മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നു എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വെളിപ്പെടുത്തൽ. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയതെങ്കിലും രേഖകളുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്ത യുവാക്കളെ ഉടൻ കണ്ടെത്തണമെന്നും അവർക്കെതിരെ കേസെടുക്കണമെന്നും രാജു പി. നായരുടെ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതി സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയ്ക്ക് കൈമാറുകയായിരുന്നു. തുടർന്ന് കേസെടുക്കാനുള്ള കർശന നിർദേശത്തോടെ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി.
Tags : Fake Marriage Allegation V.D. Satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash