിസ്ഥാനിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
Tags : Arunima TravelVlogger LatestNews Newsupdate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash