ആലപ്പുഴ: മുന്‍ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിയുടെ ചങ്കിൽ കുത്തിയാണ് സുധാകരൻ പോയതെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി.
കെ. സുധാകരന്റെ രാഷ്ട്രീയ ധർമികത ജി.സുധാകരനില്ല. കെ. സുധാകരനു സീറ്റ് കിട്ടിയില്ല, പക്ഷേ, അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ചു ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന് പറഞ്ഞു.
കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും, പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്കു വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നാണ് സജി ചെറിയാന്റെ പരിഹാസം.
ആലപ്പുഴയിലെ രാഷ്ട്രീയ സംഭവങ്ങളെയും സജി ചെറിയാന് പരിഹസിച്ചു. ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏതു മരത്തിൽ കെട്ടണമെന്ന ആലോചയിലാണ്. അവസരവാദികളല്ലാതെ കോൺഗ്രസിന് ആളുകളെ കണ്ടെത്താനായോയെന്നും സജി ചെറിയാൻ ചോദിച്ചു.
ആലപ്പുഴയിലും വിസ്മയം ഉണ്ടായല്ലോ. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്നു കരുതേണ്ടെന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അവര്‍ക്കു പാർട്ടി മെമ്പർഷിപ് ഉണ്ട്. അവൾ പാർട്ടിയോടൊപ്പമാണ് - സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Tags : assembly election kerala minister saji cherian against g sudhakaran