Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംഭവം വിവാദവും ചർച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്റെ ചുമതലകളില്‍നിന്നു മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്ക്കാന് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും. വെള്ളിയാഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുളള അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ടാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. വയനാട് ജില്ലയില്‍ ബുധനാഴ്ച റെഡ് അലേര്‍ട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്.
ജില്ലയിലെ അങ്കണ്‍വാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മൂന്ന് ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
Kerala
തൃശൂർ: കേരള കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി. വിസിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധം.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർഥികൾ രംഗത്തെത്തി. പഠിക്കാനുള്ള അവകാശത്തെ തടയുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്.
Kerala
കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി തീരുമാനം വൈകുന്നു. ധാരണകൾ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി ആലോചിക്കുകയാണ് ജീവനക്കാര്‍.
വെള്ളിയാഴ്ചയിലെ ചര്‍ച്ചക്ക് കമ്പനി വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരും നിയമ നടപടിയിലേക്ക് കടന്നേക്കും. ഇതിനിടെ, കമ്പനിയിലേക്ക് സിഐടിയു ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
National
ന്യൂഡൽഹി: ഓണക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ നൂറിലേറെ സ്പെഷൽ ട്രെയിനുകൾ കേരളത്തിലേക്ക് അധിക സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വിശദാംശങ്ങളുമായി ദക്ഷിണ റെയിൽവേ വൈകാതെ വിജ്ഞാപനം പുറത്തിറക്കും.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽനിന്ന് പ്രത്യേക ട്രെയിനുകളുണ്ടാകും. ഓണക്കാലത്ത് കേരളത്തിലേയ്ക്കുള്ള ട്രെയിനുകളിൽ അസാധാരണ തിരക്ക് പതിവാണ്.
ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നുള്ള വിദ്യാർഥികളും ജോലിക്കാരും അടക്കമുള്ള യാത്രക്കാർ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ ഉയർന്ന നിരക്കിൽ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്.
ഓണക്കലത്ത് പ്രത്യേക ട്രെയിനുകൾ അനുവദിക്കാറുണ്ടെങ്കിലും വളരെ വൈകി പ്രഖ്യാപിക്കുന്നത് യാത്രക്കാരെ വലച്ചിരുന്നു.
Kerala
കോഴിക്കോട്: ഇതര രാജ്യങ്ങളുമായി മത്സരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശക്തീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. പ്ലസ്വണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂര്‍ സിഎംഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകം ഗ്ലോബല്‍ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്നങ്ങളും സഫലീകരിക്കാനാവുകയും വേണം.
മറ്റുള്ളവരെ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി ആകര്‍ഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ പരിഷ്കരിച്ച് മുന്നോട്ടുപോകും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടെയുണ്ടായ നൂതന മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും പ്രകടമാകേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു.
സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിദ്യാ ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
Kerala
കൊടകര: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് അഭിമാനമായി, സഹൃദയ കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ആദ്യത്തെ ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാം ആരംഭിച്ചു. കോളജിന്റെ ഇരുപത്തഞ്ചാം അധ്യയന വർഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഇതിന്റെ പ്രഖ്യാപനം നടത്തി.
എൻജിനിയറിംഗ് പഠനരീതിയിൽ വലിയ മാറ്റത്തിന് തുടക്കംകുറിച്ച് ബിടെക്, എംടെക് ബിരുദങ്ങൾ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരം നൂതന അക്കാദമിക് മാതൃകകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നു മന്ത്രി പറഞ്ഞു.
പരമ്പരാഗതമായ പഠനരീതിയേക്കാൾ വേഗത്തിൽ ഉന്നത ഗവേഷണങ്ങളിലേക്കും നൂതന സാങ്കേതിക വൈദഗ്ധ്യങ്ങളിലേക്കും കടക്കാൻ ഈ കോഴ്സ് വിദ്യാർഥികളെ സഹായിക്കും. ബയോടെക്നോളജി എൻജിനിയറിംഗ്, വിഎൽഎസ്ഐ എന്നീ രണ്ടു വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ട്രസ്റ്റ് ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു. ടി.ജെ. സനീഷ്കുമാർ ജോസഫ് എംഎൽഎ, കോളജ് മാനേജർ മോൺ. വിൽസൺ ഈരത്തറ എന്നിവർ ആശംസകളർപ്പിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിലൂടെ ഉത്തരവാദിത്തമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ കോളജിനുള്ള പ്രതിബദ്ധത എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ആന്റോ ചുങ്കത്ത് വ്യക്തമാക്കി.
ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ, വാർഡ് മെംബർ അഡ്വ. നയാൽ പ്രസാദ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ മാനേജർ മാത്യൂസ് പോൾ, ജോബിൻ ആൻഡ് ജിസ്മി കോ-ഫൗണ്ടറും സിഇഒയുമായ ജിസ്മി ജോബിൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, വൈസ് പ്രിൻസിപ്പൽ ഡോ. ഫിന്റോ റാഫേൽ, പിടിഡബ്ല്യുഎ പ്രതിനിധി സുരേഷ് ഉണ്ണി, സ്റ്റാഫ് പ്രതിനിധി റോഷ്ണി ആർ. മേനോൻ, വിദ്യാർഥി പ്രതിനിധി ആർവിൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.എസ്. രാംകുമാർ നന്ദി പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റിനു കീഴിൽ 2002ലാണ് സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി സ്ഥാപിതമായത്. ഓട്ടോണമസ് പദവിയുള്ള സ്ഥാപനം ഐഎസ്ഒ അംഗീകാരവും ഡിഎസ്ഐആർ നൽകുന്ന സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ പദവിയും നേടിയിട്ടുണ്ട്. എൻബിഎ, നാക് അംഗീകാരമുള്ള കോളജ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിലും മികച്ച നിലവാരം പുലർത്തുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകൾ ഇന്ന് ആരംഭിക്കും. 3.5 ലക്ഷത്തോളം വിദ്യാർഥികളാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 64,393 വിദ്യാർഥികളാണ് മലപ്പുറത്തു ഇക്കുറി പ്ലസ് വണ്‍ പ്രവേശനം നേടിയിട്ടുള്ളത്.
കോഴിക്കോട് ജില്ലയിൽ 35.505 വിദ്യാർഥികൾ പ്ലസ് വണ്‍ പ്രവേശനം നേടി. മാനേജ്മെന്റ് ക്വാട്ടയിലേയ്ക്കുള്ള പ്രവേശന നടപടികൾ ഈ മാസം 10 വരെ തുടരാമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Editorial
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന ആരോപണമുന്നയിക്കുന്നവരിൽ മുന്നിലാണ് സിപിഎം. പക്ഷേ, മറ്റൊരു ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടാണ് സിപിഎം പ്രതിപക്ഷത്തേക്ക് മാറിയിരുന്നതെന്ന വാർത്ത രാഷ്ട്രീയത്തിന്റെതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണ്. അധികാരത്തിലെത്തിയാൽ എല്ലാവരും അഴിമതിക്കാരായി മാറുമെന്ന അടച്ചാക്ഷേപത്തിന് ഇതു വഴിവച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുകയും സമാന അഴിമതികളിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തില്ലെങ്കിൽ, അധികാരം എല്ലാവരെയും ദുഷിപ്പിച്ചേക്കാമെന്ന സാധ്യതയെ ദുഷിപ്പിക്കുമെന്ന പൊതുബോധമാക്കി മാറ്റും. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശന്പളമുള്ള ആസൂത്രണ ബോർഡ് ചീഫുമാരെ പോലും നിയമിച്ചത് പിൻവാതിലിലൂടെയാണെന്നത് നടുക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പിൻവാതിലിലൂടെ കടന്നവരെയും കടത്തിവിട്ടവരെയും നന്നായി ‘കൈകാര്യം’ ചെയ്യാൻ ഒരു നിമിഷം വൈകരുത്.
എട്ടുവർഷത്തിനിടെ പിണറായി സർക്കാർ 1.8 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് നടത്തിയ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തി രമേശ് ചെന്നിത്തല 2025 ഫെബ്രുവരിയിൽ പറഞ്ഞിരുന്നു. പിന്നാലെ, പിന്‍വാതില്‍ നിയമനങ്ങളിൽ പിണറായി സർക്കാർ റിക്കാർഡിട്ടെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലും പതിനായിരക്കണക്കിനു പേരെ ഇത്തരത്തിൽ നിയമിച്ചെന്നും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനും ആരോപിച്ചിരുന്നു.
നാലു വർഷത്തിനിടെ സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ, അതു ക്രോഡീകരിച്ചിട്ടില്ലെന്നു പറഞ്ഞു തലയൂരുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ പിൻവാതിൽ ഇല്ലെന്നു നാം ധരിച്ചിരുന്ന പിഎസ്സി നിയമനങ്ങളിലും അട്ടിമറി നടന്നെന്ന ആരോപണം.
ആസൂത്രണ ബോര്‍ഡ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പേഴ്സ്പെക്ടീവ് പ്ലാനിംഗ്, പ്ലാനിംഗ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് ക്രമക്കേട് നടന്നത്. സംശയം തോന്നിയ ഉദ്യോഗാർഥികളിലൊരാൾ ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തതോടെയാണ് കള്ളി വെളിച്ചത്തായത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടുപോലുമില്ലത്രേ. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചില്ല. നിയമനം കൊടുത്തത് ഇടതു സംഘടനാ നേതാക്കൾക്കാണെന്ന വാർത്തയും പുറത്തായി. അധമരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ പിഎസ്സി ഇതിനു ധൈര്യപ്പെടില്ല.
ഈ ക്രമക്കേട് അന്വേഷിക്കാന്‍ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കണ്‍ട്രോളറെ തന്നെയാണ് പിഎസ്സി ചെയര്മാന് ഏൽപിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമെന്നായിരുന്നു പിഎസ്സി യോഗ തീരുമാനം. എന്നാല്‍, പിഎസ്സി ചെയര്മാന് എം.ആര്. ബൈജു ഇത് അട്ടിമറിച്ചെന്നാണ് ആരോപണം. എന്തോ ഒളിപ്പിക്കാൻ പെടാപ്പാടു പെടുന്നതുപോലെ. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും പാർട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്കായി വീതംവച്ചു കൊടുക്കുന്നുവെന്ന ആരോപണം, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായം പറഞ്ഞാണ് കഴിഞ്ഞ സർക്കാർ മുക്കിയത്.
പ്രതിപക്ഷത്തായിരിക്കേ തങ്ങളുന്നയിച്ച ആ ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താൻ യുഡിഎഫ് സർക്കാർ വിചാരിച്ചാൽ നടക്കും. റേഷൻ വാങ്ങാനുള്ള കാശു ചോദിച്ച ആശമാരെ മഴയത്തിരുത്തി ആക്ഷേപിച്ചവർ, പിഎസ്സി അംഗങ്ങളുടെ ശന്പളം ലക്ഷങ്ങൾ വർധിപ്പിച്ചതു നാം കണ്ടതാണ്. ആ പിഎസ്സിയാണ് ഉത്തരക്കടലാസ് നോക്കാതെ ജോലിക്കാരെ തെരഞ്ഞെടുത്തത്. വെറുതെ വിടരുത്. പിൻവാതിലുള്ള പിഎസ്സി കേരളത്തിനു വേണ്ട.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ വഞ്ചിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്സിയെയും പാർട്ടിവത്കരിച്ച് സിപിഎം കൊടിയ അഴിമതികൾ നടത്തിയെന്ന ആരോപണത്തിനു മറുപടി ആയിട്ടില്ല. ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു ഭരണഘടനാ സ്ഥാപനംകൂടി പാർട്ടിവത്കരിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെയും പിഎസ്സിയെയും താരതമ്യപ്പെടുത്തുന്നില്ല. പക്ഷേ, ബിജെപിക്കെതിരേയുള്ള ഇത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള പ്രതിപക്ഷത്തിന്റെ യോഗ്യതയെ എൽഡിഎഫ് പരിഹാസ്യമാക്കിയെന്നും പറയാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഓരോ പാർട്ടിക്കാർ തീറെഴുതിയെടുക്കുന്നതിനു തുല്യമാണ് ഉദ്യോഗസ്ഥരെയെല്ലാം ആജ്ഞാനുവർത്തികളാക്കുന്നത്. ജനാധിപത്യവിരുദ്ധമായ പാർട്ടി സർക്കാരുകളുടെ നിർമാണം ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ചെറുക്കപ്പെടേണ്ടതാണ്. പക്ഷേ, ചെറുത്തുനിൽപ്പുകാരെന്നു നാം കരുതിയവരിൽ പലരും അയോഗ്യരായി പുറത്തുപോകുന്ന കാഴ്ചയാണുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂരും കാസർഗോഡും തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ്
കാലാവസ്ഥാ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.
ഓപ്പറേഷന് തൂഫാന് ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന് ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന് പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.
തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന് എംപി, മനോജ് മൂത്തേടന് എംഎല്‍എ, വി.പി. സജീന്ദ്രന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.
അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും (ഏകദേശം 2.5 ലക്ഷം) യാതൊരു വിവേചനവുമില്ലാതെ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഭാരത്നെറ്റ് പദ്ധതി കേരളത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും നിര്‍ദേശിച്ച പരിഷ്കരണ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാന ഊര്‍ജ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഭാരത്നെറ്റ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച രണ്ടു പ്രധാന നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനാണ് ഉത്തരവ്. ഭാരത്നെറ്റ് പദ്ധതിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നല്‍കിയിട്ടുള്ള വൈദ്യുതി കണക്്ഷനുകളെ ‘ഗവണ്മെന്റ് കണക്ഷനുകള്‍’ ആയി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കേരളത്തിലെ എല്ലാ വൈദ്യുതി വിതരണ കമ്പനികളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ മാറ്റം വരുത്തണം.
വൈദ്യുതി കണക്്ഷനുകള്ക്കായി ഏകീകൃത അപേക്ഷാ ഫോം ഏര്‍പ്പെടുത്തണമെന്നതാണ് ഉത്തരവിലെ രണ്ടാമത്തെ വ്യവസ്ഥ. സംസ്ഥാനത്തെ പ്രധാന വിതരണ ഏജന്‍സിയായ കെഎസ്ഇബിഎല്‍ ഇതിനോടകംതന്നെ ഇത് നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ചെറുകിട വൈദ്യുതി വിതരണ ലൈസന്‍സികള്‍ ഈ വ്യവസ്ഥ നിശ്ചിത സമയത്തിനകം പൂര്‍ണമായി പാലിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്.
വ്യവസ്ഥകള്‍ പാലിക്കുന്നതോടെ ഭാരത്നെറ്റ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കാവശ്യമായ വൈദ്യുതി കണക്്ഷനുകള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്സാണ് ഭാരത്നെറ്റ് പദ്ധതി നടപ്പാക്കുന്നത്. കേരളം, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഭാരത്നെറ്റ് വഴി ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യം ലഭ്യമാക്കും. ഇതു വഴി ഗ്രാമീണ-മേഖലകളില്‍ ഇ- ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, ഇ-ഗവേണന്‍സ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
ഗ്രാമങ്ങളിലെ സ്കൂളുകള്‍, ആശുപത്രികള്‍, പോസ്റ്റ് ഓഫീസുകള്‍, അങ്കണവാടികള്‍, പോലീസ് സ്റ്റേഷനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാരത്നെറ്റ് വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും. 2011 ഒക്്ടോബറിലാണ് പദ്ധതിക്ക് കാബിനറ്റ് അംഗീകാരം നല്‍കിയത്.
ബിഎസ്എന്‍എല്‍, റെയില്‍ടെല്‍, പവര്‍ഗ്രിഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലവിലുള്ള കേബിള്‍ ശൃംഖലകള്‍ ഉപയോഗപ്പെടുത്തിയും പുതിയ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചും ബ്ലോക്ക് ആസ്ഥാനങ്ങളെ ഗ്രാമപഞ്ചായത്തുകളുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 2017 ഡിസംബറോടെ ഒന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്ക് പുറമേ റേഡിയോ, സാറ്റലൈറ്റ് എന്നീ മാധ്യമങ്ങളും കണക്റ്റിവിറ്റിക്കായി ഉപയോഗിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല്, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ മുതൽ 216 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
Kerala
തിരുവനന്തപുരം: മദ്യം വാങ്ങാൻ 23 വയസ് തികയണമെന്ന നിബന്ധന സർക്കാർ കർശനമാക്കുന്നു. ബെവ്കോ ഔട്ട്ലറ്റുകൾ വഴിയുള്ള മദ്യവിതരണത്തിന് പ്രായപരിധി കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് ശിപാർശ നൽകി.
പ്രായപൂർത്തിയാകാത്തവരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മദ്യം വാങ്ങുന്നത് പൂർണമായും തടയുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ശിപാർശ പ്രകാരം മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായം സംബന്ധിച്ച് കൗണ്ടറിലുള്ള ജീവനക്കാർക്ക് സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടാം.
വയസ് തെളിയിക്കുന്ന മതിയായ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമേ തുടർന്ന് മദ്യം നൽകുകയുള്ളൂ. എക്സൈസ് വകുപ്പ് കഴിഞ്ഞദിവസം നൽകിയ ശിപാർശ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
Kerala
തിരുവനന്തപുരം: മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന കുഴികളെ പറ്റിയുള്ള പ്രശ്നം ഉന്നയിച്ച കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസിന് സഭയില്‍ മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. ഇത് കേരളമാണെന്നും മഴ പെയ്താല്‍ കുഴികളുണ്ടാകുമെന്നുമായിരുന്നു പി.കെ. ബഷീറിന്റെ പരാമര്‍ശങ്ങള്‍.
കുന്നത്തൂര്‍ എംഎല്‍എ ഉല്ലാസ് കുഴിയെ പറ്റി സൂചിപ്പിച്ചു. മഴക്കാലമായാല്‍ റോഡില്‍ കുഴിയുണ്ടാവും. കേരളമാണിത്. കോണ്‍ട്രാക്ട് കൊടുത്ത് പാച്ച് വര്‍ക്ക് ഒക്കെ ചെയ്ത് അത് നന്നാക്കാം.
പിന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇറാന്–അമേരിക്ക പ്രശ്നങ്ങളുണ്ടായപ്പോള്‍ ടാറിനും മറ്റീരിയല്സിനും വില കൂടിയിട്ടുണ്ട്. അത് ഒരു സത്യമാണ്. നമ്മള് വന്നിട്ട് ഒരു മാസവും അഞ്ചോ ആറോ ദിവസവും ആയിട്ടുള്ളൂ. പ്രശ്നങ്ങളൊക്കെ പരിഹരിക്കുമെന്നും പി.കെ. ബഷീർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂന മർദ്ദ പാത്തി കർണാടക ഗുജറാത്ത് തീരത്തേക്ക് മാറി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലയ് 3ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂലായ് നാലിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Kerala
കൊച്ചി: കേരള സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനത്തില്‍ ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിന് കോടതി നോട്ടീസ് അയച്ചു. അഡ്വ. ഗിരിജ ഗോപാലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. ടി.ആര്. മനോജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
സര്‍വകലാശാലയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്തു നിന്നും അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, വിസി അഡ്വ. ഗിരിജ ഗോപാലിനെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് സിന്‍ഡിക്കേറ്റ് അംഗം ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിസിക്ക് നോട്ടീസ് അയച്ചു. വിസി മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. യൂണിവേഴ്സിറ്റികളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനം സിന്‍ഡിക്കറ്റിന്റെ അധികാരമാണ്. അത് മറികടന്നാണ് വിസി ഗിരിജ ഗോപാലിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചത്.
അതിനാല്‍ നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കോടതി അടിയന്തര സ്റ്റേ നല്‍കിയില്ല. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. വിസിക്ക് നോട്ടീസ് അയച്ച് കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാൻ ശ്രമം നടത്തുന്നുവെന്നും കഴിഞ്ഞ നാലഞ്ച് ദിവസം വൈദ്യുതി നിയന്ത്രം ഏർപ്പെടുത്തേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ കൂടുതൽ കാര്യങ്ങൾ സഭയിൽ പറയും. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി നിയന്ത്രണം വേണമോ എന്നത് കാലാവസ്ഥയെ അനുസരിച്ചിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫിസറായി ശേഷാദ്രി നാഥൻ്റെ നിയമനത്തില്‍ മറുപടി പറയാതെ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. കെപിസിസി സ്ഥാപനത്തിലെ ആര്‍എസ്എസ് പഠന ശിബിരം സംബന്ധിച്ച ചോദ്യത്തെയും മന്ത്രി നിസാരവത്കരിച്ചു.
Business
കൊച്ചി: പശ്ചിമേഷ്യയിൽ മൂന്നു മാസം നീണ്ടുനിന്ന സംഘർഷം കേരളത്തിൽനിന്നുള്ള വ്യോമ, കപ്പൽമാർഗമുള്ള ചരക്കു കയറ്റുമതിയെ ഗുരുതരമായി ബാധിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ), കാലിക്കട്ട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മാർച്ച്-മേയ് മാസങ്ങളിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.
കേരള എക്സ്പോർട്ടേഴ്സ് ഫോറം തയാറാക്കിയ റിപ്പോർട്ട് പ്രകാരം കനത്ത പ്രഹരമാണ് മൂന്നു മാസം നീണ്ട യുദ്ധം കേരളത്തിൽനിന്നുള്ള വ്യോമമാർഗമുള്ള കയറ്റുമതിയെ ഏൽപ്പിച്ചത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്തെ പ്രധാന എയർപോർട്ടുകളായ കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽനിന്നും ഉള്ള പെരിഷബിൾ (പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ) കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു.
കൊച്ചി വിമാനത്താവളം വഴിയുള്ള കയറ്റുമതി
ഇക്കാലയളവിൽ സിയാൽ വഴിയുള്ള എയർ കാർഗോയിൽ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം മാർച്ചിൽ 3,146.9 ടണ്‍ കയറ്റുമതി നടത്തിയ സ്ഥാനത്ത് ഇത്തവണ 36.41 ശതമാനം ഇടിഞ്ഞ് 2000 ടണ്ണായി കുറഞ്ഞു. ഏപ്രിലിൽ 2992 ടണ്ണായി ഉയർന്നെങ്കിലും കഴിഞ്ഞ വർഷത്തെ 4370.7 ടണ്ണിൽ നിന്ന് വളരെ കുറവാണിത്. 31.54 ശതമാനത്തിന്റെ കുറവാണിത്. മേയ് മാസത്തിലും നെടുന്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതി കൂടിയെങ്കിലും പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല. മുൻവർഷം ഇതേ കാലയളവിലെ 4563.6 ടണ്ണിൽനിന്ന് 32.84 ശതമാനം താഴ്ന്ന് 3065 മെട്രിക് ടണ്‍ മാത്രമായി.
കോഴിക്കോട് വഴി
കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് മൂന്നുമാസമുണ്ടായത്.
2025 മാർച്ചിൽ 2900.96 ടണ്‍ കയറിപ്പോയിടത്ത് ഇത്തവണ 53.35 ശതമാനം താഴ്ന്ന് 1353.2 ടണ്ണായി ഒതുങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിൽ 3818.93 ടണ്‍ കയറ്റിവിട്ടതിനെ അപേക്ഷിച്ച് 55.73 ശതമാനം കുറഞ്ഞ് ഇത്തവണ 1690.52 ടണ്ണിലെത്തി. മേയിലെ കയറ്റുമതി കഴിഞ്ഞ രണ്ടു മാസത്തേക്കാൾ താഴ്ന്നു. മുൻവർഷം 3384.42 മെട്രിക് ടണ്‍ ആയിരുന്നത് ഇത്തവണ 56.63 ശതമാനം ഇടിഞ്ഞ് 1467.96 ടണ്ണായി.
തുറമുഖം വഴിയുള്ള കയറ്റുമതിയിലും ഇടിവ്
കൊച്ചിൻ തുറമുഖം വഴി കടൽമാർഗമുള്ള കയറ്റുമതിയെയും പ്രതിസന്ധി ബാധിച്ചു. ഷിപ്പിംഗ് ചാർജുകൾ എട്ടിരട്ടിയിലധികം വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 2025 മാർച്ചിൽ 13,580 ടിഇയു (ട്വന്റി ഫൂട്ട് ഇക്വിലവന്റ് യൂണിറ്റ്- ചരക്കുകളുടെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു അന്താരാഷ്ട്ര ഏകകം) കയറ്റുമതി നടത്തിയപ്പോൾ ഈ വർഷമിത് 11,238 ടിഇയു ആയി ഇടിഞ്ഞു. 2025 ഏപ്രിലിലെ 11,866 ടിഇയു കയറ്റുമതി ഇത്തവണ 8622 ടിഇയുവിലേക്ക് കൂപ്പുകുത്തി.
യുദ്ധ പ്രതിസന്ധി സംസ്ഥാനത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്. കാരണം, സമുദ്രവിഭവങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മറ്റ് കാർഷിക ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ പെട്ടെന്ന് കേടുവരുന്ന കേരളത്തിന്റെ കയറ്റുമതി സാധനങ്ങളുടെ വലിയൊരു പങ്ക് ഗൾഫ് രാജ്യങ്ങൾ വഴിയാണ്, പ്രത്യേകിച്ച് പ്രധാന ട്രാൻസ്ഷിപ്പ്മെന്റ്-വിതരണ കേന്ദ്രമായ ദുബായ് വഴിയാണ് അയയ്ക്കുന്നത്. -കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി അളവിൽ ഉണ്ടായ കുത്തനെയുള്ള ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് അവിടത്തെ പരിമിതമായ കാർഗോ കൈകാര്യം ചെയ്യൽ ശേഷിയാണ്. ഇതിന് വിപരീതമായി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ ചരക്ക് കണ്സൈൻമെന്റുകൾ കൊണ്ടുപോകാൻ ശേഷിയുള്ള വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇത് കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യവും , ഉയർന്ന കാർഗോ ലഭ്യതയും ഉറപ്പാക്കുന്നു. ചരക്കയപ്പ് വൈകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Kerala
തിരുവനന്തപുരം: ലഹരി മാഫിയകളെ പൂർണമായും അടിച്ചമർത്താൻ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. മുൻപ് മയക്കുമരുന്ന് വിപണിയിൽ പഞ്ചാബ് ആയിരുന്നു മുന്നിലെങ്കിൽ ഇന്നത് കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കാസർകോട് ഒരു മിഠായി നിർമാണ കമ്പനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ചേർത്ത ലഹരി മിഠായികൾ കണ്ടെത്തിയിരുന്നു. സ്കൂൾ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കാപ്പ ചുമത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഡിജെ പാർട്ടികൾ, ലക്ഷ്വറി ഹോട്ടലുകൾ, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ എന്നിവയും കർശന നിരീക്ഷണത്തിലാണ്. വിഐപികളോ സിനിമാപ്രവർത്തകരോ ആരായാലും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലത്തിനനുസരിച്ച് പോലീസ് സേനയിലും പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സംസ്ഥാന സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം.
കോഴിക്കോട് ഡോ. എൽ.ടി. സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ.ആർ. വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.
കാസർഗോഡ്: ഡോ. കെ.ടി. രേഖ, മലപ്പുറം: ഡോ.വി. വിനോദ്, ഇടുക്കി: ഡോ. ഐപ്പ് ജോസഫ് എന്നിവരെയാണ് നിയമിച്ചത്.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് 10 പേർക്ക് കൂടി സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, വനയാന്ട് എന്നീ ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
മലപ്പുറത്ത് അഞ്ച് പേർക്കും കോഴിക്കോട് നാല് പേർക്കും വയനാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം 190 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ 266 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം (30), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (മൂന്ന്), എറണാകുളം (നാല്), പാലക്കാട് (മൂന്ന്)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ വടക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും കാറ്റും കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി ഇന്നും വെള്ളിയാഴ്ചയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല.
എന്നാൽ ശനിയാഴ്ച മുതൽ വീണ്ടും മഴക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.
സംസ്ഥാന സർവീസിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1992 ബാച്ച് കേരള കേഡർ ഓഫീസറാണ്. നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇതോടൊപ്പം ജലവിഭവം, കോസ്റ്റൽ ഷിപ്പിംഗ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ബിഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ ഡൽഹി സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
Kerala
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കാലവര്‍ഷത്തില്‍ ഇന്നലെ വരെ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: മുഹറം പൊതുഅവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. കലണ്ടർ പ്രകാരം വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന പൊതുഅവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവൃത്തിദിനമായിരിക്കും.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മുഹറം വെള്ളിയാഴ്ചയായ സാഹചര്യത്തിലാണ് അവധി ദിനത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധിയായിരിക്കും.
National
ന്യൂഡൽഹി: കേരളത്തിലെ മദ്യ ഉപയോഗം രണ്ടു വർഷത്തിനിടെ മൂന്നു ശതമാനം വർധിച്ചെന്നു കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേരളത്തിലെ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 2023-24 വർഷം 22.7 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയാറാക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്-6) ചൂണ്ടിക്കാട്ടുന്നു.
2019-21 വർഷത്തിലെ 19.9 ശതമാനത്തിൽനിന്ന് മൂന്നു ശതമാനത്തിനടുത്താണ് രണ്ടു വർഷത്തിനിടെ വർധിച്ചിരിക്കുന്നത്. കേരളത്തിൽ മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള സ്ത്രീകളാകട്ടെ 2019-21 വർഷം 0.2 ശതമാനമായിരുന്നത് 2023-24 വർഷം 0.3 ശതമാനമായി വർധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ ആരോഗ്യ സർവേയായി കണക്കാക്കുന്ന എൻഎഫ്എച്ച്എസ്-6 റിപ്പോർട്ടിൽ കേരളത്തിലെ മദ്യ ഉപയോഗം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. സർവേയനുസരിച്ച് രാജ്യത്ത് 2023-24 വർഷം മദ്യം ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 18.9 ശതമാനമാണ്.
അതേസമയം, ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരുടെ ശതമാനം കേരളത്തിൽ രണ്ടു വർഷത്തിനിടെ കുറഞ്ഞിട്ടുണ്ട്. 2019-21 വർഷത്തിൽ പുകയില ഉപയോഗിക്കുന്ന 15 വയസിന് മുകളിലുള്ള പുരുഷന്മാർ 16.9 ശതമാനമായിരുന്നെങ്കിൽ 2023-24ൽ ഇത് 15.9 ശതമാനമായി കുറഞ്ഞു.
Kerala
കൊച്ചി: കേരളത്തില്‍ വിവാഹിതയായ കുംഭമേള വൈറല്‍ താരത്തെ തേടി മധ്യപ്രദേശ് പോലീസ് വീണ്ടുമെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് സംഘം ഏലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തിയെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ തിരിച്ചുപോയെന്നും ഏലൂര്‍ പോലീസ് എസ്എച്ച്ഒ പറഞ്ഞു.
കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചു കേരളത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാണിച്ച് അച്ഛൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പോലീസ് ഭര്‍ത്താവിന്റെ പേരില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണു കേരളത്തില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നും പ്രായപൂര്‍ത്തിയായ വ്യക്തിയെന്നനിലയില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുമ്പ് നല്കിയ പരാതിയില്‍ പറയുന്നു. യുവതി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി യുവതിയുടെ ഭര്‍ത്താവിന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Kerala
മീനച്ചിലാറ്റിലേക്ക് മാലിന്യക്കുഴലുകളും അഴുക്കുചാലുകളും
കോട്ടയം: കോട്ടയം ജില്ലയില്‍ ജലസ്രോതസുകളിലേക്ക് മലിനജലവും മാലിന്യവും തള്ളുന്നത് പതിവായിരിക്കുകയാണ്. മഴക്കാലമായതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മലിനജലം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നഗര മധ്യത്തിലൂടെ ഒഴുകുന്ന മീനച്ചിലാറിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തോടുകള്‍ മാലിന്യവുമായി ഒഴുകിയെത്തുന്നു. മിക്കതോടുകളിലേയും വെള്ളത്തിന്റെ നിറം കറുപ്പാണ്.
ഈ ഭാഗത്താണ് ഏറ്റവുമധികം മാലിന്യമെത്തുന്നതും. ശാസ്ത്രി റോഡരികിലൂടെ വരുന്ന തോടുകള്‍ കുര്യന് ഉതുപ്പ് റോഡരികിലൂടെ നാഗമ്പടം ബസ്റ്റാന്‍ഡിനു സമീപത്തൂകൂടെ വന്നാണു മീനച്ചിലാറ്റിലേക്കു ചേരുന്നത്. എംസി റോഡരികിലൂടെ വരുന്ന തോടുകള്‍ അണ്ണാന്‍കുന്ന് ഭാഗത്തേക്ക് പോകുന്ന വഴിക്കുള്ള തോട്ടിലും വന്നു ചേരും. മിക്ക സ്ഥാപനങ്ങളും തോട്ടിലേക്കാണു മാലിന്യം ഒഴുക്കുന്നത്.
ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സ് കുറച്ചു വര്‍ഷം മുമ്പ് നടത്തിയ പഠനത്തില്‍ മീനച്ചിലാറ്റില്‍ മലിനജലം കലരുന്നത് വഴി ജലത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശുചിമുറി മാലിന്യം പുഴകളിലേക്ക് തള്ളുന്ന സ്വകാര്യ ഏജന്‍സികളും നിരവധിയാണ്. ഇങ്ങനെ ജലസ്രോതസുകളില്‍ ശുചിമുറി മാലിന്യം തള്ളാനെത്തുന്നത് തടയുന്നവരെ ഭീഷണിപ്പെടുത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളും നഗരത്തില്‍ സജീവമാണ്.
മണിമലയാറിന്റെ കാര്യവും മോശമല്ല. മുണ്ടക്കയം കല്ലേപ്പാലം മുതല്‍ മണിമലയാറിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ വന്‍തോതിലാണ് തള്ളുന്നത്. വാഹനത്തില്‍ എത്തിച്ച് ആറ്റിലേക്ക് മാലിന്യം തള്ളുന്നവര്‍ നിരവധി. ഇങ്ങനെ എറിയുന്ന മാലിന്യം പുഴയിലേക്ക് വീഴാതെ പുഴക്കരയിലും മറ്റും തങ്ങിനിന്ന് അസഹനീയമായ ദുര്‍ഗന്ധം പരക്കുന്നതും സ്ഥിരമാണ്. എരുമേലി വലിയ തോടിന്റെയും തലയാഴം വലിയ തോടിന്റെയുമൊക്കെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്.
ശുചിമുറി മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയും നീരൊഴുക്ക് തടസപ്പെടുത്തുന്നുണ്ട്. മീനച്ചിലാറ്റില്‍ കുമ്മനം, താഴത്തങ്ങാടി പാലത്തിന്റെ അടിഭാഗത്ത് പ്ലാസ്റ്റിക് കുപ്പികളും വലിയ കമ്പുകളും അടിഞ്ഞു കൂടിയിരിക്കുകയാണ്. നീരൊഴുക്കു വരെ തടസപ്പെുന്ന രീതിയിലാണുപലയിടത്തും തടികളും കുപ്പികളും അടിഞ്ഞു കടിയിരിക്കുന്നത്.
Kerala
കണ്ണൂർ: ജില്ലയിൽ കനത്ത ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ വെച്ചാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് മരിച്ച അഞ്ജു.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റ ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിമല മഞ്ഞപ്പുൽ മേഖലയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇവർക്ക് അപകടം സംഭവിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പരത്തി ഷിഗെല്ല പടരുന്നു. വെള്ളിയാഴ്ച മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂന്നും തിരുവനന്തപുരം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ രണ്ടു വീതവും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഈ മാസം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പടരുന്നത്. കുടലിനെ ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ വയറിളക്കം, പനി, വയറുവേദന തുടങ്ങിയവയാണ്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാൽ തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്.
Kerala
തിരുവനന്തപുരം: കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. കഥകളി, കൂത്ത്, മാർഗംകളി, ചവിട്ടുനാടകം, മറ്റ് ക്ഷേത്ര ഗോത്രകലകൾ എന്നിവയുടെ അവതരണത്തിനും പരിശീലനത്തിനുമൊക്കെ ഇവിടെ സൗകര്യങ്ങളുണ്ടാകും.
ജെൻസികൾക്കായി ഷോർട്ട്ഫിലിം അവതരണത്തിന് ഇവിടെ സൗകര്യം ലഭിക്കും. സിനിമ തിയറ്ററുകൾ, ഭാഷാ മ്യൂസിയം, ശബ്ദമ്യൂസിയം, ഡോർമിറ്ററികൾ, ഭക്ഷണശാലകൾ, വിനോദ ഇടങ്ങൾ തുടങ്ങി സമഗ്ര വിനോദ പാർക്ക് ആയി ഇതിനെ മാറ്റും. ഇതിന്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
ഇതോടെ, സിനിമാമേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയലിന്റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.
വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.
കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.
Kerala
തൃശൂർ: ഒരിക്കൽ ഒപ്പിട്ടുകഴിഞ്ഞാൽ പിഎം ശ്രീയിൽനിന്നു പിൻമാറാൻ സാധ്യമല്ലെന്നും കേരളത്തിൽ മുഗൾ രാജവംശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുമെന്നും മന്ത്രി കെ. മുരളീധരൻ. മുഗളൻമാരും ഇംഗ്ലീഷുകാരും ഇന്ത്യ ഭരിച്ചതു യാഥാർഥ്യമാണ്. അതുപോലുള്ള ചരിത്രപരമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല.
മുഗൾ രാജവംശത്തെക്കുറിച്ചു പഠിപ്പിക്കാൻ പാടില്ലെന്നു കേന്ദ്രം സംസ്ഥാനസർക്കാരുകൾക്കു നിർദേശം കൊടുത്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ജനതാത്പര്യം സംരക്ഷിച്ചും ഇന്ത്യയുടെ മതേതരത്വം സംരക്ഷിച്ചും പിഎംശ്രീ നടപ്പാക്കാനാണു മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. സിലബസ് നിശ്ചയിക്കാനും വിദ്യാലയങ്ങൾ തെരഞ്ഞെടുക്കാനുമുള്ള പൂർണസ്വാതന്ത്ര്യം സംസ്ഥാനസർക്കാരിനാണ്.
ഈ രണ്ടു കാര്യങ്ങളിലും വിട്ടുവീഴ്ചയില്ല. പിഎം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ചു രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി സംസാരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ധാരണയിലെത്തിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളില്‍ കൂടി മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
NRI
മനാമ: കേരള സർക്കാർ പുതിയതായി രൂപീകരിച്ച വയോജന വകുപ്പ് രാജ്യത്തിനുള്ള കേരളത്തിന്റെ സംഭാവനയാണെന്ന് ബിഷപ് റെമിജിയോസ് ഇഞ്ചിനാനിയിൽ.
ബഹ്റിൻ എകെസിസിയുടെ "വാർധിക്കൃം ബാധ്യതയോ? സാധ്യതയോ?' എന്ന ചർച്ചാസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപ വാർധക്യ പെൻഷനും അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ് അഭ്യർഥിച്ചു.
മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റിൻ എകെസിസി പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു.
സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റിൻ എകെസിസി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത് അനുദിനം വർധിക്കുകയാണെന്ന് അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് അഭിപ്രായപ്പെട്ടു.
സർക്കാരും കത്തോലിക്കാ കോൺഗ്രസ് (എകെസിസി) പോലെയുള്ള സാമൂഹ്യ പ്രതിബദ്ധയുള്ള സംഘടനകളും കൂട്ടായി പരിശ്രമിച്ച് സമൂഹത്തിന്റെ ആത്മീയവും ധാർമികവുമായ അടിത്തറ ശക്തിപ്പെടുത്തിയാൽ ഒരു പരിധി വരെ ഭാവിയിൽ വൃദ്ധജനങ്ങളുടെ കഷ്ടപ്പാടുകൾ തരണം ചെയ്യാൻ കഴിയുമെന്ന് ജിബി അലക്സ് പറഞ്ഞു.
കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ മനുഷ്യ മഹത്വത്തെ (വയോജനങ്ങളെ) സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പരിഗണനയെ പ്രശംസിക്കുന്നതായി ജെനിറ്റ് ഷിനോയ് പറഞ്ഞു.
ബഹ്റിൻ എകെസിസി ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ബഹ്റിൻ എകെസിസി ലഹരി വിരുദ്ധ സേന കൺവീനർ ജെൻസൺ ദേവസി, മോൻസി മാത്യു, നർമ്മക്കൂട്ട് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ, ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ തോമസ് റാന്നി, വി.എം.ജോസഫ്, ജയ്സൺ, നോവലിസ്റ്റ് സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ സംസാരിച്ചു.
ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദി പറഞ്ഞു. ചർച്ചകളിൽ ഉരുത്തിരിഞ്ഞ മഹത്തായ ആശയങ്ങൾ കേരളസർക്കാരിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്കു കേരളത്തിൽ തുടക്കമായി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി. ഡി. സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണു സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.
ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census. gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു.
2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിനു സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. ടി. മിത്ര, ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി, ജില്ലാ കളക്ടർ അനു കുമാരി സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.
ഇന്നാരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സ്വയം നൽകുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.
വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.
കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ബുധനാഴ്ച രണ്ടു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയിലും വലിയ കുറവുണ്ടാകും.
അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൊമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്.
കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച നാല് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തംതിട്ട ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ഇനിയും പൂര്‍ത്തിയായില്ല. യൂണിഫോമിനുള്ള തുണി ലഭിക്കുന്നതിലും തയ്യല്‍ നടപടികള്‍ പൂര്ത്തിയാകുന്നതിലുമുള്ള കാലതാമസമാണ് പ്രധാന കാരണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ട് തലങ്ങളായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്കും എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലും സൗജന്യമായി കൈത്തറി യൂണിഫോം തുണി നല്കുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയും അഞ്ചു മുതല്‍ ഏഴു വരെയും , ഒന്നു മുതല്‍ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും യൂണിഫോം അലവന്‍സ് നല്കുന്നു. അതേസമയം ഈ അധ്യയന വര്‍ഷം യൂണിഫോം അലവന്‍സ് ലഭിക്കേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവര ശേഖരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച നടപടി ആരംഭിച്ചിട്ടുമുണ്ട്.
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ യൂണിഫോം ലഭിക്കാത്തത് കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്കൂള്‍ അന്തരീക്ഷത്തിലെ സമത്വബോധത്തെയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സ്കൂള്‍ യൂണിഫോമിനുള്ള തുണി പല തവണകളായാണ് ലഭിക്കുന്നതെന്നാണ് അധ്യാപകരുടെ പരാതി. പഠനസമയം നഷ്ടപ്പെടുത്തിയാണ് പ്രധാനാധ്യാപകര്‍ തുണിയെടുക്കാന്‍ ദൂരസ്ഥലത്തുള്ള വിതരണ കേന്ദ്രത്തില്‍ പോകുന്നത്. മുന്‍വര്‍ഷങ്ങളിലും ഈ ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് അധ്യാപകര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ- ആരോഗ്യവകുപ്പ് ഏകോപനമില്ല. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Leader Page
വി.ഡി. സതീശൻ സർക്കാരിന്റെ ദീർഘവീക്ഷണമുള്ളതും മാതൃകാപരവുമായ തീരുമാനമാണ് സംസ്ഥാനത്തെ ആദ്യ വയോജന ക്ഷേമ വകുപ്പിന്റെ രൂപീകരണം. ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ഈ തീരുമാനമെടുത്തത് മുതിർന്ന പൗരന്മാരോട് ഈ സർക്കാരിനുള്ള പ്രത്യേക കരുതലാണ് കാണിക്കുന്നത്. പ്രധാനമന്ത്രിയടക്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനത്തോളവും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരാണ്. വയോജനങ്ങളുടെ ആനുപാതികമായ എണ്ണത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇത് ദേശീയ ശരാശരിയേക്കാളും (11 %), ലോക ശരാശരിയേക്കാളും (10.5 %) വളരെ കൂടുതലാണ്.
ദേശീയ ജനസംഖ്യാ കമ്മീഷന്റെ പുതിയ കണക്കുകൾപ്രകാരം കേരളത്തിലെ നിലവിലെ ജനസംഖ്യ 3.62 കോടിയാണ്. ഇതിൽ ഏകദേശം 70 ലക്ഷത്തോളം ആളുകൾ മുതിർന്ന പൗരന്മാരാണെന്ന വസ്തുത തികച്ചും ഗൗരവത്തോടെ കാണേണ്ടതുണ്ട്. വരുംകാല സർക്കാർ നയ രൂപീകരണത്തിൽ ഇവർക്കായി പ്രത്യേക ഊന്നൽ നൽകേണ്ടിവരുമെന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒരു പുതിയ ‘വയോജന ക്ഷേമ വകുപ്പ്’ രൂപീകരിച്ചതിന്റെ പ്രാധാന്യം ഏറുന്നത്.
ഇതേസമയം തന്നെ, ഇന്ത്യയിൽ 15-29 വയസ് പ്രായമുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കേരളത്തിലെ ഈ പ്രായക്കാരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 18.2 ശതമാനമാണ്. കേരളത്തിലെ ബിരുദധാരികളുടെ തൊഴിലില്ലായ്മ നിരക്ക് എടുത്താൽ അത് ഇന്ത്യയിൽതന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്. ഏകദേശം 42 ശതമാനം.
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മയും വയോജനങ്ങളുടെ പ്രശ്നങ്ങളും ഒരേസമയം പരിഹരിക്കാൻ ‘തലമുറകളുടെ കൂട്ടായ്മ’ എന്ന തന്ത്രപരമായ സമീപനത്തിലൂടെ സാധിക്കും. വിദേശത്തുനിന്ന് മടങ്ങിയെത്തിയവരും വിവിധ മേഖലകളിൽനിന്ന് വിരമിച്ചവരുമായ വലിയൊരു വിഭാഗം വയോജനങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
ഇവരെ വെറുമൊരു ആശ്രിതസമൂഹമായോ തൊഴിലില്ലാത്ത യുവാക്കളെ ഒരു ബാധ്യതയായോ കാണാതെ വയോജനങ്ങളുടെ അനുഭവസമ്പത്തും യുവാക്കളുടെ പ്രായോഗിക കഴിവും സമന്വയിപ്പിച്ചാൽ ഇരുവിഭാഗത്തെയും ഉത്പാദനക്ഷമമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ കഴിയും.
ജപ്പാൻപോലുള്ള രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ ‘ടൈം ബാങ്ക്’ പദ്ധതിയും തലമുറകളുടെ കൂട്ടായ്മയിലൂടെ രൂപപ്പെടുന്ന ‘മെന്റർപ്രൊട്ടേഗെ’ (Mentor-Protégé) സ്റ്റാർട്ടപ്പുകളും കേരളത്തിന് പുതിയ ആശയങ്ങളാകും.
ടൈം ബാങ്ക് പദ്ധതി
ജപ്പാനിൽ വിജയകരമായി നടപ്പാക്കി വരുന്ന ടൈം ബാങ്ക് പദ്ധതി ലോകമെമ്പാടും അറിയപ്പെടുന്നത് ‘ഫുറൈ കിപ്പു’(Fureai Kippu) എന്ന പേരിലാണ്. ‘സ്നേഹബന്ധത്തിന്റെ ടിക്കറ്റുകൾ’ (Caring Relationship Tickets) എന്നാണ് ഈ വാക്കിന്റെ അർഥം. 1973ൽ തുടക്കമിട്ട ഈ പദ്ധതി, പണത്തിന് പകരം ‘സമയം’ ഒരു കറൻസിയായി ഉപയോഗിച്ച് പ്രായമായവരെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച മാതൃകയാണ്. ആരോഗ്യമുള്ള ഒരു വ്യക്തിക്കു മുതിർന്ന വ്യക്തിയെ സഹായിക്കാൻ ചെലവഴിക്കുന്ന സമയം അയാൾക്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി സൂക്ഷിക്കാം. പിന്നീട് അയാൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ഈ സമയം ഉപയോഗിച്ച് മറ്റുള്ളവരുടെ സഹായം സൗജന്യമായി തിരികെ വാങ്ങാം. ഇതാണ് ഇതിന്റെ ആശയം.
ഇതിനായി ഒരു ഡിജിറ്റൽ ടൈം ബാങ്ക് പോർട്ടൽ രൂപകൽപന ചെയ്യേണ്ടതുണ്ട്. വയോജന ക്ഷേമ വകുപ്പും ഐടി മിഷനും സംയുക്തമായി മൊബൈൽ ആപ്പും വെബ്സൈറ്റും നിർമിക്കണം. ഇതിൽ ഓരോ വ്യക്തിക്കും ഒരു ‘ടൈം അക്കൗണ്ട്’ ഉണ്ടായിരിക്കും. പണത്തിനു പകരം ‘മണിക്കൂറുകൾ’ ആണ് ഇതിലെ കറൻസി. വാർഡ് തലത്തിൽ സേവനം ആവശ്യമുള്ള വയോധികരുടെ രജിസ്ട്രേഷനാണ് അടുത്ത ഘട്ടം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ വാർഡ് മെമ്പർമാർ വഴിയോ തങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ (ഉദാഹരണത്തിന്: ആശുപത്രിയിൽ പോകാൻ കൂട്ട്, മരുന്ന് വാങ്ങൽ, ബാങ്ക് കാര്യങ്ങൾ, ഡിജിറ്റൽ സാക്ഷരത) ഇവർക്ക് ആപ്പിൽ രേഖപ്പെടുത്താം. അതോടൊപ്പംതന്നെ, സേവനം നൽകാൻ താത്പര്യമുള്ള അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളായ യുവാക്കൾ ഈ ആപ്പിൽ വോളന്റിയർമാരായി രജിസ്റ്റർ ചെയ്യണം. അവരുടെ ഒഴിവ് സമയവും താത്പര്യമുള്ള സേവന മേഖലകളും രേഖപ്പെടുത്താവുന്നതാണ്.
ഒരു യുവാവ് ഒരു മുതിർന്ന പൗരനെ ആശുപത്രിയിൽ കൊണ്ടുപോകാൻ രണ്ടു മണിക്കൂർ ചെലവഴിച്ചാൽ, വയോധികന്റെ അക്കൗണ്ടിൽ ക്രെഡിറ്റുണ്ടെങ്കിൽ അതിൽ നിന്ന് രണ്ടു മണിക്കൂർ കുറയുകയും യുവാവിന്റെ അക്കൗണ്ടിൽ ‘രണ്ട് ടൈം ക്രെഡിറ്റുകൾ’ ലഭിക്കുകയും ചെയ്യുന്ന ലളിതമായ ഒരു രീതിയാണിത്. യുവാക്കൾ നേടുന്ന ഈ ക്രെഡിറ്റുകൾക്ക് സർക്കാർ കൃത്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണം; ഉദാഹരണത്തിന്, നിശ്ചിത ക്രെഡിറ്റുള്ളവർക്ക് പിഎസ്സി പരീക്ഷാ ഫീസിളവോ കെഎഎസ് പോലുള്ള മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനമോ നൽകാം. കൂടാതെ, ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള ബാങ്ക് വഴിയോ കെഎസ്ഐഡിസി വഴിയോ കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കാനുള്ള അധിക യോഗ്യതയായി ഇതിനെ പരിഗണിക്കാവുന്നതാണ്.
കോളജ് ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോൾ എൻഎസ്എസ് സർട്ടിഫിക്കറ്റിന് നൽകുന്നതുപോലെ ടൈം ബാങ്ക് വോളന്റിയർമാർക്കും പ്രത്യേക വെയിറ്റേജ് മാർക്കുകൾ നൽകുന്നത് ഈ പദ്ധതിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ സഹായിക്കും. ആധികാരികത ഉറപ്പാക്കാൻ വാർഡ് മെമ്പർമാർക്കോ ആശ വർക്കർമാർക്കോ മറ്റോ ഇതിന്റെ മോണിറ്ററിംഗ് നല്‍കാവുന്നതാണ്.
ഇപ്രകാരം പരസ്പര പൂരകങ്ങളായ ഈ രണ്ട് തലമുറകളെ കോർത്തിണക്കുന്നതിലൂടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനും സാധിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ടാണ്.
അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മീഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
National
ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും വിദഗ്ധോപദേശങ്ങളും നൽകാൻ കേന്ദ്രസംഘം സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുൻപ് നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പ്രവർത്തന നടപടിക്രമങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനച്ച് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.
ഇത് പ്രകാരം രണ്ട് ദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.
അതേസമയം ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നിർദേശമുള്ളത്.
മലപ്പുറം, വയനാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു വർഷം ജനനങ്ങളേക്കാൾ കൂടുതൽ മരണം രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ വിലയിരുത്തുമ്പോഴാണ് ഈ ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കുറഞ്ഞു വന്ന ജനനനിരക്കിന്റെ ഫലമായി ഈ രണ്ടു വിഭാഗങ്ങളുടെയും സ്വാഭാവിക വളർച്ച നിരക്ക് (Natural Growth Rate - NGR) നെഗറ്റീവ് രേഖപ്പെടുത്തി.
കഴിഞ്ഞ പത്തു വർഷത്തെ ഒൗദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മരണ നിരക്കിനേക്കാൾ കുറഞ്ഞ ജനന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നു കാണാം. അതേസമയം, കേരളത്തിലെ മൊത്തത്തിലുള്ള സ്വഭാവിക വളർച്ച നിരക്ക് പോസിറ്റീവ് ആയി തുടരുന്നുണ്ട്. അതിനു കാരണം മുസ്ലിം വിഭാഗത്തിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നതുകൊണ്ടു മാത്രമാണ്.
ധനകാര്യ-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ (Economics and Statistics Department) 2014 മുതൽ 2023 വരെയുള്ള വാർഷിക 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്' റിപ്പോർട്ടുകളെ കണക്കിലെടുത്താണ് ഈ ജനന-മരണ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. 2023ലെ കണക്കാണ് ഏറ്റവും ഒടുവിലായി ലഭ്യമായിട്ടുള്ളത്. ഇതു പ്രകാരം കേരളത്തിന്റെ ആകെ സ്വാഭാവിക വളർച്ചാ നിരക്ക് (ഓരോ 100 പേരിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം) 0.249% ആയിരുന്നു.
ഇതിൽ ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് -0.115ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്നത് ഗൗരവതരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വിഭാഗത്തിന്റെ സ്വഭാവിക വളർച്ചാനിരക്ക് നെഗറ്റീവ് ആയാൽ അതിന്റെ അർഥം ആ സമൂഹത്തിന് ജനസംഖ്യ നിലനിർത്താൻ കഴിയുന്നില്ല എന്നാണ്.
ഹിന്ദു വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നത്. 2022ലാണ് ആദ്യമായി നെഗറ്റീവ് രേഖപ്പെടുത്തിയത്, -0.080% ശതമാനം. 2023 ആയപ്പോഴേക്കും -0.115% ആയി കൂടുതൽ കുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ 2021 മുതൽതന്നെ നിരക്ക് നെഗറ്റീവ് ആണ് (-0.095 ശതമാനം. 2023ൽ ഇത് -0.084 ശതമാനം ആയിട്ടുണ്ട്.
ഈ വിഭാഗങ്ങളിലെ ജനസംഖ്യാ ഇടിവ് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഉയർന്ന തട്ടിലുള്ള (upper-class) ജനവിഭാഗങ്ങളിൽ ആരംഭിച്ചിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരള യൂണിവേഴ്സിറ്റിയിലെ അസി. പ്രഫസർ ഡോ. അനിൽ ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും.
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് അലർട്ട് ഇല്ല. എങ്കിലും സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വടക്കൻ മേഖലയിൽ കെടുതികൾ തുടരുകയാണ്. നദികളിലും പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. 13 അണക്കെട്ടുകളിൽ നിന്ന് വെള്ളം നിയന്ത്രിത അളവിൽ ഒഴുക്കി വിടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. പുതിയ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര് പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.
Kerala
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി.അശോകിനും എൻ. പ്രശാന്തിനും പുതിയ ചുമതകൾ നൽകി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി. അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായാണ് എൻ. പ്രശാന്തിന് നിയമനം നൽകിയിരിക്കുന്നത്. കൂടാതെ യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എൻ. പ്രശാന്തിന് നൽകും. സ്നേഹിൽ കുമാർ സിംഗാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ.
അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിംഗ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതല നൽകും. കെ.ആർ. ജ്യോതിലാലിന് പ്ലാനിം ബോർഡിന്റെ അധിക ചുമതല നൽകും.
മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ടി.വി. അനുപമ ഗതാഗത സെക്രട്ടറിയാകും. ഷാർമിള മേരി ജോസഫ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.
രത്തൻ യു. ഖേൽക്കറിനു തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകും. കെ. ബിജു വനം വകുപ്പ് സെക്രട്ടറിയാകും. എം.ജി. രാജമാണിക്യം കെഎസ്ഇബി ചെയർമാനാകും..കെ.ജീവൻ ബാബു റവന്യു,ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. എസ്. സുഹാസ് ജല വിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും.
വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ നീക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ്. അയ്യരെ നീക്കിയിട്ടുണ്ട്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ്. അയ്യരെ നിയമിച്ചിരിക്കുന്നത്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എം.ഡി
അദീല അബ്ദുള്ള പിഡബ്ല്യൂ സ്പെഷ്യൽ സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിനു ഐടി വകുപ്പിന്റെ അധിക ചുമതല നൽകും. എസ്. ഷാനവാസ് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.
കെ.ഗോപാലകൃഷ്ണൻ പരിസ്ഥിതി വകുപ്പ് ഡയറക്ടർ. ടി.വി. സുഭാഷ് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. എം.അഞ്ജനയ്ക്ക് നോർക്കയുടെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധിക ചുമതല നൽകി. ഷീബ ജോർജ് വനിത ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും.
അഫ്സാന പർവീൺ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാകും. അവധി കഴിഞ്ഞു മടങ്ങിയെത്തിയ രേണു രാജിന് ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമനം ലഭിച്ചു.
ആസിഫ് കെ. യൂസഫ് നോർക്ക ഡയറക്ടർ. ശ്രീധന്യ സുരേഷ് – ഫുഡ് സേഫ്ടി കമ്മീഷണർ. സഫ്ന നസറുദ്ധീന്‍ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല. രാഹുൽ കൃഷ്ണ ശർമ – ജിഎസ്ടി സ്പെഷ്യൽ കമ്മീഷ്ണർ.
അനു.എസ്.നായർ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ. സബിൻ സമീദിന് ഐ & പി ആർ ഡി ഡയറക്ടറുടെ അധിക ചുമതല. ഹർഷിൽ.ആർ.മീനയെ ടൂറിസം എംഡിയുമായി നിയമിക്കാൻ ഉത്തരവായി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസർഗോഡ് കുമ്പളയിൽ കനത്ത മഴയിൽ വീടിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഞായറാഴ്ച തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
കനത്ത മഴയിൽ പട്ടം ഗവ.ഗേൾസ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണു.സ്കൂളിന് പിൻവശത്തെ ക്ലാസ് മുറികളോടു ചേർന്ന മതിലാണ് തകർന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നു. തൃക്കൊടിത്താനത്ത് വീടിൻറെ മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ചൊവ്വഴ്ച രാത്രി മുതൽ ജൂലൈ 31 വരെയുള്ള 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള ട്രോൾ ബോട്ടുകൾ കടലിൽ പോകുന്നത് പൂർണമായും വിലക്കി.
അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ നിരോധനം ബാധകമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കേരള തീരം വിട്ടുപോകണമെന്ന് നിർദ്ദേശമുണ്ട്. നിരോധനം കർശനമായി നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, മറൈൻ പോലീസ് എന്നിവരുടെ സംയുക്ത പട്രോളിംഗ് ശക്തമാക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ അതിർത്തി തീരങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷനും മറ്റ് ആശ്വാസ സഹായങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.