അഭിമന്യു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഈ മാസം 22ന് വിധി പറയാനായി മാറ്റി. ഇന്ന് അപേക്ഷ പരിഗണിക്കവേ പ്രതികളുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
മാധ്യമപ്രവര്‍ത്തകരുടെ കോടതി പ്രവേശനം നിയന്ത്രിക്കണമെന്നും തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതു തടയണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് പ്രതികള്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍, പൊതു പ്രാധാന്യമുള്ള കേസാണിതെന്നും അത് റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്നും തടയാനാകില്ലെന്നും സ്‌പെഷ്യല്‍ പബ്ലിക് പോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് വാദിച്ചു.
ഏറെനാളായി ജാമ്യത്തിലുള്ള പ്രതികളുടെ ഫോട്ടോ പകര്‍ത്താന്‍ കോടതിയില്‍ വച്ച് ശ്രമം ഉണ്ടാകുമെന്ന പരാതിയും മഹാരാജാസ് കോളജ് അടുത്തായതിനാല്‍ വിദ്യാര്‍ഥികള്‍ കോടതിയില്‍ കൂട്ടംകൂടാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രതികളുടെ ആശങ്ക അസ്ഥാനത്താണ്. ഏതു ക്രമസധാന പ്രശ്‌നവും നേരിടാന്‍ പൊലിസ് സുസജ്ജമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍, പ്രതികളുടെ അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ടു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. എട്ട് വര്‍ഷത്തിനുശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഡിസംബര്‍ ആറിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Tags : Abhimanyu MurderCase Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs