National
ന്യൂഡൽഹി: ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയ്ക്കെതിരായ എക്സ് പോസ്റ്റുകളുമായി ബന്ധപ്പെട്ട് മാനനഷ്ടകേസിൽ സിജെപി നേതാക്കൾക്ക് താക്കീതുമായി ഡൽഹി ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്നും കോടതി പറഞ്ഞു.
സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റംഗ എന്നിവർ വസ്തുത പരിശോധിക്കാതെ ഗൗരവ് ഭാട്ടിയയ്ക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു.
സെപ്റ്റംബർ അഞ്ചിന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങൾ അദ്ദേഹത്തിന്റേതായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. പോസ്റ്റ് എഐ ഉപയോഗിച്ച് തയാറാക്കിയതാണെന്നും ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജ പ്രസ്താവന പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.
ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടകേസ് നൽകിയത്. എന്നാൽ ഇതോടകം ഒരു പോസ്റ്റ് നീക്കം ചെയ്തതായി സിജെപി നേതാക്കൾ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ നീക്കം ചെയ്യാൻ തയാറാണോ എന്ന് പരിശോധിച്ച് അറിയിക്കാൻ കോടതി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നത്. സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. അത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്കും കൃത്യമായ സംവിധാനങ്ങളുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് തള്ളിക്കളയാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം നടത്തിയ ശേഷമുള്ളതാണ് ഇഡിയുടെ റിപ്പോര്‍ട്ടെന്നും ചെന്നിത്തല പറഞ്ഞു.
നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ കൈയിലാണ് റിപ്പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടണമെങ്കില്‍ തേടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
ഇഡിയുടെ അന്വേഷണത്തിൽ ആരെങ്കിലും പേടിച്ചുപോയി എന്ന് കരുതേണ്ടെന്ന് റിയാസ് വ്യക്തമാക്കി. ഉപരികോടതികളിൽ പോയ വിഷയമാണ്. കേസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
നിരപരാധിത്വം പൂർണമായും തെളിയിക്കാനാകും. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരുതരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി. ഇതിന്റെ രാഷ്ട്രീയ നേരത്തെ പറഞ്ഞതാണ്. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പി.വി. അൻവറിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആരോപണം.
പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപറേഷനിൽ നിന്നും പണം തട്ടിയെന്നും പാരിസ്ഥിതിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമിച്ചുവെന്നും വിവരാവകാശ കൂട്ടായ്മ ആരോപിക്കുന്നു.
കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ ഇരയിൻപ്(28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാൻകുളത്തൂരിലാണ് അപകടം.
മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപെട്ട കാർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കോട്ടയം: ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സൂപ്രണ്ടിന് കൈമാറി.
ചികിത്സയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കയറാൻ സാധ്യതയില്ലെന്നും നവജാതശിശുക്കളുടെ വാരിയെല്ലിൽ കുത്തിവയ്പ് എടുക്കാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ റിപ്പോർട്ടിലെ വാദങ്ങൾ തള്ളി രംഗത്തെത്തി.
സൂചി കയറിയ വിവരം അപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരെ അറിയിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലിസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അറിയിച്ചു.
Kerala
കോട്ടയം: ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് കോടതി പിൻവലിച്ചത്. അതേസമയം തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കാപ്പൻ വ്യക്തമാക്കി.
ബോറിവലി മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Kerala
കോട്ടയം: ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം കൊപ്രാക്കളം തച്ചപ്പുഴയിൽ കെ. അനന്തു (23) ആണ് മരിച്ചത്. അനന്തുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവ് പരിക്കുകളോടെ ചികിത്സയിലാണ്.
എലിക്കുളം ചീരാംകുഴിയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. പാലാ ഭാഗത്തുനിന്ന് വന്ന ട്രാവലറും എതിർദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനന്തുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അഭിനവിന് സാരമായ പരിക്കില്ലെന്നാണ് വിവരം.
Kerala
തൃശൂർ: പിഎം ശ്രീ പദ്ധതിയോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സംഘപരിവാർ അജൻഡ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറൽ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമപ്പെടുത്തിയത്. വിഷയത്തിൽ വിമർശനം ഉന്നയിച്ച മുൻ മന്ത്രി കെ. രാജനെയും കെ.സി.വേണുഗോപാൽ പരിഹസിച്ചു.
കാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു കെ.സിയുടെ പരിഹാസം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സ സംബന്ധിച്ച് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് പ്രത്യേക സജീകരണങ്ങൾ തയാറാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നിർദേശം നൽകി.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സർക്കാർ ആശുപത്രികളില്‍ പ്രത്യേക ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദേശം.
മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി പ്രധാന ആശുപത്രികളില്‍ വാര്‍ഡുകള്‍ ഒരുക്കണം. പ്രത്യേക വാര്‍ഡുകള്‍ സജീകരിക്കാന്‍ ആയില്ലെങ്കില്‍ ബെഡുകളും മുറികളും ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
Kerala
തൃശൂർ:തൃശൂർ കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, മൂന്നുവയസുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രികരാണ് അപകടത്തിൽ മരിച്ച മൂവരും. ശനിയാഴ്ച രാത്രി 11.40 ഓടെ കുന്നംകുളം ആർത്താറ്റ് ആണ് അപകടം നടന്നത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാർ റോഡരികിലെ വൈദ്യുതപോസ്റ്റും തകർത്തു. അതേസമയം കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
കണ്ണൂർ: പി. ജയരാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി. തെറ്റുതിരുത്തലെന്ന പിണറായി നിലപാട് തന്നെയാണ് ജയരാജനും പറഞ്ഞതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
ഭിന്നതയെന്ന വാദം തെറ്റെന്നും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. പി. ജയരാജന്റെ പോഡ്കാസ്റ്റ് അഭിമുഖത്തിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. സംഭവത്തില്‍ വിശദീകരണവുമായി പി. ജയരാജനും രംഗത്തെത്തിയിട്ടുണ്ട്.
പിണറായിയെ തള്ളിപ്പറഞ്ഞു എന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് പി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ പിണറായി പ്രസംഗിക്കുന്നതിന് മുമ്പാണ് പോഡ്കാസ്റ്റ് ചിത്രീകരിച്ചത്. താനും പിണറായിയും പറഞ്ഞത് ഒരേ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം വിമർശനം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാനല്ലെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്നായിരുന്നു ജയരാജന്റെ പോഡ്കാസ്റ്റിലെ പരാമർശം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റുന്നതിൽ വിമർശനവുമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം. പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് സംഘടന അറിയിച്ചു.
പേരുമാറ്റം ക്ലിനിക്കൽ അന്ധതയെന്നാണ് സംഘടനയുടെ പ്രതികരണം. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പേരുമാറ്റം പ്രശ്ന പരിഹാരമാകില്ലെന്നാണ് സംഘടനയുടെ നിലപാട്.
പഴയ കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമാണ് പലയിടത്തുമുള്ളത്. പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പേര് മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനെസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.
National
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയിൽ വിമതനീക്കം. അഭിജിത് ദീപ്കേ നയിക്കുന്ന സിജെപി ടീം കെജ്രിവാളാണെന്ന് ആരോപിച്ചാണ് വിമതരുടെ നീക്കം. സിജെപി വോളന്റിയർ ആയിരുന്ന മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സിജെപി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബിജെപിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സിജെപിയുടെ ലക്ഷ്യമെന്നും മനീഷ് പറഞ്ഞു.
വിദ്യാർഥികളോ പൊതുജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താത്പര്യമില്ല. കെജ്രിവാളിന്റെ നിർദേശപ്രകാരം ബിജെപിയെ എതിർക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും മനീഷ് കൂട്ടിച്ചേർത്തു. എന്നാൽ ബ്രഹ്മഭട്ടിന്റെ ആരോപണങ്ങളില്‍ സിജെപിയോ ദീപ്കെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
ന്യൂഡൽഹി: കേരളത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ പോലീസ് ലക്ഷ്യമിട്ടെന്നും എഫ്ഐആർ പൂർണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഭിഷേക് ഉപാധ്യായ ഹർജിയിൽ വ്യക്തമാക്കി.
തനിക്ക് എഫ്ഐആറിന്റെ പകർപ്പ് പോലും പോലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പോലീസ് കടയുടമകളുടെ മേൽ സമ്മർദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായുടെ ഹർജി.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്ഥരെ എആർ ക്യാന്പിലേക്ക് മാറ്റും. പ്രതികൾ പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്നാണ് നടപടി. ജിഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ആറുപേരെയാണ് തത്കാലത്തേക്ക് എആർ ക്യാന്പിലേക്ക് മാറ്റുന്നത്.
എസ്എച്ച്ഒയുടെ കാര്യത്തിൽ എന്തു നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. എസ്എച്ച്ഒ പ്രശാന്ത് ഇന്നലെ സ്റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പോലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ ഗൂഢാലോചന ബന്ധമുണ്ടോയെന്നതിൽ ഡിസിപി തുടരന്വേഷണം നടത്തും.
Kerala
പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്വെസ്റ്റേഷന് ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ ഡിവിഷനിലേക്ക് മാറ്റുന്നതിൽ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ് എംപിമാര്‍. തിരുവോണ ദിനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസിനു മുന്നിലാണ് പ്രതിഷേധം. എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന് കത്തയച്ചിട്ടുണ്ട്.
തിരുവോണ ദിവസം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധം. യുഡിഎഫിലെ മുഴുവന്‍ എംപിമാരും സത്യാഗ്രഹ സമരത്തിന് എത്തും. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന അംഗീകരിക്കില്ലെന്ന് എംപിമാര്‍ യോഗത്തില്‍ വ്യക്തമാക്കി.
Kerala
അമ്പലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും മകൻ ദൃണവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം. റെയിൽപാളത്തിന് സമീപത്തെ അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ റെയിൽപാളത്തിലേക്ക് പോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
എറണാകുളത്തുനിന്ന് കൊല്ലത്തേക്കു പോയ മെമുവാണ് ഇടിച്ചാണ് അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Kerala
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴ് വയസുകാരനെ അച്ഛന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചതായി പരാതി. ചൈൽഡ് ലൈൻ അധികൃതരാണ് മർദന വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
എന്നാൽ സംഭവത്തിൽ കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
Kerala
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം വിദ്യാർഥി ബിലാലിനെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല
വീടിന് സമീപത്തെ കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കായലിൽ തെരച്ചിൽ നടത്തുന്നുണ്ട്.
Kerala
പാലക്കാട്: പാലക്കാട് വേലന്താവളത്ത് കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വേലന്താവളം ചെക്ക്പോസ്റ്റിലാണ് സംഭവം. ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അതിനുള്ളിലാണ് പണം കടത്താൻ ശ്രമിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്നു പ്രതി. എക്സൈസ് സംഘം ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Kerala
കൊച്ചി: എൽപി സ്കൂൾ വിദ്യാർഥികൾക്കുള്ള ഫ്രീഡം ക്വിസിൽ വി.ഡി സർവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന്റെ സസ്പെൻഷന് അടിയന്തര സ്റ്റേ ഇല്ല. ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയത്.
കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂൾ അധ്യാപകനായ ഗുരുപ്രസാദ് നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയത്. ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു.
മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. എൽപി സ്കൂൾ കുട്ടികൾക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വി.ഡി. സവർക്കറെ ഉൾപ്പെടുത്തിയത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരോലിൻ പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നും എന്നാൽ സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് ഇതോടൊപ്പം അറിയിച്ചു.
കരോലിന്റെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. വരാനിരിക്കുന്ന മിഡ്-ടേം തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുഖ്യ ഉപദേശകയായി അവർ പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് വകുപ്പുതല നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയെന്നും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.
സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ.എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് നടപടിയുടെ ഭാഗമായി മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
Kerala
കവരത്തി: ലക്ഷദ്വീപില്‍ കടലിൽ പട്രോളിംഗിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പോലീസ് ഔട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ ഒരാൾ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് കവരത്തിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാണാതായവർക്കായി തെരച്ചില്‍ തുടരുകയാണ്. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രോത്ത് ദ്വീപിലെ ഹിദായത്ത് എന്നിവരെയാണ് കാണാതായത്.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്ന് സണ്ണി ജോസഫ്. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു സണ്ണി ജോസഫ്.
എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിലിനെ (23) ആണ് കാണാതായത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
Kerala
വിഴിഞ്ഞം: മത്സ്യബന്ധനത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പൂന്തുറ ഫിഡസ് സെന്ററിന് സമീപം വിനിതാ നിവാസിൽ യോഹന്നാൻ(56) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് യോഹന്നാൻ വള്ളത്തിൽ കുഴഞ്ഞുവീണത്. ഇതേതുടർന്ന് വിഴിഞ്ഞം ചൗക്കഭാഗത്തേക്ക് എത്തിച്ചശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പോലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും മറ്റ് വിഷയങ്ങളിലും 'ജെൻ സി' തലമുറ നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജെൻ സിയുടെ പരാതികൾ ന്യായമാണെന്നും ജനാധിപത്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താനുള്ള വഴിയാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഐഐഎംയുഎൻ സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്ന യുവതലമുറ രാജ്യവിരുദ്ധരല്ലെന്നും അവരും നമ്മുടെ ആൾക്കാരാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരോടും സമരം ചെയ്യുന്നവരോടും പരസ്പര ബഹുമാനത്തോടും തുറന്ന മനസോടെയുമാണ് സമീപിക്കേണ്ടത്. അധികാരികളിൽ നിന്ന് യുക്തിസഹമായ ഉത്തരങ്ങളാണ് അവർ പ്രതീക്ഷിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വിദ്യാഭ്യാസം എന്നത് കച്ചവടമല്ലെന്നും അത് എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ക്രമീകരിക്കേണ്ടതാണെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു. യുവജനങ്ങൾക്ക് നേരെ നടക്കുന്ന ലാത്തിച്ചാർജ് അടക്കമുള്ള നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, പൂർണവിവരങ്ങൾ ലഭ്യമല്ലെങ്കിലും താൻ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും നോക്കിക്കാണുന്നത് 'ജെൻ സി' തലമുറയെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
റിയാദ്: സൗദി അറേബ്യയിലെ അൽക്കോബാറിൽ പ്രഭാത സവാരി നടത്തുന്നതിനിടെ വാഹനമിടിച്ചു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം കാളികാവ് അടക്കാകുണ്ട് സ്വദേശി ചോലശേരി അബ്ദുൾ റഷീദ് (60) ആണ് അന്തരിച്ചത്.
കഴിഞ്ഞദിവസം രാവിലെ പതിവുപോലെ നടക്കാനിറങ്ങിയ സമയത്ത് ഇയാളെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ദഹ്റാൻ പ്രോ കെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മേൽനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്സൈസ്. ഓപ്പറേഷന് ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി. നേരത്തെ കള്ള് ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് കർശന നിർദേശവുമായി മുന്നോട്ടുവന്നത്. ലൈസന്‍സില്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് നേരത്തെയും എക്സൈസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്തരവിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പുതിയ ഉത്തരവ്.
National
ന്യൂഡൽഹി: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് കോടതി തള്ളി. ഗോവ സർക്കാരിന്റെ അപ്പീലിലാണ് ഈ നിർണായക നടപടി.
വിധി പുറത്തുവന്നപ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തേജ്പാലിനെ ഉടനടി കസ്റ്റഡിയിലെടുത്തു. ശിക്ഷാവിധി സംബന്ധിച്ച വാദങ്ങൾ കോടതി ഉടൻതന്നെ പരിഗണിക്കും. ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഈ കേസിൽ 2021-ൽ ഗോവയിലെ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.
ഈ വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യാഘാതമുള്ള ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയ ശേഷം കെഎസ്ആർടിസി സ്വന്തം നിലയ്ക്കാണ് കൊറിയർ സർവീസ് പുനഃരാരംഭിക്കാൻ പദ്ധതിയിടുന്നത്.
സ്വകാര്യ ഏജൻസിയെ ഒഴിവാക്കിയതിന് പിന്നാലെ കെഎസ്ആർടിസി കൊറിയർ സർവീസ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിരുന്നു.
സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെ ആയിരുന്നു നടപടി. കൊറിയർ സർവീസിന്റെ ചുമതല ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്ക് നേരിട്ടായിരുന്നു. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനായിരുന്നു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്.
എന്നാൽ സ്വകാര്യ ഏജൻസി സർവീസ് ആരംഭിച്ചതിന് പിന്നാലെ വ്യാപക പരാതി ഉയരുകയായിരുന്നു. അതേസമയം കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും.
Kerala
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ ഏഴ് പേരാണ് സംഭവത്തിൽ പ്രതികളായിട്ടുള്ളത്. പെൺകുട്ടിയുടെ വീട്ടുകാർ താമസിച്ചിരുന്ന വാടകകെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതലാണ് കുട്ടി സ്വന്തം പിതാവിൽ നിന്നും പീഡനത്തിനിരയായത്. നിലവിൽ വിദേശത്തുള്ള കുട്ടിയുടെ അച്ഛനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു.
സ്കൂളിൽ വച്ച് സഹപാഠികളോട് കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് സിഡബ്ല്യുസി (CWC) വഴി വിവരം പോലീസിന് ലഭിക്കുകയും കേസെടുക്കുകയുമായിരുന്നു.
മലയാലപ്പുഴ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിൽ ഒരു കേസ് പെരുനാട് പോലീസിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ബാക്കി മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: ഏലൂരിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രകോപനത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്ത യുവാവ് കൈമുറിഞ്ഞ് രക്തം വാർന്നു മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
വീട്ടിലെ വാക്കുതർക്കത്തിനിടയിൽ കലിപൂണ്ട പ്രവീൺ അടുക്കള വാതിലിന്റെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. ഇതിനിടയിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നതിനെ തുടർന്ന് അദ്ദേഹം ഉടൻ തന്നെ കുളിമുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ പരിഭ്രാന്തരായി ഏലൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പ്രവീണിനെ ഉടൻ തന്നെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഷിംനയാണ് ഭാര്യ. ആൻഡ്രിയ, അജോയ് എന്നിവരാണ് മക്കൾ.
Kerala
തൃശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കി. ഇന്ന് പുലർച്ചെ മൂന്നോടെയാണ് പലചരക്ക് കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മാളിയേക്കൽ പോൾ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ മുൻവശത്തെ ഷട്ടറും ചില്ലുകളും തകർത്താണ് കൊമ്പൻ അകത്തുകയറിയത്.
കടയ്ക്കുള്ളിൽ നിലയുറപ്പിച്ച ആന അവിടെയുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് തുടർന്ന ആനയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഒടുവിൽ തുരത്തിയോടിച്ചത്. വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന പാതയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിലെ ഏക പലചരക്ക് കടയാണ് ഇത്.
National
ലക്നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടർന്ന് വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. കൊട്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ മഹുലിയിലാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്‍ന്നതെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്‍ത്തനം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: 20 ലക്ഷം ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം കൈവരിച്ചു കേരള പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ്. ലോകത്ത്, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജുകളില്‍ രണ്ടു ദശലക്ഷം ഫോളോവേഴ്സ് എന്ന റിക്കാര്‍ഡ് നേടുന്ന ആദ്യ ഇന്‍സ്റ്റഗ്രാം പേജെന്ന നേട്ടമാണു കേരള പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനു നിലവില്‍ 2.3 ദശലക്ഷം ഫോളോവേഴ്സുണ്ട്.
ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുക, സുരക്ഷാ സന്ദേശങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കേരള പൊലീസ് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുവരുന്നത്.
സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകിന്റെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബി.ടി. അരുണ്‍, ഹവില്‍ദാര്‍ സി. നിധീഷ് എന്നിവരാണു പോലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.
National
ന്യൂഡൽഹി: താജ് മഹലിൽ പൂജ നടത്താനുള്ള ഹിന്ദുത്വ സംഘടനയുടെ ശ്രമം തടഞ്ഞ് ആഗ്ര പോലീസ്. അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രവർത്തകരാണ് മുഗൾ നിർമിതിയായ താജ് മഹൽ യഥാർഥത്തിൽ ഒരു ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടു പൂജ നടത്താൻ ശ്രമിച്ചത്. പ്രവർത്തകർ പൂജ നടത്താൻ താജ് മഹലിനുള്ളിലേക്ക് കയറാൻ ശ്രമിക്കുമെന്നു മുൻകൂറായി വിവരം ലഭിച്ച അധികൃതർ വഴിയിൽ ഇവരെ തടയുകയായിരുന്നു.
കാൻവാർ തീർത്ഥാടകരായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ 11 വനിതാ പ്രവർത്തകരാണ് താജ് മഹൽ തേജോ മഹാലയ എന്ന ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച ജലാഭിഷേകം നടത്താൻ ശ്രമിച്ചത്. പുണ്യമാസമായി കരുതപ്പെടുന്ന ശ്രാവൺ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായിരുന്നു ഹിന്ദുത്വ സംഘടനാ പ്രവർത്തകർ പൂജക്കായി ശ്രമിച്ചത്.
പൂജാ ശ്രമം തടഞ്ഞ പോലീസ് പ്രവർത്തകരെ അടുത്തുള്ള രാജേശ്വർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും അവർ അവിടെ ജലാഭിഷേകം നടത്തുകയുമായിരുന്നു. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ടു ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഇതിനു മുമ്പും മുഗൾ മന്ദിരത്തിൽ പൂജ നടത്താൻ ശ്രമിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പെൺകുട്ടി മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണങ്ങളിൽ നിന്ന് മോചനമില്ല. നിരന്തരമുള്ള ഭീഷണികളെ തുടർന്ന് പെൺകുട്ടിക്കും കുടുംബത്തിനും ഇതിനോടകം മൂന്ന് തവണ താമസസ്ഥലം മാറ്റേണ്ടി വന്നു. സുരക്ഷാ ഭീഷണികൾ കാരണം കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും തടസപ്പെട്ട നിലയിലാണ്.
പ്രതിഷേധക്കാരുടെ സ്വാധീനത്തിൽ പെട്ടാണ് താൻ മോശം വാക്കുകൾ ഉപയോഗിച്ചതെന്നും, തനിക്ക് 15 വയസ് മാത്രമാണ് പ്രായമുള്ളതെന്നും വ്യക്തമാക്കി പെൺകുട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞുകൊണ്ട് രാജ്യത്തോട് മാപ്പ് ചോദിച്ചിരുന്നു. പെൺകുട്ടിക്ക് 15 വയസ് മാത്രമാണ് പ്രായമെന്നിരിക്കെ, ഇരുപത്തഞ്ചുകാരിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയാണെന്ന തരത്തിൽ ഓൺലൈനിൽ വ്യാജ പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്.
മനഃപൂർവം ആക്രമിക്കാനാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. പോലീസിൽ നിന്ന് തങ്ങളുടെ വിവരങ്ങൾ ചോർന്നതായും കുട്ടിയുടെ മേൽവിലാസം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും കുടുംബം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ഗൗരവമേറിയ വിഷയത്തിൽ പെൺകുട്ടിക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകളും നിയമനടപടികളും ഉണ്ടാകണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.
National
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച ശക്തമായ പ്രതിഷേധങ്ങൾക്ക് ശേഷം, അടുത്ത ഘട്ട യുവജന മുന്നേറ്റത്തിന് തുടക്കമിടാൻ കോക്രോച്ച് ജനതാ പാർട്ടി. രാജ്യത്തുടനീളമുള്ള യുവാക്കളെ നേരിൽകണ്ട് അവരുടെ അഭിപ്രായങ്ങളും പ്രശ്നങ്ങളും കേൾക്കുന്നതിനായി ഒരു 'ലിസണിംഗ് ടൂർ' ആരംഭിക്കാൻ പാർട്ടി തീരുമാനിച്ചു.
ഭാവി പരിപാടികൾക്ക് രൂപം നൽകുന്നതിനായി ഓഗസ്റ്റ് 5, 6 തീയതികളിൽ മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ വച്ച് പാർട്ടിയുടെ നിർണായക യോഗം ചേരും. പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ, മുഖ്യ വക്താവ് സൗരവ് ദാസ്, മറ്റ് സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ യോഗം നടക്കുന്നത്.
ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത പ്രധാന വോളന്റിയർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. രാജ്യവ്യാപകമായി നടത്തുന്ന ലിസണിംഗ് ടൂറിന്റെ തീയതികളും മറ്റ് വിശദവിവരങ്ങളും ഉടൻ പ്രഖ്യാപിക്കും. യുവാക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന മികച്ചൊരു മുന്നേറ്റമായി മുന്നോട്ടുപോകുമെങ്കിലും, ഒരു രാഷ്ട്രീയ പാർട്ടിയായി മാറുവാൻ നിലവിൽ പദ്ധതിയില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വ്യക്തമാക്കി.
National
ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ അശ്ലീലവും ദ്വയാർത്ഥമുള്ളതുമായ പരാമർശം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് പരാതി നൽകി.
തഞ്ചാവൂരിൽ കാവേരി തർക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ റാലി പ്രസംഗത്തിനിടെയായിരുന്നു വിവാദ സംഭവം. മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമർശിച്ചു സംസാരിക്കുന്നതിനിടെ സദസ്സിൽ നിന്ന് ആരോ "തൃഷ, തൃഷ" എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ അധിക്ഷേപകരമായ ദ്വയാർത്ഥ പ്രയോഗമാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.
പൊതുവേദിയിൽ വച്ച് ഒരു സ്ത്രീയെ വസ്തുവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവിന്റെ സംസ്കാരശൂന്യമായ പ്രയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ടിവികെയുടെ തീരുമാനം.
ഉദയനിധിയുടെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധം മാത്രമല്ല, തികച്ചും അറപ്പുളവാക്കുന്നതാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും തമിഴ്നാട് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. എം.കെ. സ്റ്റാലിൻ ഇതിനെതിരെ മിണ്ടാതിരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കോലഞ്ചേരി: പോലീസിനെ ആക്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം തടവ് ശിക്ഷ. കോലഞ്ചേരി തമ്മാനിമറ്റം മൂന്ന് സെന്റ് നഗറിൽ മണിയൻപാറ വീട്ടിൽ സാജുവിനെ (58) ആണ് മൂന്നു വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാളുടെ മാതാപിതാക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ട്ർ ശശിധരൻ, സിപിഒ ബിൻസ് എന്നിവരെ ആക്രമിക്കുകയായിരുന്നു.
2025 ജൂലൈയിലാണ് സംഭവം. മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചതിന് അനുസരിച്ചാണ് പോലീസ് സ്ഥലത്ത് എത്തിയത്. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഇയാൾ ആക്രമണം നടത്തിയത്. അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി.ശശിധരൻ, മനോജ് കുമാർ, സിപിഒ ബിൻസ് എബ്രഹാം എന്നിവരാണ് ഉണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാമായണ പാരായണത്തിനിടെ മൈക്കിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. നരുവാമൂട് മാർത്ത ണ്ഡേശ്വരം എൽപി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടിൽ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ഓടെ ആയിരുന്നു സംഭവം. രാമായണ പാരായണത്തിനായി മൈക്ക് എടുത്ത് വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻതന്നെ കൃഷ്ണമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്നാണ് കത്തിലെ ആവശ്യം.
കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് കെ.സി.വേണുഗോപാൽ കത്തിൽ വ്യക്തമാക്കുന്നു.
Kerala
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
അരൂർ: വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ഒന്നാം വാർഡിലെ രാഹുൽ നിവാസിൽ കെ.കെ. രമേശൻ (72) ആണ് മരിച്ചത്. തലയ്ക്ക് പിന്നിൽ മുറിവും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു മൃതദേഹം.
എന്നാൽ മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. മകൾ പല തവണ ഫോണിൽ വിളിച്ചിട്ടും രമേശൻ ഫോൺ എടുക്കാതിരുന്നതിനെ തുടർന്നാണ് അയൽവാസിയെ വിവരം അറിയിച്ചത്.
ഇതേ തുടർന്ന് അയൽവാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ മലർന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരു കൈ സ്ലാബിൽ പിടിച്ച നിലയിലായിരുന്നു മൃതദേഹം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിന്നിലേക്ക് വീഴുന്നതിനിടെ സ്ലാബിൽ പിടിച്ചതാകാമെന്നും വീഴ്ചയിൽ തല തട്ടിയാണ് മുറിവ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
International
ബ്രസീലിയ: ഡെങ്കിപ്പനി, ചികുൻഗുനിയ, സിക്ക എന്നിവയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരേ വേറിട്ട പ്രതിരോധവുമായി ബ്രസീൽ. രോഗകാരികളായ പെൺകൊതുകുകളുടെ പ്രജനനം തടയാൻ ലബോറട്ടറിയിൽ പ്രത്യേകം വന്ധ്യംകരിച്ച ലക്ഷക്കണക്കിന് ആൺകൊതുകുകളെ തുറന്നുവിട്ടാണ് ബ്രസീലിലെ ആരോഗ്യവകുപ്പ് പ്രതിരോധം തീർക്കുന്നത്.
കാർഷികമേഖലയിൽ കീടങ്ങളെയും ‘ഫ്രൂട്ട് ഫ്ലൈ’ പോലെയുള്ള ഈച്ചകളെയും തുരത്താൻ ഉപയോഗിച്ചിരുന്ന ‘സ്റ്റെറൈൽ ഇൻസെക്റ്റ് ടെക്നിക്’ എന്ന ശാസ്ത്രീയരീതിയാണ് കൊതുകുകൾക്കെതിരേയും ബ്രസീൽ വിജയകരമായി പ്രയോഗിക്കുന്നത്.
ഡ്രോണുകൾ വഴി ആകാശത്തുനിന്ന് ആക്രമണം
ഡെങ്കിപ്പനി പരത്തുന്ന ‘ഈഡിസ് ഈജിപ്തി’ ഇനത്തിൽപ്പെട്ട കൊതുകുകളെയാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന ആൺകൊതുകുകളെ റേഡിയേഷൻ വഴി പ്രജനനശേഷി ഇല്ലാത്തവയാക്കി മാറ്റുന്നു. തുടർന്ന് ഡ്രോണുകൾ ഉപയോഗിച്ച് നഗരപ്രദേശങ്ങൾക്കു മുകളിലൂടെ ഇവയെ വൻതോതിൽ പറത്തിവിടുകയാണ് ചെയ്യുന്നത്. ബ്രസീലിൽ ഇത്തരത്തിൽ കൊതുകുകളെ ഉത്പാദിപ്പിക്കുന്ന മൂന്നു ലബോറട്ടറികളാണു പ്രവർത്തിക്കുന്നത്.
കടിക്കില്ല, രോഗം പരത്തില്ല
മനുഷ്യരെ കടിക്കുന്നതും രോഗങ്ങൾ പരത്തുന്നതും പെൺകൊതുകുകൾ മാത്രമാണ്. ഇവയുടെ മുട്ടകൾ ശരിയായി വളരുന്നതിനും വിരിയുന്നതിനും പ്രോട്ടീനും അയണും അത്യന്താപേക്ഷിതമാണ്. ഇതിനായി മാത്രമാണ് ഇവ മനുഷ്യരെയും മറ്റു ജീവികളെയും കടിച്ച് രക്തം കുടിക്കുന്നത്. എന്നാൽ ലബോറട്ടറിയിൽ നിർമിക്കുന്ന ആൺകൊതുകുകൾ മനുഷ്യർക്കു ഭീഷണിയല്ല.
പ്രജനനശേഷിയില്ലാത്ത ഈ ആൺകൊതുകുകൾ പുറത്തുള്ള പെൺകൊതുകുകളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മുട്ടകൾ വിരിയാതാകുന്നു. ഇതോടെ ഏതാനും ആഴ്ചകൾക്കുള്ളിൽ ആ പ്രദേശത്തെ കൊതുകുകളുടെ എണ്ണം 90 ശതമാനം വരെ കുറയുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പുതിയ പ്രതിരോധമാർഗം ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസിലും ഭരണതലത്തിലും പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ നിർണായക മാറ്റങ്ങൾ. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിനെ പുതിയ പോലീസ് മേധാവിയായി (ഡിജിപി) നിയമിക്കാൻ തീരുമാനമായി. നിലവിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) പുതിയ മാനേജിംഗ് ഡയറക്ടറായും (എംഡി) നിയമിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി
ക്രൈംബ്രാഞ്ച് മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് എസ്. ശ്രീജിത്ത് സംസ്ഥാന പോലീസ് സേനയുടെ തലപ്പത്തേക്ക് എത്തുന്നത്. നിലവിലുള്ള എംഡിക്ക് പകരക്കാരനായിട്ടാണ് യോഗേഷ് ഗുപ്ത ബിവറേജസ് കോർപ്പറേഷൻ സാരഥ്യം ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനവും ഭരണസംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ അഴിച്ചുപണി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേർക്ക് പരിക്ക്. പാറ്റൂർ ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. കാർ യാത്രികർ മദ്യലഹരിയിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിൽ ഇടിച്ച ശേഷം നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രികന്റെ കാൽ പൂർണമായും മുറിഞ്ഞുപോയതായാണ് വിവരം. കാറിലുണ്ടായിരുന്നവരെ വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
മലപ്പുറം: കാണാതായ പ്രമുഖ യൂട്യൂബറർ മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. മേഘാലയയിലെ വനമേഖലയോട് ചേർന്ന ഭാഗത്തുനിന്നാണ് ദിൽഷാദിനെ കണ്ടെത്തിയത്. ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഇദ്ദേഹം നിലവിൽ മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
യാത്ര ടുഡേ എന്ന ഇയാളുടെ യൂട്യൂബ് ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലും സ്ഥലങ്ങളിലും നിരന്തരം യാത്രകൾ നടത്താറുള്ള ദിൽഷാദ്, ഈ മാസം ആറിനാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ജൂലൈ 22 വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നെങ്കിലും പിന്നീട് നാലുദിവസമായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഫോണിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദിൽഷാദ് ആശുപത്രിയിൽ സുരക്ഷിതനായി ഉണ്ടെന്ന വിവരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Kerala
കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകിയില്ലെന്ന കാരണത്താൽ വയോധികനായ കച്ചവടക്കാരന് ക്രൂരമർദനം. തുരുത്തി സ്വദേശി ഹനീഫിനാണ് (66) മർദനമേറ്റത്. സംഭവത്തിൽ നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയായ 'തീക്കട്ട ബൈജു' എന്ന ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സൗജന്യമായി മത്സ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ പ്രകോപിതനായ ബൈജു, ഹനീഫിന്റെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ഹനീഫിന്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പണ കൊടുത്ത് വാങ്ങുന്ന മത്സ്യം സൗജന്യമായി നൽകാൻ കഴിയുമോ എന്ന് ചോദിച്ചതിന് അമ്മയെപ്പോലും അസഭ്യം പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ഹനീഫ് പറഞ്ഞു.
പോലീസുകാരുടെ മുന്നിൽ വെച്ചാണ് അക്രമി മദ്യപിക്കാറുള്ളതെന്നും ഇയാൾ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ഹനീഫ് വെളിപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ബൈജുവിനെതിരേ കേസെടുത്തത്. മുമ്പ് മത്സ്യബന്ധന ബോട്ടിന്റെ മോട്ടോർ നശിപ്പിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിജിലൻസിന്റെ അഴിമതി വിരുദ്ധ പരിപാടിക്കിടെ നടൻ നിവിൻ പോളിയെ കുറിച്ച് സംസാരിക്കവെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വേദിയിൽ നാക്കുപിഴ. നിവിൻ പോളി എന്ന പേരിന് പകരം ‘ആക്ഷൻ ഹീറോ നവീൻ പോളി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രസംഗത്തിനിടെ പേര് മാറി പറഞ്ഞതോടെ വേദിയിലും സദസിലും ചിരി പടർന്നു.
തനിക്ക് പറ്റിയ അമളി ഉടനടി തിരിച്ചറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് തെറ്റിപ്പോയെന്നും യഥാർഥ ആക്ഷൻ ഹീറോ ആരാണെന്ന് സദസിലുള്ളവർക്ക് തന്നെ പറയാമെന്നും ചിരിയോടെ തിരുത്തുകയായിരുന്നു.‘ആക്ഷൻ ഹീറോ ബിജു’ അടക്കമുള്ള സിനിമകളിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രങ്ങൾ അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്നവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് വിജിലൻസ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ‘വിജിലൻസ് വിസിൽ’ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് രസകരമായ ഈ സംഭവം നടന്നത്. പദ്ധതിയുടെ ആദ്യ വിസിൽ കമാൻഡോയായി നടൻ നിവിൻ പോളിയാണ് ചടങ്ങിൽ അണിചേർന്നത്.
Kerala
തിരുവനന്തപുരം: അഴിമതി നിർമാർജനത്തിനായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേർന്ന് നടപ്പിലാക്കുന്ന 'പ്രൊജക്റ്റ് സീറോ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങിൽ ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടൻ നിവിൻ പോളി വിജിലന്‍സ് വിസില്‍ മുഴക്കി.
പദ്ധതിയുടെ തുടക്കം വലിയൊരു മാറ്റത്തിന് വഴിവെക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. "നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ സമൂഹം തകരും. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും കുറുക്കുവഴികള്‍ സ്വീകരിക്കുന്നതും അഴിമതി തന്നെയാണ്.
നേരായ വഴിയില്‍ കാര്യങ്ങൾ നടക്കില്ലെന്ന തെറ്റായ ധാരണയാണ് ആദ്യം മാറേണ്ടത്. ഈ മാറ്റങ്ങൾ കണ്ടുതുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ വഴിയിൽ സഞ്ചരിക്കാൻ പ്രചോദിപ്പിക്കാതെ, അനാവശ്യമായി പ്രോത്സാഹിപ്പിച്ച് അപകടത്തിലാക്കുന്ന കൂട്ടുകാരില്‍ നിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ചോദ്യം ചെയ്യുന്ന പുതിയ തലമുറയ്ക്കും പ്രതികരണശേഷിയുള്ള ജനതയ്ക്കും മാത്രമേ ശക്തമായ ഭരണസംവിധാനം കെട്ടിപ്പടുക്കാൻ കഴിയൂവെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ഓപ്പറേഷന് തൂഫാന് ലഭിച്ച വലിയ സ്വീകാര്യതയും പിന്തുണയും 'പ്രൊജക്ട് സീറോ'യ്ക്കും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല അഭ്യർഥിച്ചു.
Kerala
ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അപ്രതീക്ഷിത അറസ്റ്റ് നീക്കങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷ്. 2021-ൽ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അവർ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു.
സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രനാണ് ഐഷിക്ക് വേണ്ടി ഹരജി നൽകിയത്. സമീപകാലത്ത് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ ഐഷി സജീവമായി പങ്കാളിയായിരുന്നു. എന്നാൽ ഈ സമരങ്ങളുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പഴയൊരു കേസിലാണ് പോലീസ് തിടുക്കപ്പെട്ട് നടപടിയെടുക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തി ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി നേതാക്കളും അഭിഭാഷകരും ശക്തമായി എതിർത്തതോടെ സംഘം മടങ്ങുകയായിരുന്നു. തുടർന്ന് അർധരാത്രിയിൽ മഫ്തിയിലെത്തിയ പോലീസ് സംഘം ഐഷിയുടെ താമസം, എകെജി ഭവനിലെ സന്ദർശനം, നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെക്കുറിച്ച് സുരക്ഷാ ജീവനക്കാരോട് അന്വേഷിച്ചതായാണ് വിവരം
Kerala
കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന സമയത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയത്ത് പാലിക്കപ്പെടുന്നില്ലെന്നും, രാവിലെ 7 മുതൽ തന്നെ പലയിടത്തും ബാറുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട്ടുകാരനായ അദ്ദേഹമല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വ്യക്തമാക്കിയ ലിജു, കോട്ടയം ജില്ലയിൽ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയിൽ വ്യാപകമാകുന്ന കള്ളവാറ്റ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഷാപ്പുകളുടെ വ്യക്തമായ പട്ടിക ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ വേർതിരിച്ചുള്ള പട്ടിക അടിയന്തരമായി തയാറാക്കി സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ പങ്കെടുത്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് തനിക്കെതിരെ ക്രൂരമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇല്ലാത്ത കഥകൾ ചമച്ച് തന്നെ ആക്രമിച്ച് ആനന്ദം കണ്ടെത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് അവർ കുറ്റപ്പെടുത്തി.
"ഏത് ആരാധനാലയത്തിൽ പോയാലും അവിടുത്തെ ആചാരങ്ങളും മര്യാദകളും പാലിച്ചാണ് പെരുമാറാറുള്ളത്. അമ്പലത്തിലായാലും പള്ളിയിലായാലും ഇത് തുടരുന്നു. പള്ളികളിൽ പോകുമ്പോൾ തല മറയ്ക്കുന്നത് സാധാരണ മര്യാദയാണ്. ഒട്ടും ഉറങ്ങാതെയാണ് ഉമ്മൻ ചാണ്ടിയുടെ ഓർമ ദിനത്തിൽ പങ്കെടുത്തത്. എന്നെ 'അഭിനയ സാമ്രാട്ട്' എന്ന് വിളിച്ച് അവഹേളിക്കുന്നവർക്ക് അതിലൂടെ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ," അവർ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള അധിക്ഷേപങ്ങൾ തുടർന്നാൽ അതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെണ്മക്കള് എന്നല്ല മക്കള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പാചകത്തെക്കുറിച്ചുള്ള പരാമർശം. കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല.
താൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു.