മുല്ലപ്പെരിയാർ ഡാം
മൂന്നാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച മൂന്നാര്‍ വൈബ് റിസോര്‍ട്ടില്‍ നടന്ന അന്തര്‍സംസ്ഥാന ചര്‍ച്ചയില്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ ഉറച്ച് കേരളവും തമിഴ്നാടും.
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗമാണ് ഇന്നലെ നടന്നത്.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതായിരുന്നു കേരളത്തിന്റെ നിലപാടെങ്കില്‍, ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യമാണ് തമിഴ്നാട് ഉന്നയിച്ചത്. വിഷയത്തില്‍ പ്രശ്നപരിഹാരത്തിനാണ് കേന്ദ്രജല വിഭവ വകുപ്പ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് കമ്മിറ്റി ചെയര്മാന് രാജീവ് പ്രതാപ് റൂഡി എംപി വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇരു സംസ്ഥാനങ്ങള്‍ക്കും പറയാനുള്ളതു കേള്‍ക്കുക മാത്രമാണു ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളുടെയും ആശങ്കകള്‍ കേട്ടെങ്കിലും പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. രണ്ടു സംസ്ഥാനങ്ങളും ഒരുപോലെയാണ്.ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കമ്മിറ്റിക്കു മുന്പില് വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ജെബി മേത്തര്‍ എംപി പറഞ്ഞു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ഉറച്ച നിലപാടിലാണ് കേരളം യോഗത്തില്‍ സംസാരിച്ചതെന്നും ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സബ് കളക്ടര്‍ വി.എം. ആര്യ, കേന്ദ്ര പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന ജലവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ പിന്നീട് ഇടുക്കി അണക്കെട്ടും സന്ദര്‍ശിച്ചു.