പ്രതീകാത്മക ചിത്രം
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധയെത്തുടര്ന്നും ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ഏകോപനമില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപം. നിലവില്‍ ഭക്ഷ്യവിഷബാധയേറ്റ ആള്‍ക്കു നിയപരമായി ലഭിക്കേണ്ട ഒരു പരിരക്ഷയും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയതിനുശേഷം ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും മോശം ഭക്ഷണം പിടിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരവും ഭക്ഷ്യസുരക്ഷവകുപ്പിനു മാത്രമാണ്. എന്നാല്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവിഷബാധയും പരാതികളും വ്യാപകമാകുമ്പോള്‍ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണു പരിശോധന നടത്തുന്നത്. ഇവര്‍ക്കു നിയമനടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ല.
ഹെല്‍ത്ത് ഇന്സ്പെക്ടര്മാര്ക്കുള്ളതുവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷണം തയാറാക്കുന്ന സ്ഥലത്തെ വൃത്തി, ഡ്രയിനേജ് സംവിധാനം എന്നിവ പരിശോധിക്കാനുള്ള അധികാരം മാത്രമാണ്. ഭക്ഷണത്തെ തൊടാനുള്ള അധികാരം ഇവര്‍ക്കില്ല. തന്നെയുമല്ല മോശം ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകുകയുള്ളു. ഇതിനായി എന്‍എബിഎല്‍ അംഗീകാരമുള്ള മൂന്നു ലാബുകള്‍ മാത്രമാണ് കേരളത്തിലുള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഭക്ഷണം കൃത്യസമയത്ത് ഇവിടത്തെ ലാബുകളില്‍ എത്തിക്കാന്‍ കഴിയാറില്ല. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ ലാബുകള്‍ക്ക് ഇതുവരെ എന്‍എബിഎല്‍ അംഗീകാരം ലഭിച്ചിട്ടുമില്ല. എന്‍എബിഎല്‍ അംഗീകാരമുള്ള മൂന്നു ലാബുകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലാണുള്ളത്.
പലപ്പോഴും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന സംഘം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തി അശാസ്ത്രീയമായ പരിശോധനയാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി പിഴയടാക്കുകയാണ് ചെയ്യുന്നത്.
വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാല്‍ നിശ്ചിത ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് മാത്രമേ ഇവര്‍ക്കു അധികാരമുള്ളൂ. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്ത പരിശോധന നടത്താന്‍ തയാറാകണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വകുപ്പിലേക്ക് 100ല്‍പ്പരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ളത് 170 ഉദ്യോഗസ്ഥര്‍ മാത്രമാണ്.
എഫ്എസ്എസ്എഐയുടെ മാനദണ്ഡം അനുസരിച്ചു 1000 ഭക്ഷ്യ സംരംഭകര്‍ക്ക്
ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനാണ് വേണ്ടത്. സംസ്ഥാനത്ത് ഇപ്പോള്‍ നാലരലക്ഷത്തില്‍പ്പരം ഭക്ഷ്യ സംരംഭകരാണുള്ളത്.
ഭക്ഷ്യസുരക്ഷാവകുപ്പിനെ ശക്തിപ്പെടുത്തണം
ഭക്ഷ്യസുരക്ഷാവകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനെതിരേ ആരോഗ്യവകുപ്പിലും തര്‍ക്കങ്ങളുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പിനെ നോക്കുകുത്തിയാക്കി ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധനകള്‍ കൊണ്ടു പ്രയോജനമില്ലെന്നും ഭക്ഷ്യസുരക്ഷവകുപ്പിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : Food poisoning No coordination inspections no action culprits