ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ കണ്ടെത്തിയ വിചിത്രരൂപത്തിലുള്ള കുഴികൾ (നാസ പുറത്തുവിട്ട ചിത്രം).
ചൊവ്വയുടെ ഉപരിതലത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദുരൂഹമായ കുഴികൾ കണ്ടെത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ. ഗെയ്ൽ ക്രേറ്ററിലുള്ള മൗണ്ട് ഷാർപ്പ് പർവതനിരകളിലെ വാലെ ഗ്രാന്ഡെ എന്ന താഴ്വരയിലൂടെ സഞ്ചരിക്കുമ്പോഴാണ് റോവർ അസാധാരണ ഘടനകൾ ക്യാമറയിൽ പകർത്തിയത്.
ഉൽക്കാപതന കുഴികളിൽനിന്നു വ്യത്യസ്തം
ചൊവ്വയിൽ ഉൽക്കാപതനങ്ങൾ മൂലം ഗർത്തങ്ങൾ ഉണ്ടാകുന്നതു സാധാരണയാണെങ്കിലും, ഇപ്പോൾ കണ്ടെത്തിയവ തികച്ചും വ്യത്യസ്തമാണെന്നു നാസ വ്യക്തമാക്കി. സാധാരണയേക്കാൾ കൂടുതൽ വീതിയുള്ളതും എന്നാൽ ആഴം കുറഞ്ഞതുമായ ഘടനയാണ് ഇവയ്ക്കുള്ളത്. മുൻപു ചൊവ്വയിൽ കണ്ടെത്തിയ മറ്റു കുഴികളിൽനിന്നു ഘടനാപരമായി ഇവ വലിയ വ്യത്യാസം പുലർത്തുന്നു.
സാധാരണയായി പാറകൾക്കിടയിൽ കാണപ്പെടുന്ന കാഠിന്യമുള്ള ചെറിയ കല്ലുകളോ ധാതുക്കളോ കാറ്റും മറ്റു ശക്തികളും കാരണം തകർന്നു പോകുമ്പോഴാണ് ഉപരിതലത്തിൽ ചെറിയ കുഴികൾ രൂപപ്പെടുന്നത്. എന്നാൽ പുതിയതായി കണ്ടെത്തിയ മേഖലയിൽ ഇത്തരം കല്ലുകളുടെയോ ധാതുക്കളുടെയോ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് ഇതിന്റെ രൂപീകരണത്തെക്കുറിച്ചുള്ള നിഗൂഢതയേറുന്നത്.
പഠനങ്ങൾ തുടരും
റോവറിലുള്ള 'മാർസ് ഹാൻഡ് ലെൻസ് ഇമേജർ', മാസ്റ്റ്കാം, കെംകാം എന്നീ അത്യാധുനിക ക്യാമറകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. പല കോണുകളിൽ നിന്നുള്ള ചിത്രങ്ങൾ സംയോജിപ്പിച്ച് ത്രിമാന മാപ്പുകൾ തയാറാക്കി, ഈ കുഴികളുടെ ആഴവും രൂപവും കൃത്യമായി അളന്ന് ഇവയുടെ ഉത്ഭവം മനസിലാക്കാനാണു ശാസ്ത്രജ്ഞരുടെ ശ്രമം.
റോവർ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പാറകളുടെ പാളികളിലും ഘടനയിലും വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തുണ്ടായ പാരിസ്ഥിതിക മാറ്റങ്ങളുടെ സൂചനയാണിതെന്നു ശാസ്ത്രലോകം വ്യക്തമാക്കുന്നു. 14 വർഷമായി ചൊവ്വയിൽ തിരച്ചിൽ തുടരുന്ന ക്യൂരിയോസിറ്റി റോവറിന് ഇപ്പോഴും പുതിയ അത്ഭുതങ്ങൾ സമ്മാനിക്കാൻ കഴിയും എന്നതിന്റെ തെളിവാണു പുതിയ കണ്ടെത്തൽ.
Tags : SpaceScience NASA Mars ValleGrande GaleCrater CuriosityRover