സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം ലൈവിനിടെ പിതാവ് മകനെ ക്രൂരമായി ശിക്ഷിക്കുന്നതിന്‍റെ ഒരു വീഡിയോ.
മകൻ രഹസ്യമായി പുകവലിച്ചതും അമ്മയോട് മോശമായി പെരുമാറിയതും കണ്ടെത്തിയതിനെത്തുടർന്നാണ് പിതാവ് മകനെ ബെൽറ്റ് ഉപയോഗിച്ച് മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയൊരു തർക്കത്തിലേക്ക് നീങ്ങിയത്.
താൻ ചെയ്ത തെറ്റിനെക്കുറിച്ച് മകനെ ചോദ്യം ചെയ്തുകൊണ്ട് ബെൽറ്റ് കൊണ്ട് തുടർച്ചയായി അടിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.
കുട്ടികളെ ശരിയായ പാതയിൽ വളർത്താൻ ഇത്തരം കടുത്ത നടപടികൾ ആവശ്യമാണെന്ന് വിശ്വസിക്കുന്നവർ ഒരുവശത്ത് നിൽക്കുമ്പോൾ, സ്വന്തം മകനെ തല്ലുന്ന ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത് അങ്ങേയറ്റം ലജ്ജാകരവും മനുഷ്യത്വരഹിതവുമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അച്ചടക്കത്തിന്‍റെ പേരിൽ കുട്ടികളോട് കാണിക്കുന്ന അമിതമായ അക്രമം തീർത്തും തെറ്റാണെന്നും, അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കുട്ടിയെ മാനസികമായി തകർക്കുമെന്നും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
അക്രമം ഒരു പരിഹാരമല്ലെന്നും ഇത്തരം പ്രവർത്തികൾ കുട്ടികളിൽ കൂടുതൽ അക്രമവാസന വളർത്തുകയേ ഉള്ളൂവെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഒരു പിതാവിന് തന്‍റെ മകനെ തിരുത്താൻ അവകാശമുണ്ടെങ്കിലും, അത് ലൈവ് വീഡിയോയിലൂടെ ലോകത്തിന് മുന്നിൽ കാഴ്ചവെച്ചത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ആളുകൾ.
Tags : Parenting Discipline ChildUpbringing ViralVideo Controversy