Kerala
തിരുവനന്തപുരം: മന്ത്രി കെ. മുരളീധരനും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായ ഭിന്നത അതിരൂക്ഷമായി തുടരുന്നതു സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നു. മന്ത്രിയെയും ദേവസ്വം ബോർഡിനെയും പിണക്കാതെ വരുന്ന മണ്ഡലകാലം പരാതികളൊന്നുമില്ലാതെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന പോംവഴികൾ ആലോചിക്കുകയാണു മുഖ്യമന്ത്രി വി.ഡി.സതീശൻ.
മന്ത്രി കെ. മുരളീധരനെയും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും ഒരുമിച്ചിരുത്തി നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയെന്നതാണു മുഖ്യമന്ത്രിയുടെ പ്രധാന കടന്പ. മന്ത്രിയും ദേവസ്വം ബോർഡും ഈ രീതിയിൽ മുന്നോട്ടുപോയാൽ വരുന്ന മണ്ഡലകാലം പുതിയ യുഡിഎഫ് സർക്കാരിനും കടുത്ത പരീക്ഷണകാലമായിരിക്കും.
ശബരിമലയിലെ ഓണസദ്യയുമായി ബന്ധപ്പെട്ടാണു മന്ത്രിയും ദേവസ്വം ബോർഡും തമ്മിൽ ആദ്യമായി തെറ്റിയത്. ഭക്തർക്കു സദ്യ ലഭിച്ചില്ലെന്ന പരാതിയിൽ ദേവസ്വം ബോർഡിനെതിരേ നേരത്തേ മന്ത്രി മുരളീധരൻ രംഗത്തുവന്നിരുന്നു. എന്നാൽ ദേവസ്വം ബോർഡ് മന്ത്രിയുടെ പ്രതികരണത്തെ ശരിവച്ചു.
സദ്യ നൽകുന്നതിൽ ചെറിയ പാളിച്ചയുണ്ടായെന്നു പ്രസിഡന്റ് തന്നെ സമ്മതിക്കുകയും ചെയ്തു. അതോടെ ശബരിമലയിലെ സദ്യ വിവാദം അവസാനിച്ചു.
എന്നാൽ, കന്നിമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോൾ പ്രസാദമായ അരവണ ഭക്തർക്ക് ആവശ്യാനുസരണം ലഭിച്ചില്ലെന്ന പരാതി ഉണ്ടായി. മന്ത്രി ഇതു വളരെ ഗൗരവമായി തന്നെ കണ്ടു. ഈ രീതിയിലാണു ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെങ്കിൽ മണ്ഡലകാലം നടത്താൻ സർക്കാർ വേറെ വഴികൾ തേടുമെന്നു മുരളീധരൻ പരസ്യമായി തന്നെ പറഞ്ഞു.
മന്ത്രിയുടെ ഈ പരാമർശം ദേവസ്വം ബോർഡിനു മാത്രമല്ല, വ്യക്തിപരമായി പ്രസിഡന്റ് കെ. ജയകുമാറിനും വലിയ ക്ഷീണമായി. പ്രസാദം നിർമിക്കുന്ന പ്ലാന്റിലെ അറ്റകുറ്റപ്പ ണികളും പ്രതീക്ഷിച്ചതിൽ അപ്പുറം ഭക്തർ എത്തിയതും പ്രസാദ വിതരണത്തിനു തടസമുണ്ടാക്കിയെന്നു പ്രസിഡന്റുതന്നെ സമ്മതിച്ചു. പക്ഷേ ഇതൊന്നും മണ്ഡലകാലത്ത് ഉണ്ടാകില്ലെന്നും ശബരിമലയിലെ തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നല്ല രീതിയിൽതന്നെ മുന്നോട്ടു പോകുകയാണെന്നും ജയകുമാർ വ്യക്തമാക്കി.
മന്ത്രി എന്ത് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാലും തന്റെ കാലാവധി പൂർത്തിയാക്കിയേ ദേവസ്വം ബോർഡിൽ നിന്നു മടങ്ങൂവെന്ന പരോക്ഷ സൂചനയാണു ഇതുവഴി കെ.മുരളീധരനു കെ. ജയകുമാർ നൽകുന്നത്.
മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ദേവസ്വം ബോർഡുമായി മന്ത്രി കെ.മുരളീധരൻ അതൃപ്തിയുമായി മുന്നോട്ടുപോയാൽ തീർഥാടനകാലത്തെ ശബരിമലയിലെ പ്രവർത്തനങ്ങൾ താളം തെറ്റും. ഈ ആശങ്ക മുഖ്യമന്ത്രി വി.ഡി.സതീശനുമുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിതന്നെ ഇടപെട്ടു പ്രവർത്തനങ്ങൾ പരിശോധിക്കാൻ വീണ്ടും യോഗം വിളിക്കുന്നത്.
കഴിഞ്ഞ ദിവസം ശബരിമലയിലെ ദേവസ്വം ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം പ്രസിഡന്റ് കെ. ജയകുമാർ വിളിച്ചുചേർത്തിരുന്നു. അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പ ണിയും മരാമത്തു പ്രവൃത്തികളുമെല്ലാം നേരത്തേ നിശ്ചയിച്ചപ്രകാരം തന്നെ പൂർത്തിയാക്കാനാകുമെന്നാണു യോഗത്തിലുണ്ടായ ധാരണ. ഇക്കാര്യം കെ.ജയകുമാർ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ നടത്തിയ വിമർശനങ്ങൾക്കൊന്നും മറുപടി പറഞ്ഞു കൂടുതൽ വിവാദം ഉണ്ടാക്കാൻ ജയകുമാർ ഇതുവരെയും ശ്രമിച്ചിട്ടില്ല. ജയകുമാറിന്റെ ഈ നിലപാടിൽ മുഖ്യമന്ത്രി സന്തുഷ്ടനുമാണ്.
എന്നാൽ, മന്ത്രിയും ദേവസ്വം ബോർഡും രമ്യതയിലെത്തിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയിലാകുന്നതു മുഖ്യമന്ത്രിയും സർക്കാരുമാകും. പ്രതിപക്ഷം, പ്രത്യേകിച്ചു ബിജെപിയും ഹൈന്ദവ സംഘടനകളും നിലവിലെ വിഷയങ്ങൾ സർക്കാരിനെതിരേ രാഷ് ട്രീയായുധമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയെയും മന്ത്രി കെ.എം. ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
മന്ത്രിമാർ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. താനാണ് മന്ത്രിമാരോട് പോയി വാ എന്ന് പറഞ്ഞത്. യാത്രയിൽ സർക്കാരിന് ചെലവില്ല. ഇടത് മന്ത്രിമാരുടെ കാലത്തെ യാത്രാ കണക്ക് വായിക്കാൻ തുടങ്ങിയാൽ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എം. ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനമായ റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാരുടെ പലരുടെയും വാഹനം 2017 ല്‍ വാങ്ങിയതാണ്. പത്തു വര്‍ഷത്തിലേറെയായി ഓടുന്നതാണ്. പല മന്ത്രിമാരുടെയും വാഹനം ഇടയ്ക്കുവച്ച് നിന്നു പോകുന്നുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് മന്ത്രി ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചത്. അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം; സർക്കാരിന്റെ വിഷൻ -2031 പദ്ധതിയുടെ ഭാഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരികയാണ്.
ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.
Kerala
കോഴിക്കോട്: എൻടിപിസിയിൽ നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിത കാലത്തേക്കായിരുന്നു സമര പ്രഖ്യാപനം. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസ് നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. ജീവനക്കാരുടെ പ്രതിനിധികള്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചർച്ചയിൽ പങ്കെടുത്തു.
ജീവനക്കാരുമായി കഴിഞ്ഞ ഒമ്പതാം തീയതി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾ കഴിഞ്ഞ 25 ദിവസമായി ഭാഗിക പണിമുടക്കിലായിരുന്നു. നടപടി ആവാതെയായതോടെയാണ് സിഐടിയു 17 ന് സമ്പൂർണ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
എസ്മ പ്രയോഗിച്ച് സമരം തടയാനായിരുന്നു ആരോഗ്യവകുപ്പ് നീക്കം നടത്തിയത്. എന്നാൽ 108 ആംബുലൻസ് സർവീസ് നിലച്ചാൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതടക്കം മുൻനിർത്തി ലേബർ കമ്മീഷന് ലഭിച്ച പരാതിയിൽ തൊഴിൽ വകുപ്പ് മന്ത്രി ഇടപെടുകയായിരുന്നു.
Kerala
തിരുവനന്തപുരം : കൂടിയ വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ അതിന്റെ അധിക ബാധ്യത ജനങ്ങളുടെ മേൽ എത്തില്ലെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ചൂട് കൂടുന്നതിനനുസരിച്ചു വൈദ്യുതി ഉപഭോഗം കൂടുകയാണ്., യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 30 രൂപ യൂണിറ്റിന് നൽകുക എന്നത് വലിയ ബാധ്യതയാണ്. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ പണമല്ല പവറാണ് വേണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
National
ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർകിഹോളിയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ നടന്ന പരിശോധനയിൽ 3.45 കോടി രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു റെയ്ഡ്. മന്ത്രിയുടെ ഗോഗക്കിലെയും ബംഗളൂരുവിലെയും വസതികളിലും മകൾ പ്രിയങ്ക ജാർകിഹോളി എംപിയുടെയും മകൻ രാഹുൽ ജാർക്കിഹോളിയുടെയും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.
ഇതുകൂടാതെ മന്ത്രിയുടെ സഹായികളുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
District News
ഉള്ളൂര്‍: സ്വന്തം കുടുംബാംഗത്തിന്റെ വിയോഗം തീര്‍ത്ത തീരാവേദനയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാന്‍ തയാറായ അവയവദാതാക്കളുടെ കുടുംബങ്ങള്‍ കാട്ടിയത് സമാനതകളില്ലാത്ത മാതൃകയാണെന്ന് മന്ത്രി കെ. മുരളീധരന്.
സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മൃതി വന്ദനം 2026 സംസ്ഥാനതല പരിപാടി തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2025 ഓഗസ്റ്റ് മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മരണാനന്തരം അവയവദാനം നിര്‍വഹിച്ച 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. അവയവ-ടിഷ്യു ദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനും നല്കിയ സംഭാവനകള്‍ക്ക് ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, ഓര്‍ഗന്‍ ഫൗണ്ടേഷന് ഓഫ് കേരള, ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സീനിയര്‍ സിഎല്‍സി, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ മൂഴിക്കുളം ഏരിയ കൗണ്‍സില്‍, സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍ സെന്റ് മേരീസ് കോണ്‍ഫറന്‍സ് ചെങ്ങാലൂര്‍, പൗലോസ് താഴേക്കാട് നേത്രദാന ഫോറം എന്നീ സംഘടനകളെയും വ്യക്തിഗത വിഭാഗത്തില്‍ കെ.എ. അഗസ്റ്റിന്, കുമാരി വന്ദന ശ്രീനിവാസന് എന്നിവരെയുമാണ് ആദരിച്ചത്. കെ-സോട്ടോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനവും പുതിയ ടോള്‍ഫ്രീ നമ്പറായ 1800-425-0048-ന്റെ ലോഞ്ചിംഗും ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി. മീനാക്ഷി നിര്‍വഹിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലിസ് ദീപക് ധന്‍ഖര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.കെ. ജബ്ബാര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ സഞ്ജയ് ബെഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബിന്ദു മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രഞ്ജു രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ ഇരയിൻപ്(28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാൻകുളത്തൂരിലാണ് അപകടം.
മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപെട്ട കാർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
District News
കുറ്റ്യാടി: മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (എംആർഎസ്) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. വിദ്യാർഥികളുടെ പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ഉടൻ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും കെട്ടിടം ചോർന്നൊലിക്കുന്നതും സ്വന്തമായി കുടിവെള്ള സൗകര്യം ഇല്ലാത്തതും ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ കഴിഞ്ഞദിവസം സ്കൂൾ സന്ദർശിച്ച് മന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പത്താം ക്ലാസിലെ ആദ്യ ബാച്ച് വിദ്യാർഥികൾ നേരിടുന്ന കമ്പ്യൂട്ടർ ലഭ്യതക്കുറവ് മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 119 പെൺകുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. ഹോസ്റ്റലും മെസും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്ത് മഴക്കാലത്തും രാത്രികാലങ്ങളിലും വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ചെറിയ പാലം നിർമിക്കുന്നതിനുള്ള ആവശ്യവും ചുറ്റുമതിൽ നിർമിക്കുന്നതിനുള്ള നിർദേശവും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. സ്കൂളിന് ആവശ്യമായ കായിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കെ.എം. അഭിജിത്ത് എംഎൽഎയും അറിയിച്ചു. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർഥികളുടെ പഠനനിലവാരം, ഹോസ്റ്റൽ-മെസ് സൗകര്യങ്ങൾ എന്നിവ നേരിട്ട് വിലയിരുത്തുന്നതിനായാണ് മന്ത്രി എംആർഎസ് സന്ദർശിച്ചത്. കെ.എം. അഭിജിത്ത് എംഎൽഎ, സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് സൗദ, അധ്യാപകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപെടെ അമിതവിലയ്ക്കു വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.
പായ്ക്കറ്റിൽ ഇടാതെയാണു നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും എംആർപിയും പരിശോധിക്കാൻ കഴിയും. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണു ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്.
അതിൽ കൂടിയ വിലയ്ക്കു വിറ്റാൽ നടപടി സ്വീകരിക്കും. പായ്ക്ക് ചെയ്ത ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിക്കുകയും അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള കാര്യമാണ്. പുറത്തുനിന്നുള്ള വെള്ളം തിയറ്ററുകളിൽ അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്.
വീട്ടിൽനിന്നു കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉണ്ടാകും. അവർക്കുൾപ്പെടെ വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. അത് അനുവദിക്കുകയും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണം. പരീക്ഷാഹാളുകളിലും വിമാനത്താവളത്തിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
National
ഹൈദരാബാദ്: മുഖ്യമന്ത്രിയെ വനംമന്ത്രിയുടെ മകൾ വിമർശിച്ചതിനു പിന്നാലെ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രിയുടെ പകരംവീട്ടൽ. തെലുങ്കാന വനംമന്ത്രി കെ.സുരേഖയ്ക്കാണു മകൾ സുഷ്മിതയുടെ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായത്.
തെലുങ്കാന കോൺഗ്രസിലെ ആഭ്യന്തരകലഹത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ സുഷ്മിത നോട്ടമിട്ട സീറ്റ് ഉറ്റ അനുയായിക്കായി ഉറപ്പിച്ചുനിർത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പ്രശ്നങ്ങൾ ആളിക്കത്തിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ ഒരു പൊതുപരിപാടിയിൽ സുരേഖയുടെ മകള്‍ വിമർശനം ഉന്നയിക്കുകയായിരുന്നു. ഇതിനു പിന്നാലെ വനം-പരിസ്ഥിതി മന്ത്രിയായ സുരേഖയെ ഒഴിവാക്കണമെന്ന ശിപാര്‍ശ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ചു.
പര്‍കല്‍ മണ്ഡലത്തില്‍നിന്ന് സിറ്റിംഗ് എംഎല്‍എ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യര്‍ഥനയെ ഉൾപ്പടെയാണ് സുഷ്മിത വിമർശിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ജനവിധി തേടാന്‍ സുഷ്മിതയ്ക്ക് താല്പര്യമുണ്ടെന്നാണ് വിവരം.
ഈ പശ്ചാത്തലത്തിലാണ് 74കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനു സുഷ്മിത മറുപടി പറഞ്ഞതോടെ അമ്മ സുരേഖയ്ക്കു മന്ത്രിക്കസേര നഷ്ടമായെന്നുമാത്രം.
Kerala
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷ മന്ത്രി ടി. സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽകും. 100 ടൺ സവാള എൻസിസിഎഫ് വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ കൃഷി വകുപ്പിന്റെ കോൾഡ് സ്റ്റോറേജുകൾ ഉപയോഗപ്പെടുത്തും. ബോധപൂർവം വില കൂട്ടാനായി ശ്രമം നടത്തിയാൽ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
നാസിക് ഉൾപ്പെടെയുള്ള മേഖലകളിൽ സവാള ഉത്പാദനം കുറഞ്ഞത് രാജ്യത്താകമാനം വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലംകോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആദ്യവിതരണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
District News
മലപ്പുറം: ചുവപ്പുനാടയിൽ കുരുങ്ങാതെ അർഹതപ്പെട്ട സേവനങ്ങൾ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന തൃപ്രങ്ങോട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആലത്തിയൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകളിൽ അന്പതിനായിരമെങ്കിലും തീർപ്പാക്കാൻ നടപടിയെടുക്കും. ആദ്യഘട്ടത്തിൽ 25,000 അപേക്ഷകൾ തീർപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കും. കൂടാതെ സംസ്ഥാനത്ത് 7,500 പേർക്ക് പട്ടയം വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി ഉടൻ മലപ്പുറം ജില്ലയിൽ പട്ടയമേള സംഘടിപ്പിച്ച് ആയിരത്തോളം പേർക്ക് പട്ടയം നൽകും.
കടുത്ത സാന്പത്തിക പ്രതിസന്ധികൾക്കിടയിലും ഓണക്കാലത്ത് കണ്‍സ്യൂമർഫെഡ്, സപ്ലൈകോ എന്നിവ വഴി മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ വി.എസ്. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ്, എഡിഎം പി.ഒ. സാദിഖ്, തഹസിൽദാർ സി.കെ. ആഷിഖ്, ജനപ്രതിനിധികളായ എൻ.പി. ഷരീഫാബി, ഇ.കെ. സുസ്മിത, എം.പി. അബ്ദുൽ ഫുക്കാർ, വി.പി. ഫൗസിയ, മിസ്രിയ ഇബ്രാഹിം, കെ. ഫാബിമോൾ തുടങ്ങിയവർ പങ്കെടുത്തു.
കാലപ്പഴക്കത്താൽ കെട്ടിടം ജീർണിച്ചതിനെത്തുടർന്ന് വാടകക്കെട്ടിടത്തിലാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്.
എടയൂരിൽ നിർമിക്കുന്ന പുതിയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. എടയൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.കെ. ആബിദ് ഹുൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ്, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഇന്ദിര, വൈസ് പ്രസിഡന്റ് എ.കെ. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കിഴിശേരി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബഷീർ മാവണ്ടിയൂർ, ആർ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായത് മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചത് കാരണമാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതിലൂടെയാണ് വിലക്കയറ്റം തടയാനായത്. ഓണം ഫെയറുകള്‍ നേരത്തെ ആരംഭിച്ചതിലൂടെയും വിലക്കയറ്റം തടയാനായെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ അടക്കം പോയി കാര്യങ്ങള്‍ പഠിച്ചിരുന്നു. അരിയുടെ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
രാഷ്ട്രീയ വാദങ്ങള്‍ക്ക് ഓണക്കാലത്തെ ഉപയോഗിക്കരുതെന്നും പറഞ്ഞ അനൂപ് ജേക്കബ്, 33 ദിവസം കൊണ്ട് 400 കോടിയുടെ വിറ്റുവരവ് സപ്ലൈകോ നേടിയെന്നും പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ സബ്സിഡി ഉല്‍പ്പന്നങ്ങളില്‍ അഞ്ച് എണ്ണത്തിന് വില കുറച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹോര്‍ട്ടികോര്‍പ്പ് വഴി പരമാവധി കാര്‍ഷികോത്പന്നങ്ങള്‍ സപ്ലൈകോ വഴി വിതരണം ചെയ്യാന്‍ കഴിഞ്ഞു. കര്‍ഷകരുടെ കുടിശിക കൊടുത്തു വരികയാണെന്നും പതിമൂവായിരത്തോളം കര്‍ഷകര്‍ക്ക് ഓണത്തിന് മുന്‍പ് അക്കൗണ്ട് വഴി പണം നല്‍കിയെന്നും അനൂപ് ജേക്കബ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്.
ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്.
ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Movies
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് എത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി.
രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. അടൂർ ഗോപാലകൃഷ്ണൻ വേദിയിൽ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കി.
നേരത്തെ ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
അവർക്ക് വലിയ തിരക്കുകളുണ്ട്, നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഐ.എഫ്.എഫ്.കെ. അന്താരാഷ്ട്രതലത്തിൽ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏർപ്പെടുത്തിയിട്ടില്ല.
ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്തമുള്ള ഒരാളെ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയർമാനാക്കണം. അല്ലെങ്കിൽ അത് പേരുദോഷമുണ്ടാക്കും. ഐ.എഫ്.എഫ്.കെയുടെ വെബ്സൈറ്റ് കണ്ടാൽ സങ്കടകരമാണ്. പ്രധാന പ്രശ്നം, താത്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതാണ്', അടൂർ പറഞ്ഞു.
മന്ത്രി വേദിയിലിരിക്കെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം. രണ്ട് മണിക്കൂറായപ്പോൾ താൻ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നുകരുതിയാണ് പോകാതെയിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
District News
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പട്ടികജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ.എ. തുളസി സന്ദര്‍ശിച്ചു. സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് മന്ത്രിയുടെ സന്ദര്‍ശനം.
വിദ്യാര്‍ഥികള്‍ക്ക് ഓണാശംസകളും മന്ത്രി നേര്‍ന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കണ്ട് വിലയിരുത്തി. വിദ്യാര്‍ഥികള്‍ സ്കൂളിന് വേണ്ടി ആവശ്യപ്പെട്ട സൗകര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മന്ത്രി ചടങ്ങില്‍ ഉറപ്പ് നല്കി.
ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ച് ഓണ സദ്യയും സംഘടിപ്പിച്ചു. ഓണസദ്യയിലും മന്ത്രി പങ്കെടുത്തു.
ഓണാഘോഷ പരിപാടിയില്‍ വിജയികള്‍ക്കുളള സമ്മാനവും മന്ത്രി വിതരണം ചെയ്തു.
ചടങ്ങില്‍ പ്രധാന അധ്യാപകന് ആര്. രാജേഷ് സീനിയര്‍ സൂപ്രണ്ട് വി. വിജുകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എസ്. ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Kerala
ന്യൂഡൽഹി: മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണമെന്നാണ് തന്റെ അഭ്രിപ്രായമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രിയും നിലവിലെ കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു.
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ കെസിസിസി പ്രസിഡന്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി
മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളുടെ പേരുകൾ സജീവമായി ചർച്ചകളിലേക്ക് വന്നതിന് പിന്നാലെയാണ് മാത്യു കുഴൽനാടൻ ഡൽഹിയിലെത്തി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
കെ.സി. വേണുഗോപാലിന്റെ വസതിയിൽ എത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. കൂടിക്കാഴ്ചയിൽ മാത്യു കുഴൽനാടൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം വീണ്ടും അറിയിച്ചു എന്നാണ് സൂചന.
കെ.സി. പക്ഷത്ത് നിന്ന് പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള പേരുകളും സജീവമായി ചർച്ചകളിലുണ്ട്.
National
ഭുവനേശ്വർ: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചതിന്റെ കാരണം വ്യക്തമാക്കി ബിജെപി നേതാവ് ധർമേന്ദ്ര പ്രധാൻ. പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവതലമുറയെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാലാണ് രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെ ജി.എം സർവകലാശാലയിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജൂലൈ 25-നാണ് ധർമേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. "യുവതലമുറ നമ്മുടെ കുട്ടികളാണ്, അവരുടെ പ്രതീക്ഷകളാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നത്. അതിനാൽ തനിക്ക് മന്ത്രിസ്ഥാനം പ്രധാനമായിരുന്നില്ല," എന്ന് വ്യക്തമാക്കിയ പ്രധാൻ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നേരിട്ട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരെ പ്രതിഷേധം നടത്തുന്ന മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും ബിജെഡി പ്രവർത്തകരെയും അദ്ദേഹം വിമർശിച്ചു. താൻ ഒഡീഷയിലെ ജനങ്ങൾക്ക് എപ്പോഴും അഭിമാനകരമായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഒരു കർഷകന്റെ മകനായ താൻ ഇത്തരം പ്രതിഷേധങ്ങളിൽ ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ഗുരുവായൂർ: ക്ഷേത്രവരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനൊപ്പം നാടിന്റെ നന്മയ്ക്കും വിനിയോഗിക്കണമെന്നു മന്ത്രി കെ. മുരളീധരൻ. ഗുരുവായൂർ തെക്കേനടയിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിർമിച്ച സ്റ്റേജിന്റെ സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തിരുപ്പതി ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനം ആ ക്ഷേത്രത്തിന്റെ വികസനങ്ങൾക്ക് ഉപയോഗിക്കുന്നതിനൊപ്പം ആ നഗരത്തിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വികസനങ്ങൾക്കു വിനിയോഗിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഗുരുവായൂരിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഭൂമി ഏറ്റെടുത്ത് വികസനങ്ങൾ നടപ്പാക്കുമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഒഴിവ് ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനുവിടുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി.
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ ജീവനക്കാർ ചീത്തവിളിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിക്കുന്നത്. ചീത്തവിളിക്കുന്ന കാര്യത്തിൽ ജീവനക്കാർക്കിടയിൽ പാർട്ടിവ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
മൂവാറ്റുപുഴ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിവാദ ചോദ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദീൻ. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മൂവാറ്റുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ചരിത്രത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും ബോധപൂർവം വളച്ചൊടിക്കാനുള്ള ശ്രമമാണ് ക്വിസ് ചോദ്യത്തിലൂടെ നടന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ, വകുപ്പിന്റെ സോഷ്യൽ ക്ലബ്ബുകളോ, വാർഷിക കലണ്ടറോ അനുശാസിക്കുന്ന പരിപാടിയല്ല ഇത്.
ചില അധ്യാപകർ പ്രാദേശികമായി തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ സ്കൂൾ തലത്തിൽ ഇത്തരമൊരു ശ്രമം നടത്തിയത് തികച്ചും തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോ അധ്യാപകരോ ആയാലും ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ ഭരണപരമായ നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ഫ്രീഡം ക്വിസ് 2026 മത്സരത്തിലാണ് വിവാദ ചോദ്യം എത്തിയത്.
District News
ചേർപ്പ്: ജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഒന്നായി ചേർന്ന് മഴക്കാല ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണു കേരളത്തിന്റെ നന്മയെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. കാലവർഷക്കെടുതിമൂലം ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ കനാലുകളും പുഴകളും തോടുകളും യഥാവിധി ഒഴുകുന്നതിനായി നടപടി സ്വീകരിന്നതിനും കളക്ടർ ശിഖ സുരേന്ദ്രനെ മന്ത്രി നേരിട്ട് ഫോണിൽവിളിച്ച് നിർദേശം നൽകി. എട്ടുമുന കമാന്റെ മുഖത്ത് വെള്ളം ഒഴുകുന്നതു തടയാൻ ഷട്ടർ സ്ഥാപിക്കുന്നതിനു നടപടിയായി.
ഇന്നലെ വൈകീട്ടാണ് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് പഞ്ചായത്തിലെ വെള്ളക്കെട്ട് ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രിയെ അറിയിച്ചു. ദുരിതബാധിതരിൽനിന്ന് മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് ഷൈജു സായ്റാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് വിദ്യ രമേശ്, മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളപ്പൊക്ക സമയത്ത് വീടുകളുടെ ടെറസുകളിൽ അഭയം പ്രാപിക്കുന്നത് സുരക്ഷിതമാണെന്ന് കരുതരുത്. സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാം ഏതുസമയത്തും തുറക്കേണ്ടി വന്നേക്കാമെന്നും, അതുകൊണ്ടുതന്നെ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിറപുത്തിരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും, നിലവിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് തീർഥാടകർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.
ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
National
ന്യൂഡൽഹി: വെള്ളരി കൃഷിക്കായി വാങ്ങിയ സബ്സിഡി തുക കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചടച്ചെന്ന് രാംനാഥ് താക്കൂർ. തൃണമൂൽ എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ മറുപടി നൽകുകയായിരുന്നു.
ജൂൺ മാസത്തിൽ ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ടിലാണ് കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി സ്വന്തം മന്ത്രാലയത്തിൽ നിന്നും തന്റെ വെള്ളരി കൃഷിക്കായി സബ്സിഡിയായി വാങ്ങിയെന്ന ആരോപണം ഉയർന്നത്.
പിന്നാലെ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ഭഗീരഥ് ചൗധരിയുടെ വാദം. വിവാദം കനത്തതോടെ താൻ കുട്ടിക്കാലം മുതൽ കർഷകനാണെന്നും മറ്റ് അർഹതയുള്ള കർഷകരെ പോലെയാണ് താനും സബ്സിഡി ഉപയോഗപ്പെടുത്തിയതെന്നുമാണ് ഭഗീരഥ് ചൗധരി പ്രതികരിച്ചത്.
16,592 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഭഗീരഥ് ചൗധരിയുടെ വെള്ളരി കൃഷി. വിവാദം ബലപ്പെട്ടതോടെയാണ് അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് സ്കീമുമായി ബന്ധപ്പെട്ട ബാങ്കിൽ ചൗധരി പണം തിരികെ അടച്ചെന്ന് രാംനാഥ് താക്കൂർ മറുപടി നൽകിയത്. 99.6ലക്ഷം രൂപയാണ് മന്ത്രി തിരിച്ചടച്ചത്.
National
തിരുനൽവേലി: തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ്വാഴ്ത്തി’നെച്ചൊല്ലി വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പങ്കെടുത്ത ബിരുദാദന ചടങ്ങിൽ തമിഴ് തായ്വാഴ്ത്ത് ആലപിക്കുന്നത് മൂന്നാമത് ആക്കിയതാണു വിവാദം.
തിരുനൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് തമിഴ് സംസ്ഥാന ഗീതം വന്ദേമാതരത്തിനും ജനഗണമനയ്ക്കും പിന്നിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ പരിപാടി ബഹിഷ്കരിച്ചു.
ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം, ചടങ്ങിൽ ആദ്യം ‘വന്ദേമാതര’വും പിന്നാലെ ‘ജനഗണമന’യും ആലപിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഒടുവിലായി ‘തമിഴ് തായ്വാഴ്ത്തും’ആലപിച്ചു. മന്ത്രിക്കൊപ്പം രണ്ട് എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ഗാന പ്രോട്ടോകോൾ നടപ്പാക്കിയതിനെ വൈദ്യുതി- ഊർജ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ അപലപിച്ചു. സംസ്ഥാന സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്വാഴ്ത്തി'ന് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ്യമന്ത്രി വിജയ്യുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: അമിതവേഗവും തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്ത് ദേശീയപാതകളിൽ എല്ലാ ദിവസവും 24 മണിക്കൂറും എൻഫോഴ്സ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതയെ 100 കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കും.
അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണു പുതിയ നടപടി.
ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.
അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷ്വറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് മുൻഗണന.
വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പോലീസിന്റെയും ദേശീയപാത അഥോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സഹസ്ഥാപകൻ: ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ജന്തർ മന്തറിൽ ഉയർന്ന നൂറുകണക്കിനു പോസ്റ്ററുകളിലൊന്നാണിത്.
ചീഫ് ജസ്റ്റീസ് രാജ്യത്തെ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉയർന്നുവന്ന ഒരു സമൂഹമാധ്യമ അക്കൗണ്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെയെത്തുന്നതിലേക്കു നയിച്ച മുന്നേറ്റമായി വളർന്നതിന്റെ ചരിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടേത്.
മേയ് 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തിൽനിന്ന് കേവലം രണ്ടുമാസംകൊണ്ട് വമ്പിച്ച യുവജനപ്രതിഷേധവും വിജയവും.
മേയ് 3: 22 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷ നടക്കുന്നു.
മേയ് ആറ്-എട്ട്: പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു
മേയ് 12: നീറ്റ് യുജി പരീക്ഷ റദ്ദാക്കി
മേയ് 13: സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നു.
മേയ് 15: തൊഴിലൊന്നും ലഭിക്കാത്ത, സ്വന്തം പ്രഫഷനിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണ്’’. അവർ സമൂഹത്തിലെ പരാദങ്ങളാണ്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ പ്രവർത്തകരുമൊക്കെയായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു-സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശം.
മേയ് 16: ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിയായ അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന സമൂഹമാധ്യമ അക്കൗണ്ട് ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേയുള്ള ആക്ഷേപഹാസ്യമായി ആരംഭിക്കുന്നു
മേയ് 21: സിജെപിക്ക് രാജ്യത്തെ രാഷ്ട്രീയകക്ഷികളെക്കാൾ ഫോളോവേഴ്സ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു.
ജൂൺ ആറ്: അമേരിക്കയിൽനിന്നു ഇന്ത്യയിലെത്തിയ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നടത്തുന്നു.
ജൂൺ 20: ആദ്യ പരസ്യ പ്രതിഷേധത്തിനുശേഷം രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങൾ നടത്തിയ സിജെപി ജന്തർ മന്തറിൽ രണ്ടാമതും പ്രതിഷേധം നടത്തുന്നു. ഒരു ദിവസത്തേക്കായിരുന്നു പ്രതിഷേധത്തിന് അനുമതിയെങ്കിലും സമരക്കാർ വേദിയൊഴിയാൻ കൂട്ടാക്കിയില്ല.
ജൂൺ 21: നീറ്റ് യുജിയുടെപുനഃപരീക്ഷ. ജന്തർ മന്തറിലെ സിജെപി പ്രതിഷേധം അനിശ്ചിതകാലത്തേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിജെപി.
ജൂൺ 28: പ്രതിഷേധം പുരോഗമിക്കുന്നതിനടെ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരം ആരംഭിക്കുന്നു. വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ആറ് വിദ്യാർഥികളും സോനം വാംഗ്ചുകിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു.
ജൂലൈ ഒമ്പത്: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി.
ജൂലൈ 16: സമരവേദിയിൽനിന്ന് സോനം വാംഗ്ചുകിനെ പോലീസ് നിർബന്ധപൂർവം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതോടെ ജന്തർ മന്തറിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിയാകുന്നു.
ജൂലൈ 20: പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി. സിജെപി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മാർച്ചിനൊടുവിൽ ഡൽഹി പോലീസ് വിദ്യാർഥികൾക്കും യുവാക്കൾക്കും നേരേ ആക്രമണം നടത്തിയതും പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും പ്രയോഗിച്ചതും പൊതുജനരോഷത്തിനു കാണമായി.
നൂറിലേറെ പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സ തേടി. അനേകം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലെ സമരവേദി തല്ലിത്തകർത്ത പോലീസ് അന്നേദിവസം സമരവേദിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എഐഎസ്എയുടെ നിരാഹാരം തുടരുകയായിരുന്ന മൂന്ന് വിദ്യാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.
ജൂലൈ 21: ജന്തർ മന്തർ വീണ്ടും സമരക്കാർ വീണ്ടെടുക്കുന്നു. വിദ്യാർഥികളും യുവാക്കളും മാതാപിതാക്കളും സാധാരണക്കാരുമടങ്ങുന്ന വൻ ജനപ്രവാഹം. മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിൽ പ്രതിഷേധം നടത്തി.
ജൂലൈ 23: പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധം സിജെപി പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നു.
ജൂലൈ 24: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുടെയും ജിതേന്ത്ര സിംഗിന്റെയും സന്ദർശനത്തെത്തുടർന്നായിരുന്നു ഇത്.
ജൂലൈ 25: സർക്കാരിന്റെ ഒത്തുതീർപ്പു ശ്രമങ്ങൾ. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുമായും ജിതേന്ത്ര സിംഗുമായും വീണ്ടും ചർച്ച. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിക്കു വഴങ്ങി. സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു.
National
ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികചുമതല ഭക്ഷ്യമന്ത്രി പ്രള്‍ഹാദ് ജോഷിക്ക്.
കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്ന് 2004 മുതല്‍ ലോക്സഭയെ പ്രതിനിധീകരിക്കുന്ന 64 കാരനായ പ്രള്‍ഹാദ് ജോഷി നേരത്തേ കല്‍ക്കരി, ഖനി, പാര്‍ലമെന്ററികാര്യ മന്ത്രാലയങ്ങളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
District News
തൊടുപുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, പ്രൈമറി വിഭാഗങ്ങളിലെ ഐടി പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എന്‍. ഷംസുദീന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ ശില്പശാലയുടെ ഭാഗമായി ജില്ലയില്‍ തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടന്ന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതി മാര്‍ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ കളിയിലൂടെയുള്ള പഠനം, സര്‍ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എഡ്യുടെയിന്‍മെന്റ് സോഫ്റ്റ്വേറുകള്, ഇക്യൂബ് ലാംഗ്വേജ് ലാബുകള്‍, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങള്‍ എന്നിവ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വേര്‍ അധിഷ്ഠിതമായി ഇതില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന താരാപഥം അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂള്‍ വിക്കി ശക്തീകരിക്കുന്നതിനായി സ്കൂള്‍ വിക്കിത്തോണ്‍, ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകള്‍ യുപി തലത്തിലേക്ക് വ്യാപിപ്പിക്കല്‍ എന്നിവയും നടപ്പാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നലകുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ഷാജിമോന്‍, രശ്മി എം. രാജ്, സി.എസ്. നസീമ, എസ്. അഭയദേവ്, അബി ജോര്‍ജ്, അരുണ്‍ എസ്. പ്രസാദ് തുടങ്ങിയവര്‍ ജില്ലയില്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള ശില്പശാല നാളെ വെള്ളയാംകുടി സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും.
District News
മുക്കം: കേരളത്തിലെ വലിയ സാധ്യതകൾ ഉപയോഗപ്പെടുത്തി കേരള സംസ്ഥാനത്തെ ഏറ്റവും മികച്ച ഹയർ എഡ്യുക്കേഷൻ ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു.
ഇതിനാവശ്യമായ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തുമെന്നും അടുത്ത വർഷത്തോടെ അക്കാദമിക് ഷെഡ്യൂളും സിസ്റ്റവും പൂർണമായി മാറ്റിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ പരീക്ഷകളിൽ വിജയം നേടിയ കോളജിലെ വിദ്യാർഥികളെയും, കളൻതോടും പരിസരങ്ങളിലുമുള്ള അഞ്ച്, ആറ്, ഏഴ്. എട്ട് വാർഡുകളിലെ വിദ്യാർഥികളെയും, കളൻതോടിലെ ഓട്ടോ റിക്ഷാ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികളെയും അനുമോദിക്കുന്നതിനായി കളൻതോട് എംഇഎസ് കോളജിൽ സംഘടിപ്പിച്ച "പ്രചോദനം 2026' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് പിന്നിൽ സർക്കാർ മാത്രമല്ല, വിവിധ സംഘടനകളുടെ പങ്കുമുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇതുവരെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികൾ ഉപരിപഠനത്തിനായി പുറത്തുപോയി പഠിക്കുന്ന അവസ്ഥയാണുള്ളത്.
കുട്ടികളെ പുറത്തേക്ക് എങ്ങനെ പറഞ്ഞയക്കാമെന്ന് ഗവേഷണം നടത്തുകയാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന സ്റ്റുഡന്റ്സ് ഡൈവേഴ്സിറ്റി കേരളത്തിലില്ല. പുറത്ത് നിന്ന് വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോളജിലെ നവീകരിച്ച ലൈബ്രറിയുടെ ശിലാഫലക അനാച്ഛാദനം മന്ത്രി നിർവഹിച്ചു. സമീപ പ്രദേശത്തെ ഉയർന്ന വിദ്യാഭ്യാസത്തിന് അർഹരായ ഇരുന്നൂറോളം കുട്ടികൾക്ക് മെമെന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
District News
നിലമ്പൂര്‍: മന്ത്രി ഷിബു ബേബിജോണ്‍ വനം വകുപ്പ് ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ന് നിലമ്പൂരില്‍ എത്തും. കാട്ടാന ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്കയക്ക് പരിഹാരം കാണുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിലമ്പൂരില്‍ എത്തുന്ന മന്ത്രി പോത്തുകല്‍ പഞ്ചായത്തിലെ ഉള് വനത്തിലെ വാണിയം പുഴ ആദിവാസി ഉന്നതിയും കരുളായി പഞ്ചായത്തിലെ നെടുങ്കയം മാഞ്ചിരി ആദിവാസി ഉന്നതിയും സന്ദര്‍ശിക്കും.
രാവിലെ 9.45ന് നിലമ്പൂര്‍ റെസ്റ്റ് ഹൗസില്‍ പി.വി.അബ്ദുള്‍ വഹാബ് എംപി, ആര്യാടന്‍ഷൗക്കത്ത് എംഎല്‍എ, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒമാര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.
Kerala
കാലടി: ഉന്നതവിദ്യാഭ്യാസമന്ത്രി മന്ത്രി റോജി എം. ജോണിന് പെൺകുഞ്ഞ് പിറന്നു.
ഇന്നലെ ആസ്റ്റർ മെഡ്സിറ്റിയിലാണ് മന്ത്രിയുടെ ഭാര്യ ലിപ്സി പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലത്തെ പൊതുപരിപാടികൾ ഒഴിവാക്കി മന്ത്രി ആശുപത്രിയിലെത്തിയിരുന്നു.
District News
നെന്മാറ: പാതിവഴിയിൽ നിലച്ച നെന്മാറ- ഒലിപ്പാറ റോഡിന്റെ നവീകരണപ്രവൃത്തികൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.
നിലവിലെ കരാറുകാരനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലവർഷം അവസാനിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, എസ്.എം. ഷാജഹാൻ മാസ്റ്റർ എന്നിവർ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്്ഷൻ കൗൺസിൽ അംഗങ്ങളെയും മന്ത്രിയുടെ നിലപാട് ഇവർ അറിയിച്ചു. ഇതിനിടെ, പ്രവൃത്തികൾ മുടങ്ങിയതിനെ തുടർന്ന് നിലവിലെ കരാറുകാരനോടു പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി.
തന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാലാണ് പണി നിർത്തിവച്ചതെന്നു കരാറുകാരൻ ആവർത്തിച്ചെങ്കിലും വകുപ്പ് അതംഗീകരിച്ചിട്ടില്ല.
അഭിഭാഷകനോടൊപ്പം ഹിയറിംഗിൽ പങ്കെടുത്ത കരാറുകാരൻ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മുൻപ് പലതവണ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ അതിൽ വിശ്വാസമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. ഹിയറിംഗിനു ആദ്യം അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന കരാറുകാരൻ പിന്നീട് ഹാജരായി പ്രവൃത്തി പൂർത്തിയാക്കാമെന്നു ഉറപ്പുനൽകി. ഇതേ തുടർന്ന് കെ. പ്രേമൻ എംഎൽഎയുമായി ചർച്ച നടത്തിയതായി ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി. രാജേഷ്ചന്ദ്രൻ അറിയിച്ചു. നിലവിലെ കരാറുകാരനെ വിശ്വസിക്കരുതെന്നായിരുന്നു എംഎൽഎയുടെ അഭിപ്രായമെങ്കിലും പുതിയ കരാർ നടപടികൾ ആരംഭിച്ചാൽ മാസങ്ങൾ വൈകുമെന്നതിനാൽ നിലവിലെ കരാറുകാരന് അവസാന അവസരം നൽകാനാണ് വകുപ്പ് ആലോചിക്കുന്നത്.
രണ്ടുദിവസത്തിനകം പ്രവൃത്തി ഷെഡ്യൂൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിയറിംഗിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.
District News
മണ്ണാർക്കാട്: കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കണ്ടമംഗലം അമ്പാഴക്കോട് ഷഹീദ് അസ്മിന്റെ വീട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ സന്ദർശിച്ചു. ഇക്കഴിഞ്ഞ 14ന് അരിയൂർ കനാൽ റോഡിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉസ്മാൻ-റംല ദമ്പതികളുടെ മകൻ ഷഹീദ് അസ്മിൻ (19) മരിച്ചത്. തിരുവനന്തപുരത്തായിരുന്ന മന്ത്രി മണ്ഡലത്തിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ അമ്പാഴക്കോടിലെ ഷഹീദിന്റെ വീട്ടിലേക്കെത്തിയത്.
ഷഹീദിന്റെ പിതാവ് ഉസ്മാൻ, സഹോദരൻ മുസ്തഫ, മാതൃസഹോദരൻ ഷെരീഫ്, പിതൃസഹോദരൻ അബ്ദു തുടങ്ങിയവരേയും മറ്റുബന്ധുക്കളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശേരി ഹസൻ, നേതാക്കളായ ഗഫൂർ കോൽകളത്തിൽ, ഹംസ കിളയിൽ, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി ഹാജി, ഹുസൈൻ പുറ്റാനി, എ. സാലിഹ്, നാസർ പുറ്റാനി, എ.കെ. റിയാസ്, ഐനെല്ലി ഷരീഫ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
National
ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്.
ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
District News
പാലക്കാട്: ജില്ലാ ആശുപത്രിയെ 2028 ഓടെ പൂര്‍ണസജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. ജില്ലാ ആശുപത്രി സന്ദര്‍ശനവും കിഫ്ബി പദ്ധതികളുടെ അവലോകനവും മന്ത്രി നിര്‍വഹിച്ചു.
അടുത്ത നവംബറില്‍ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇന്കെൽഏറ്റെടുത്ത പ്രവൃത്തികള്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള ഒഴിവുകള്‍ വേഗത്തില്‍ നികത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ആശുപത്രിയുടെ സൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്നു മന്ത്രി യോഗത്തില്‍ വിലയിരുത്തി.
നിലവിലുള്ള ഫണ്ടുകളോടൊപ്പം എംപി ഫണ്ടും, എംഎല്‍എ ഫണ്ടും ആശുപത്രി വികസനത്തിനായി ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും ചില വിദേശ കമ്പനികള്‍ സ്വകാര്യ ആശുപത്രികളെ വിലക്കെടുക്കുകയും സര്‍ക്കാര്‍ ആശുപത്രികള്‍ മോശമെന്നു ചിത്രീകരിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ രമേഷ് പിഷാരടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.കെ. ഷീലാദേവി, ഡിഎംഒ ഡോ.കെ. ബിന്ദു തോമസ്, സൂപ്രണ്ട് ഡോ.കെ.പി. അഹമ്മദ് അഫ്സല് പങ്കെടുത്തു.
Kerala
കൊച്ചി: കോറോ ഹെല്‍ത്ത് കേരളത്തിലെ ഓഫീസുകളി നിന്ന് 800 ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നുരാവിലെ കളക്ടറേറ്റിലാണ് ചർച്ച തുടങ്ങിയത്. കമ്പനിയുടെ നിയമോപദേഷ്ടാവ് നേരിട്ടും പ്രധാന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും ലേബര്‍ കമ്മീഷണറും ജീവനക്കാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനാൽ കമ്പനി അധികൃതർ ചർച്ചയിൽ നിന്ന് പിന്മാറാൻ സാധ്യതയില്ല. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം.
ഇന്ന് നടക്കുന്ന ചർച്ചയ്ക്കു മുന്‍പ് സർക്കാരിന്റെ ഇടപെടലിനെതിരേ ഹൈക്കോടതിയെ കോറോ കന്പനി സമീപിച്ചിരുന്നെങ്കിലും കോടതി ചർച്ച തുടരാൻ നിർദേശിക്കുകയായിരുന്നു. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് നിർദേശിച്ച കോടതി 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രി തല ചർച്ചവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനി വാദം.
ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിക്കുകയായിരുന്നു. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം. ജൂലൈ മൂന്നിനാണ് കൊച്ചിയിലും കോഴിക്കോടും ജോലി ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ അപകടത്തിന് കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
വിംസ് ആശുപത്രിയില്‍ ആറ് പേര് ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
District News
തൃശൂർ: ജീവിതത്തിൽ ഒട്ടനവധി വഴിത്തിരിവുകൾ ഉണ്ടാക്കുന്ന സമയമാണു പ്ലസ് ടു കാലമെന്നും മറ്റാരുടെയും സമ്മർദങ്ങൾക്കു വഴങ്ങാതെ സ്വന്തം വഴി കണ്ടെത്തണമെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. പ്ലസ് വൺ പ്രവേശനോത്സവം "വരവേല്പ് 2026' ജില്ലാതല ഉദ്ഘാടനം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കു കയായിരുന്നു അദ്ദേഹം. സ്കൂൾ തല ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒപ്പുശേഖരണ കാന്പയിനും മന്ത്രി ഉദ് ഘാടനം ചെയ്തു. രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷനായി.
പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സ്കൂളിലെ കുട്ടികൾക്കുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്തു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പുതുയുഗ സ്വപ്നങ്ങൾ എന്ന വിഷയത്തിൽ സന്ദേശം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫിസറായി ശേഷാദ്രി നാഥൻ്റെ നിയമനത്തില്‍ മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. കെപിസിസി സ്ഥാപനത്തിലെ ആര്‍എസ്എസ് പഠന ശിബിരം സംബന്ധിച്ച ചോദ്യത്തെയും മന്ത്രി നിസാരവത്കരിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഇനി ഒരിക്കലും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് സംസ്ഥാന നഗരകാര്യമന്ത്രി അഗ്നിമിത്ര പോൾ. വൻ തകർച്ചയിലേയ്ക്കാണ് തൃണമൂൽ നീങ്ങുന്നതെന്നും അവർ പറഞ്ഞു.
'സംസ്ഥാനത്തെ ജനങ്ങൾ തൃണമൂലിനെ തിരസ്കരിച്ചു കഴിഞ്ഞു. 15 കൊല്ലത്തെ മമതയുടെ ഭരണം ജനങ്ങളെ അത്രത്തോളം വെറുപ്പിച്ചു. ജനദ്രോഹ നയങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നത്. അഴിമതി ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഇനി അതൊന്നും ഉണ്ടാവില്ല.'-അഗ്നിമിത്ര പറഞ്ഞു.
'ജനങ്ങൾക്ക് വേണ്ടിയാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. അഴിമതി അവസാനിപ്പിക്കും. ജനക്ഷേമപ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക. അഞ്ച് കൊല്ലം കൊണ്ട് എത്രത്തോളം കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റും എന്ന് പറയാൻ പറ്റില്ല. പറ്റാവുന്നതിൽ പരമാവധി കാര്യങ്ങൾ ചെയ്യും.'-അഗ്നിമിത്ര വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി. നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു.
ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്റെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി, എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയത്.
District News
ഇരിട്ടി: വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടക്കമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ജനറൽബോഡി യോഗവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, ഇരിട്ടി മേഖലാ പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി മൂസഹാജി, മേഖലാ ട്രഷറർ ജോൺ ജോഷ്വാ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. കുറ്റാന്വേഷണ മികവിന് ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ, സംസ്ഥാന മാധ്യമ പുരസ്കാരം ലഭിച്ച ഉൻമേഷ് പായത്ത്, വിരമിച്ച ചുമട്ടുതൊഴിലാളികൾ, ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.
District News
കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വൈദ്യുത മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു നേടിയ റോസ് ജെനിഫർ, എ പ്ലസ് നേടിയ 48 വിദ്യാർഥികൾ, യുകെ കീലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ്, നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്റർ ടീമം അംഗങ്ങൾ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് വി.ടി. ശാലിനി എന്നിവരെ അവാർഡ് നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത്ംഗം ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഗാന്ധിനഗർ: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച മാരിയുടെ രണ്ടു മക്കൾക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്സിഡ് ഡിപ്പോസിറ്റ് ചെയ്തതായും കുട്ടികൾക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നൽകുമെന്നും വനം മന്ത്രി ഷിബു ബേബി ജോൺ. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രക്ഷനെ(11) സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കും. 18 വയസു വരെ റേഷൻ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കും. കുട്ടികൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും. കുട്ടികൾക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് ഇവർ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയർ ഉദ്യോഗസ്ഥനെ മെന്ററായി ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ട്. ആതിരപ്പള്ളിയിൽ പോയി. അവിടെ 18 ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. 100 പേർ അടങ്ങുന്ന സ്പെഷൽ ഫോഴ്സിനെ നിയോഗിച്ച് ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്പെഷൽ റിസർവ് ഫോഴ്സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ റിക്രൂട്ട്മെന്റ് നടക്കും. ആദിവാസി മേഖലയിൽ നിന്നടക്കമുള്ളവരെയാക്കം ഈ ഫോഴ്സിൽ ഉൾപ്പെടുത്തും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിലെത്തി കണ്ടത് നല്ല കാര്യമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ അദേഹത്തിന്റെ ജില്ലയിൽ 22 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. അന്ന് അദ്ദേഹം മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നെങ്കിൽ കേരളത്തിന്റെ വനാതിർത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരി സരസുവും ബന്ധുക്കളും മന്ത്രി കെ.എ.തുളസിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. മധു വധക്കേസിലെ നിയമപോരാട്ടങ്ങളിലെ പുതിയ സാഹചര്യങ്ങളും തങ്ങളുടെ കടുത്ത ജീവൽപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചാണ് കുടുംബം മന്ത്രിയെ സന്ദർശിച്ചത്.
2026 മേയ് 25നായിരുന്നു മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി പുറത്തുവന്നത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ ഒന്നാം പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വിചാരണക്കോടതി ശിക്ഷിച്ച ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
വരുന്ന ഓഗസ്റ്റ് 25 നകം സുപ്രീംകോടതിയിൽ അപ്പീൽ നടപടികൾ പൂർത്തിയാക്കണമെന്ന് കുടുംബം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി കെ.എ.തുളസി ഉറപ്പ് നൽകി. മധുവിന്റെ കേസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കോടതിയും ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നതിനെ തുടർന്ന് സഹോദരി സരസുവിന് അട്ടപ്പാടി തുടുക്കി അങ്കണവാടിയിലെ വർക്കർ സ്ഥിരം ജോലി നഷ്ടപ്പെട്ടിരുന്നു.
കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായ ഈ ജോലി പുനഃസ്ഥാപിച്ചു നൽകണമെന്ന് ഇവർ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയം പ്രത്യേകമായി സർക്കാർ പരിശോധിക്കാമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
District News
ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിൽ രൂപം കൊണ്ട വലിയ ഗർത്തത്തെ തുടർന്ന് ഒരു വർഷമായി വൈദ്യുതി ഉത്പാദനം നിർത്തി വച്ചപദ്ധതിയിൽനിന്നു വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കാൻ ധാരണ.
വൈദ്യുതിമന്ത്രി സണ്ണിജോസഫും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും അയ്യൻകുന്ന് പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി നിർത്തിവച്ച ഉത്പാദനം പുനരാരംഭിക്കാനുള്ള നിർദേശം നൽകി. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ കനാലിലെ ചോർച്ച കാരണം അപകട ഭീഷണിയിലായ ആറു കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും ഇവരുടെ ഭൂമി ഏറ്റെടുക്കുന്ന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
പദ്ധതി പ്രദേശത്തുതന്നെ യോഗം ചേർന്ന മന്ത്രി നാട്ടുകാരിൽനിന്നുള്ള പരാതികൾ കേട്ട ശേഷമാണ് നിർദേങ്ങൾ നൽകിയത്. ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം വൈദ്യുതി ഉത്പാദനം പുനരാരംഭിക്കേണ്ടതും ഒരേപോലെ പ്രാധാന്യമുള്ള കാര്യമാണെന് മന്ത്രി യോഗത്തെ ബോധ്യപ്പെടുത്തി. ഘട്ടം ഘട്ടമായിപൂർണ തോതിൽ കനാൽ നവീകരിക്കും. ഇതിനുള്ള പഠന റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചർച്ചയുടെ അടിസ്ഥാനത്തിൽ ചോർച്ചയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച രണ്ട് കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന വാടകയുടെ കുടിശിക പുനഃസ്ഥാപിച്ച് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കനാലിലൂടെ ജലം ഒഴുക്കിവിടുമ്പോൾ ചോർച്ച കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടിയന്തര നടപടികൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. ജനങ്ങളുടെ സുരക്ഷയെക്കരുതി ഇപ്പോൾ പദ്ധതിക്ക് വേണ്ടി അധികമായി ഏറ്റെടുക്കുന്ന ഭൂമിയിൽ ടൂറിസം സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈദ്യുതി ജനറേഷൻ ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനിയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഇ.കെ. സിന്ധു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയ്സൺ കാരക്കാട്, ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ജയിസ് ടി. മാത്യു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോസ് കുഞ്ഞ് തടത്തിൽ, മേരി റെജി, മേഴ്സി, പഞ്ചായത്തംഗങ്ങളായ ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ്, അനീഷ് കെ. പോൾ, ബിന്ദു ഷാജി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ. അനിൽ, മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു, യദുലാൽ എന്നിവർ പങ്കെടുത്തു.
District News
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൊറോറ കടവ്-പെരുമണ്ണ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം വൈദ്യുത മന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവർക്കു നിവേദനം നൽകി. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധി സംഘത്തിന് ഉറപ്പു നൽകി. കോൺഗ്രസ് മട്ടന്നൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് ഒ.കെ. പ്രസാദ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. ബാലൻ, നഗരസഭാ കൗൺസിലർമാരായ പി. രാഘവൻ, കെ. അഭിനേഷ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്നു അനുകൂല സമീപനമുണ്ടായിരുന്നില്ല.പാലം യാഥാർഥ്യമായാൽ പൊറോറ കടവ് വഴി പെരുമണ്ണിൽ എത്തി ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. പെരുമണ്ണിൽ നിന്ന് പൊറോറ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് പൊറോറ കടവ് വഴി യാത്ര ചെയ്യുന്നത്.
മറുകരയെത്താൻ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാധ്യമാകില്ല. പാലമില്ലാത്തതിനാൽ ഏഴുകിലോ മീറ്ററോളം വളഞ്ഞാണ് പ്രദേശവാസികൾക്ക് സഞ്ചരിക്കേണ്ടി വരുന്നത്. മുമ്പ് നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്ഥലത്ത് പരിശോധന നടത്തി അടങ്കൽ തയാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതിനിടെ മണ്ണൂർ പാലം വന്നതോടെ പൊറോറ-പെരുമണ്ണ് കടവ് പാലത്തിനുവേണ്ട പ്രവർത്തനങ്ങൾ നിലച്ചു.
പൊറോറ പ്രദേശത്തിന്റെ വികസനത്തിനും പാലം വന്നാൽ സഹായകമാകും. ബസ് സർവീസില്ലാത്തതിനാൽ പൊറോറ നിവാസികൾ നാളുകളായി യാത്രാദുരിതം അനുഭവിക്കുകയാണ്. കെഎസ്ആർടിസി സർവീസുണ്ടായിരുന്നത് കോവിഡ് കാലത്തോടെ നിലച്ചു. പൊതുഗതാഗത സംവിധാനം ഉൾപ്പടെ മെച്ചപ്പെടാൻ പാലം വരുന്നതോടെ സാധ്യതയേറെയാണ്.നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു കർമസമിതി രൂപവത്കരിച്ച് പാലത്തിനായുള്ള ആവശ്യം ശക്തമാക്കിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഉൾപ്പടെയുള്ളവർക്ക് നിവേദനങ്ങളും നൽകിയിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 32 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ചങ്ങാടം നിർമിച്ചാണു നാട്ടുകാർ പുഴ കടക്കാൻ സൗകര്യം ഒരുക്കിയത്. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണു നാട്ടുകാർക്ക് യാത്രാമാർഗമില്ലാതായത്.
District News
തൃശൂർ: ഫുട്ബോൾതാരം ഐ.എം. വിജയന്റെ പേരിലുള്ള ലാലൂർ ഇന്റർനാഷണൽ സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയും എംഎൽഎയുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
സ്റ്റേഡിയം പൊതുജനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണു ചർച്ച നടക്കുന്നതെന്നു മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഐ.എം. വിജയൻ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.
ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമായിട്ടും സ്റ്റേഡിയം വെറുതെ കിടക്കുകയാണ്. യാതൊരു പരിപാടിയും ഇതുവരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഫുട്ബോൾ മൈതാനം, നീന്തൽക്കുളം, ടെന്നീസ് കോർട്ട്, സിന്തറ്റിക് ടർഫ്, മൂന്നുനിലയുള്ള ഗാലറി, ഹോക്കി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയാണു സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചതായി മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരത്ത് ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി വിശദീകരിച്ചത്. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുണ്ട്.
ഈ കാര്യം ഹൈക്കമാൻഡിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരും സ്ഥാനങ്ങൾ ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരിൽ ചിലരും മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്.
ഇതോടെ കെപിസിസി പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റുമാർ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുടെ പുതിയ ഭാരവാഹി പട്ടിക ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
National
ബംഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.
രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നിർദേശം.
പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.
ബംഗളൂരു നഗരത്തിന്റെ ചുമതലയുള്ള ബംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിംഗ റെഡ്ഡി രാജിവച്ചത്.
Kerala
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി മന്ത്രി ബിന്ദു കൃഷ്ണ.
അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തെന്നാണ് പ്രചരിച്ചിരുന്നത്. കഴിഞ്ഞദിവസം മന്ത്രിക്കെതിരെ കുട്ടി വീഡിയോ ചെയ്തിരുന്നു. ഈ കുട്ടിയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തെന്നായിരുന്നു വ്യാജപ്രചാരണം.
വ്യാജ പ്രചാരണത്തിൽ ആസൂത്രിതമായ നീക്കമുണ്ട്. ഗൂഢാലോചനയുണ്ട്. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. പരാതിക്കൊപ്പം വ്യാജപ്രചരണം നടത്തിയ പ്രൊഫൈലുകളുടെ ലിങ്കുകളും നൽകിയിട്ടുണ്ട്.
അങ്കണവാടിയിലെ മെനു പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് വിഡിയോ ചെയ്ത കുട്ടിയാണ് ശങ്കു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അങ്കണവാടി ഉച്ചഭക്ഷണ വിതരണത്തിലെ പ്രയാസം പറയുന്നതിനിടക്ക് കോൺഗ്രസ് പ്രവർത്തകയുടെ കൊച്ചുമോനാണ് ശങ്കു എന്നാണ് മന്ത്രി പറഞ്ഞത്.
എന്നാൽ, മന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് ശങ്കു മറ്റൊരു വിഡിയോ ചെയ്തിരുന്നു. ഞാൻ മന്ത്രി പറഞ്ഞ ആളുടെ കൊച്ചുമോനല്ല എന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്. ബിന്ദുകൃഷ്ണയുടെ പ്രസംഗത്തിനെതിരെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത്. സംഭവത്തിലാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.
അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും. ചികിത്സാ ചെലവിന്റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ആമിനയെ അഷ്കറിന്റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.
മകനെ സ്കൂളിൽ ചെന്ന് അഷ്കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന് മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്കൂളില്‍ ചെന്ന് അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സ്വത്ത് എഴുതി വാങ്ങാനാണ് അഷ്കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.
എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്കറിന്റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.
NRI
റോം: വേൾഡ് മലയാളി കൗൺസിൽ ഇറ്റലിയുടെ റോം പ്രൊവിൻസ് ചെയർമാൻ ജെജി മാന്നാറും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂരും മന്ത്രി പി.സി. വിഷ്ണുനാഥിന്റെ വസതിയിൽ എത്തി നിവേദനം നൽകി.
കേരളത്തിന്റെ ടൂറിസം മേഖലയെ യൂറോപ്യൻ മാതൃകയിൽ വികസിപ്പിച്ചാൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമായും സുസ്ഥിര ടൂറിസം രീതികൾ, അതായത് പരിസ്ഥിതിക്ക് കോട്ടമില്ലാത്ത രീതിയിലുള്ള വികസനം, യൂറോപ്പിൽ വളരെ സജീവമാണ്.
കൂടാതെ, ചരിത്രപരമായ സ്മാരകങ്ങളുടെ സംരക്ഷണം, മികച്ച പൊതുഗതാഗത സൗകര്യങ്ങൾ, ഗ്രാമീണ ടൂറിസം എന്നിവയും കേരളത്തിന് അനുകരിക്കാവുന്ന കാര്യങ്ങളാണ്. കേരളത്തിൽ നടപ്പാക്കാവുന്ന യൂറോപ്യൻ മാതൃകകളിൽ പ്രധാനം മാലിന്യ സംസ്കരണമാണ്. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുക എന്നത് ഇതിന്റെ പ്രധാന ഭാഗമാണ്.
രണ്ടാമത്തേത്, കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളാണ്. ഇതിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉൾപ്പെടുന്നു. മൂന്നാമതായി, സോളാർ എനർജി പോലുള്ള പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും.
പൊതുഗതാഗതവും ടൂറിസവും സംയോജിപ്പിച്ചുള്ള ഒരു ഡിജിറ്റൽ ആപ്പ് കേരളത്തിന് വളരെ വലിയ നേട്ടമാകും. ഈ ആപ്പിലൂടെ ആളുകൾക്ക് വിവിധ പൊതുഗതാഗത സംവിധാനങ്ങൾ, അതായത് ബസ്, ട്രെയിൻ, മെട്രോ എന്നിവയുടെ വിവരങ്ങൾ ഒരിടത്തുനിന്ന് തന്നെ മനസിലാക്കാനും ബുക്ക് ചെയ്യാനും സാധിക്കും.
കൂടാതെ, കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രാ മാർഗ്ഗങ്ങളും, ടിക്കറ്റുകളും, കാഴ്ചക്കാരുടെ വിവരങ്ങളും ലഭ്യമാകും. ഇതൊരു ഡിജിറ്റൽ ടൂറിസം ഗൈഡ് ആയി പ്രവർത്തിക്കുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച.
ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.