പ്രതീകാത്മക ചിത്രം
കൊച്ചി: പശ്ചിമേഷ്യയിൽ മൂന്നു മാസം നീണ്ടുനിന്ന സംഘർഷം കേരളത്തിൽനിന്നുള്ള വ്യോമ, കപ്പൽമാർഗമുള്ള ചരക്കു കയറ്റുമതിയെ ഗുരുതരമായി ബാധിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ), കാലിക്കട്ട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മാർച്ച്-മേയ് മാസങ്ങളിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.
കേരള എക്സ്പോർട്ടേഴ്സ് ഫോറം തയാറാക്കിയ റിപ്പോർട്ട് പ്രകാരം കനത്ത പ്രഹരമാണ് മൂന്നു മാസം നീണ്ട യുദ്ധം കേരളത്തിൽനിന്നുള്ള വ്യോമമാർഗമുള്ള കയറ്റുമതിയെ ഏൽപ്പിച്ചത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026 മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്തെ പ്രധാന എയർപോർട്ടുകളായ കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽനിന്നും ഉള്ള പെരിഷബിൾ (പെട്ടെന്ന് കേടാകുന്ന വസ്തുക്കൾ) കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു.
കൊച്ചി വിമാനത്താവളം വഴിയുള്ള കയറ്റുമതി
ഇക്കാലയളവിൽ സിയാൽ വഴിയുള്ള എയർ കാർഗോയിൽ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വർഷം മാർച്ചിൽ 3,146.9 ടണ്‍ കയറ്റുമതി നടത്തിയ സ്ഥാനത്ത് ഇത്തവണ 36.41 ശതമാനം ഇടിഞ്ഞ് 2000 ടണ്ണായി കുറഞ്ഞു. ഏപ്രിലിൽ 2992 ടണ്ണായി ഉയർന്നെങ്കിലും കഴിഞ്ഞ വർഷത്തെ 4370.7 ടണ്ണിൽ നിന്ന് വളരെ കുറവാണിത്. 31.54 ശതമാനത്തിന്റെ കുറവാണിത്. മേയ് മാസത്തിലും നെടുന്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതി കൂടിയെങ്കിലും പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല. മുൻവർഷം ഇതേ കാലയളവിലെ 4563.6 ടണ്ണിൽനിന്ന് 32.84 ശതമാനം താഴ്ന്ന് 3065 മെട്രിക് ടണ്‍ മാത്രമായി.
കോഴിക്കോട് വഴി
കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതിയിൽ വൻ ഇടിവാണ് മൂന്നുമാസമുണ്ടായത്.
2025 മാർച്ചിൽ 2900.96 ടണ്‍ കയറിപ്പോയിടത്ത് ഇത്തവണ 53.35 ശതമാനം താഴ്ന്ന് 1353.2 ടണ്ണായി ഒതുങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിൽ 3818.93 ടണ്‍ കയറ്റിവിട്ടതിനെ അപേക്ഷിച്ച് 55.73 ശതമാനം കുറഞ്ഞ് ഇത്തവണ 1690.52 ടണ്ണിലെത്തി. മേയിലെ കയറ്റുമതി കഴിഞ്ഞ രണ്ടു മാസത്തേക്കാൾ താഴ്ന്നു. മുൻവർഷം 3384.42 മെട്രിക് ടണ്‍ ആയിരുന്നത് ഇത്തവണ 56.63 ശതമാനം ഇടിഞ്ഞ് 1467.96 ടണ്ണായി.
തുറമുഖം വഴിയുള്ള കയറ്റുമതിയിലും ഇടിവ്
കൊച്ചിൻ തുറമുഖം വഴി കടൽമാർഗമുള്ള കയറ്റുമതിയെയും പ്രതിസന്ധി ബാധിച്ചു. ഷിപ്പിംഗ് ചാർജുകൾ എട്ടിരട്ടിയിലധികം വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 2025 മാർച്ചിൽ 13,580 ടിഇയു (ട്വന്റി ഫൂട്ട് ഇക്വിലവന്റ് യൂണിറ്റ്- ചരക്കുകളുടെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു അന്താരാഷ്ട്ര ഏകകം) കയറ്റുമതി നടത്തിയപ്പോൾ ഈ വർഷമിത് 11,238 ടിഇയു ആയി ഇടിഞ്ഞു. 2025 ഏപ്രിലിലെ 11,866 ടിഇയു കയറ്റുമതി ഇത്തവണ 8622 ടിഇയുവിലേക്ക് കൂപ്പുകുത്തി.
യുദ്ധ പ്രതിസന്ധി സംസ്ഥാനത്തെ കഠിനമായി ബാധിച്ചിട്ടുണ്ട്. കാരണം, സമുദ്രവിഭവങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മറ്റ് കാർഷിക ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ പെട്ടെന്ന് കേടുവരുന്ന കേരളത്തിന്റെ കയറ്റുമതി സാധനങ്ങളുടെ വലിയൊരു പങ്ക് ഗൾഫ് രാജ്യങ്ങൾ വഴിയാണ്, പ്രത്യേകിച്ച് പ്രധാന ട്രാൻസ്ഷിപ്പ്മെന്റ്-വിതരണ കേന്ദ്രമായ ദുബായ് വഴിയാണ് അയയ്ക്കുന്നത്. -കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കയറ്റുമതി അളവിൽ ഉണ്ടായ കുത്തനെയുള്ള ഇടിവിന് പ്രധാന കാരണങ്ങളിലൊന്ന് അവിടത്തെ പരിമിതമായ കാർഗോ കൈകാര്യം ചെയ്യൽ ശേഷിയാണ്. ഇതിന് വിപരീതമായി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ ചരക്ക് കണ്സൈൻമെന്റുകൾ കൊണ്ടുപോകാൻ ശേഷിയുള്ള വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇത് കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യവും , ഉയർന്ന കാർഗോ ലഭ്യതയും ഉറപ്പാക്കുന്നു. ചരക്കയപ്പ് വൈകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Tags : West Asian conflict Exports rice Kerala fall