ഹൈക്കോടതി
കൊച്ചി: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് എല്ലാ മാസവും പത്തിനകം ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി.
സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയ പരിഗണിക്കുന്ന ഹർജിയിലാണു, നടപടി പുരോഗതി മേൽനോട്ടത്തിനായി സർക്കാർ രൂപീകരിച്ച ഉന്നതാധികാര സമിതിക്കു ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഹർജി വീണ്ടും ഒക്ടോബർ 29ന് ഉച്ചയ്ക്ക് 1.45നും തുടർന്ന് എല്ലാ മാസവും മൂന്നാം വ്യാഴാഴ്ചകളിലും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും അക്രമാസക്തരായ നായക്കളെ ദയാവധത്തിന് വിധേയമാക്കാനുമുള്ള പൊതു നടപടിക്രമങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിച്ചു. നായ്ക്കളെ പിടികൂടുന്നത് മുതൽ വന്ധ്യംകരണം വരെയുള്ള പദ്ധതികളടങ്ങുന്നതാണ് റിപ്പോർട്ട്.
നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. അക്രമാസക്തരായ നായ്ക്കളെയും മാറാരോഗമുള്ളവയെയും തിരിച്ചറിഞ്ഞു നീക്കം ചെയ്യാൻ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
എല്ലാ തദ്ദേശ സ്ഥാപനത്തിലും തെരുവുനായ പരിപാലന സമിതികൾ രൂപീകരിച്ചിട്ടുണ്ടോ, വന്ധ്യംകരണ നടപടികളുടെ സ്ഥിതിയെന്ത്, തുടങ്ങിയവയടങ്ങുന്ന വിശദീകരണം ഉന്നതതല സമിതി റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Tags : HighCourt Reports StrayDog Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs