ആന്റോ അഗസ്റ്റിൻ, വി.ഡി.സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തിൽ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തുവെന്നും ഈ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ ഒരു വെളിപ്പെടുത്തിയിരുന്നു. ഈ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നുമാണ് രാജു പി. നായരുടെ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലിസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന നടപടി സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Fake Marriage Allegation V.D.Satheesan Police Case Anto Augustine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash