District News
ചെറുതോണി: തോപ്രാംകുടിയിലെ മത്സ്യ-മാംസ വ്യാപാര ശാലകളിൽ വാത്തിക്കുടി പഞ്ചായത്തിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ പരിശോധനയിൽ പോരായ്മ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം നടപടികളെടുത്തു.
പരിശോധനയിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ടി.എ. സാന്റി, ഷിന്റോ പോൾ, നസീഖാൻ, ഹരിപ്രിയ എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇഡി ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വലിയ പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. ഡിടിപിസി കോഓർഡിനേറ്ററായിരുന്നു നന്ദുലാൽ.
മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെ ചാർജ് സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനയുടെ ഭാഗമായാണ് ഇന്നത്തെ നടപടിയെന്നാണ് സൂചന. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലുൾപ്പെടെ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.
തുടർന്ന് വീണയെ രണ്ട് തവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. സ്വത്തുക്കൾ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വീണ്ടും പരിശോധന നടത്തുന്നതെന്നാണ് വിവരം. സിഎംആർഎല്ലിൽ നിന്ന് യാതൊരു സേവനവും നൽകാതെ 2.78 കോടി രൂപ അനധികൃതമായി എക്സാലോജിക് കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
National
ശ്രീനഗർ: 1990ലെ കാഷ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കു ശേഷം ജമ്മു-കാഷ്മീരിലെ വിവിധ ഇടങ്ങളിൽ അന്വേഷണ ഏജൻസിയുടെ പരിശോധന.
കാഷ്മീരി പണ്ഡിറ്റും പ്രശസ്ത കവിയുമായ സർവാനന്ദ് കൗൾ പ്രേമി (65), മകൻ വീരന്ദർ കൗൾ (27) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന അന്വേഷണ ഏജൻസി(എസ്ഐഎ) ജമ്മുവിലെയും കാഷ്മീരിലേതുമടക്കം ഒന്പത് ഇടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
1990ൽ കാഷ്മീരി പണ്ഡിറ്റായ നഴ്സ് സരള ഭട്ട് കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് എസ്ഐഎ കുറ്റപത്രം സമർപ്പിച്ചതിന് ഒരു മാസത്തിനു ശേഷമാണ് ഈ റെയ്ഡുകളെന്നതും ശ്രദ്ധേയമാണ്.
കാഷ്മീരിലെ കലാപകലുഷിത കാലത്തെ കെട്ടിക്കിടക്കുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സരളാ ഭട്ട് കൊലപാതകത്തിൽ പുനരന്വേഷണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 29നാണ് എസ്ഐഎ ശ്രീനഗർ പ്രത്യേക കോടതി മുൻപാകെ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ജമ്മു-കാഷ്മീർ ലിബറേഷൻ ഫ്രണ്ട്(ജെകെഎൽഎഫ്) പ്രവർത്തകരായ അഞ്ചു പേരാണ് കേസിലെ പ്രതികൾ.
നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന ജെകെഎൽഎഫ് മുൻ ചീഫ് മുഹമ്മദ് യാസീൻ മാലിക്കും ഇതിൽ ഉൾപ്പെടുന്നു. മൂന്നു പ്രതികൾ ഇതിനോടകം മരണപ്പെട്ടു. ശേഷിക്കുന്ന പ്രതി ഖുർഷീദ് അഹമ്മദ് ചാക്കു പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നതായാണു വിവരം.
District News
കൊല്ലം: ജില്ലയിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി-വ്യാജമദ്യം എന്നിവയുടെ വ്യാപനം തടയാന് പരിശോധനകൂടുതല് ശക്തമാക്കണമെന്ന് ജില്ലാ കളക്ടര് ആനി ജൂല തോമസ്. വിവിധ വകുപ്പുകള് ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള് വിലയിരുത്താന് ചേര്ന്ന യോഗത്തില് അധ്യക്ഷത വഹിക്കവെ ഉത്സവസമയത്തെ ലഹരിവ്യാപനം തടയാന് എക്സൈസ് വകുപ്പ് സ്ട്രൈക്കിംഗ് ഫോഴ്സുകളെ രൂപീകരിച്ച് കൂടുതല് പരിശോധനകള് നടത്തുകയാണെന്ന് അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളില് കൺട്രോൾ റൂമുകള് രൂപീകരിച്ചു.
ലഹരിവ്യാപനത്തിന് കൂടുതല് സാധ്യതയുള്ള മേഖലകളില് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. മറ്റു വകുപ്പുകളുമായി ചേര്ന്നുള്ള സംയുക്ത പരിശോധനകളും തുടരുന്നു. മുന്സിപ്പല്-പഞ്ചായത്ത് വാര്ഡ് തലങ്ങളില് നിരീക്ഷണം ശക്തമാക്കാന് ജനകീയജാഗ്രതസമിതികളും ആരംഭിച്ചു. ജില്ലാഅതിര്ത്തിമേഖലകളില് പരിശോധന ശക്തമാക്കും.
ഓണാഘോഷദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന് കൂടുതല് പൊലീസുകാരെ നിയോഗിക്കും. പ്രധാന കേന്ദ്രങ്ങളായ ബീച്ച്, തിരുമുല്ലവാരം, ചില്ഡ്രന്സ് പാര്ക്ക് എന്നിവിടങ്ങളില് നിരീക്ഷണസംവിധാനങ്ങളുണ്ടാകും. ബീച്ച് കേന്ദ്രീകരിച്ചുള്ള ആഘോഷപരിപാടികള്ക്ക് പ്രത്യേകക്രമീകരണങ്ങള് ഏര്പ്പെടുത്തും.
സ്വകാര്യസ്ഥാപനങ്ങള് സംഘടിപ്പിക്കുന്ന പരിപാടികളില് ആള്ക്കൂട്ടനിയന്ത്രണസംവിധാനങ്ങള് ഏര്പ്പെടുത്തുന്നത് ഉറപ്പാക്കണം. രാത്രികാല നിരീക്ഷണം ശക്തമാക്കണം.
വാഹന പാര്ക്കിംഗിനുള്ള സൗകര്യം ആശ്രാമം മൈതാനത്ത് ഒരുക്കും. കല്ലുംതാഴം മേല്പാലം ഭാഗികമായിതുറക്കുന്നതോടെ മേഖലയിലെ ഗതാഗതകുരുക്ക് താത്കാലികമായി പരിഹരിക്കപ്പെടും. പോളയത്തോട് ഭാഗത്തെ ഗതാഗതകുരുക്ക് പരിഹരിക്കാനും നടപടിസ്വീകരിക്കും. വിപണിയിലെ നിയമലംഘനങ്ങള് കണ്ടെത്തി നടപടിസ്വീകരിക്കാന് സിവില് സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ചുമതലപ്പെടുത്തി.
മേവറംമേഖലയിലെ മാലിന്യനിക്ഷേപംചെറുക്കന് കോര്പറേഷന് കര്ശനനടപടികള് സ്വീകരിക്കണമെന്നും ജില്ലാ കളക്ടര് നിര്ദേശം നല്കി.
District News
മഞ്ചേരി: പൊതുജനങ്ങള്ക്ക് യാത്രാ ബുദ്ധിമുട്ടും ഗതാഗത തടസവും സൃഷ്ടിക്കുന്ന രീതിയില് തെരുവ് കച്ചവടം വ്യാപകമായ സാഹചര്യത്തില് മഞ്ചേരിയിൽ പരിശോധന ശക്തമാക്കി നഗരസഭാ അധികൃതര്. നിയമലംഘനത്തിന് 133 സ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്കി.
മഞ്ചേരി സീതിഹാജി ബസ് സ്റ്റാന്ഡ് മുതല് അഹമ്മദ് കുരിക്കള് ബസ് ബേ ഷോപ്പിംഗ് കോംപ്ലക്സ് വരെ ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. സാധനങ്ങള് റോഡിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയ വ്യാപാരികള്ക്ക് കര്ശന മുന്നറിയിപ്പും നല്കി.
തുറക്കല് ബൈപാസ് റോഡില് അനധികൃതമായി കച്ചവടം നടത്തിയിരുന്ന നാല് സ്ഥാപനങ്ങള്ക്കെതിരേയും നിയമാനുസൃത നടപടികള് സ്വീകരിച്ചു. പൊതുജനങ്ങള്ക്ക് സുരക്ഷിതവും തടസരഹിതവുമായി ഫുട്പാത്തും റോഡും ഉറപ്പാക്കുന്നതിനുള്ള നടപടികള് തുടരുമെന്നും അനധികൃത തെരുവ് കച്ചവടവും ഫുട്പാത്ത് കയ്യേറ്റവും നടത്തുന്നവര്ക്കെതിരേ വരുംദിവസങ്ങളിലും ശക്തമായ നടപടികള് സ്വീകരിക്കുമെന്നും നഗരസഭ ചെയര്പേഴ്സണ് വല്ലാഞ്ചിറഅബ്ദുൾ മജീദ്, നഗരസഭാ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് എന്നിവര് അറിയിച്ചു.
Kerala
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ഭക്ഷ്യവിഷബാധയെത്തുടര്ന്നും ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലും നടക്കുന്ന പരിശോധനകള്ക്ക് ഏകോപനമില്ലെന്നും കുറ്റക്കാര്ക്കെതിരേ നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപം. നിലവില് ഭക്ഷ്യവിഷബാധയേറ്റ ആള്ക്കു നിയപരമായി ലഭിക്കേണ്ട ഒരു പരിരക്ഷയും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയതിനുശേഷം ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും മോശം ഭക്ഷണം പിടിച്ചാല് നടപടിയെടുക്കാനുള്ള അധികാരവും ഭക്ഷ്യസുരക്ഷവകുപ്പിനു മാത്രമാണ്. എന്നാല് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില് ഭക്ഷ്യവിഷബാധയും പരാതികളും വ്യാപകമാകുമ്പോള് ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഹെല്ത്ത് ഇന്സ്പെക്ടര്മാരാണു പരിശോധന നടത്തുന്നത്. ഇവര്ക്കു നിയമനടപടികള് സ്വീകരിക്കാനുള്ള അധികാരമില്ല.
ഹെല്ത്ത് ഇന്സ്പെക്ടര്മാര്ക്കുള്ളതുവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷണം തയാറാക്കുന്ന സ്ഥലത്തെ വൃത്തി, ഡ്രയിനേജ് സംവിധാനം എന്നിവ പരിശോധിക്കാനുള്ള അധികാരം മാത്രമാണ്. ഭക്ഷണത്തെ തൊടാനുള്ള അധികാരം ഇവര്ക്കില്ല. തന്നെയുമല്ല മോശം ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ച് റിപ്പോര്ട്ട് ലഭിച്ചാല് മാത്രമേ നടപടി സ്വീകരിക്കാനാകുകയുള്ളു. ഇതിനായി എന്എബിഎല് അംഗീകാരമുള്ള മൂന്നു ലാബുകള് മാത്രമാണ് കേരളത്തിലുള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകള് പ്രവര്ത്തിക്കുന്നത്. പലപ്പോഴും ഭക്ഷണം കൃത്യസമയത്ത് ഇവിടത്തെ ലാബുകളില് എത്തിക്കാന് കഴിയാറില്ല. കണ്ണൂര്, പത്തനംതിട്ട ജില്ലകളിലെ ലാബുകള്ക്ക് ഇതുവരെ എന്എബിഎല് അംഗീകാരം ലഭിച്ചിട്ടുമില്ല. എന്എബിഎല് അംഗീകാരമുള്ള മൂന്നു ലാബുകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കീഴിലാണുള്ളത്.
പലപ്പോഴും ഹെല്ത്ത് ഇന്സ്പെക്ടര്മാരും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന സംഘം ഹോട്ടലുകള് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് എത്തി അശാസ്ത്രീയമായ പരിശോധനയാണ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. വിവിധ സ്ഥലങ്ങളില് നിന്നും പഴകിയ ഭക്ഷണം പിടികൂടി പിഴയടാക്കുകയാണ് ചെയ്യുന്നത്.
വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാല് നിശ്ചിത ദിവസത്തിനകം പ്രശ്നങ്ങള് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് മാത്രമേ ഇവര്ക്കു അധികാരമുള്ളൂ. ഈ സാഹചര്യത്തില് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്ത പരിശോധന നടത്താന് തയാറാകണമെന്ന ആവശ്യമാണ് ഉയര്ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വകുപ്പിലേക്ക് 100ല്പ്പരം ഹെല്ത്ത് ഇന്സ്പെക്ടര്മാരുടെ തസ്തികകള് അനുവദിച്ചിരുന്നു. എന്നാല് ഭക്ഷ്യസുരക്ഷ വകുപ്പില് സംസ്ഥാനത്ത് ആകെയുള്ളത് 170 ഉദ്യോഗസ്ഥര് മാത്രമാണ്.
എഫ്എസ്എസ്എഐയുടെ മാനദണ്ഡം അനുസരിച്ചു 1000 ഭക്ഷ്യ സംരംഭകര്ക്ക്
ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനാണ് വേണ്ടത്. സംസ്ഥാനത്ത് ഇപ്പോള് നാലരലക്ഷത്തില്പ്പരം ഭക്ഷ്യ സംരംഭകരാണുള്ളത്.
International
ടെഹ്റാൻ: വ്യോമാക്രമണത്തിൽ തകർന്ന തങ്ങളുടെ ആണവനിലയങ്ങൾ സന്ദർശിക്കാൻ അന്താരാഷ്ട്ര ആണവോർജ എജൻസിയിലെ യുഎൻ പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്കു പിന്നാലെ ഐഎഇഎ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റ് അവകാശവാദമാണ് ഇറാൻ പൂർണമായും തള്ളിയത്.
ഇക്കാര്യത്തിൽ നിലവിൽ ഒരുതരത്തിലുള്ള ഔദ്യോഗിക ഉടമ്പടിയും നിലവില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായിൽ ബഗേയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
District News
ഇരിട്ടി: ടൗണിലെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ദീപ്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പല സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Kerala
കാസർഗോഡ്: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് പരിശോധന. തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലുള്ള ഒരു വീട്ടിലുമാണ് മലപ്പുറത്തെ അന്വേഷണം നടക്കുന്നത്.
ഫെബ്രുവരി ഏഴിന് തിരൂരങ്ങാടി ചെമ്മാട്ട് വച്ച് ഒരു ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കള് പിടികൂടിയിരുന്നു. ഹോളോബ്രിക്സ് നിർമാണ സ്ഥലത്തേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്.
ലോറിയിലെ ഉള്ളിച്ചാക്കുകള്ക്കിടയിലാണ് സ്ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്നത്. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള് രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നത്.
കാസർഗോഡ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലും പരിശോധന നടക്കുന്നുണ്ട്. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്.
കോഴിക്കോട് മുക്കം എരഞ്ഞിമാവിൽ, എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എരഞ്ഞിമാവിൽ പ്രവർത്തിക്കുന്ന എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് എൻഐഎ പരിശോധന നടക്കുന്നത്. രണ്ടു മാസം മുൻപ് കൊണ്ടോട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
Kerala
തിരുവനന്തപുരം: റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന്
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അടച്ചു. പിന്നാലെ കേസും. പഞ്ചായത്ത് ഇവർക്ക് നൽകിയ ലൈസൻസ് റദ്ദാക്കി.
ഇനി സുരക്ഷാ പരിശോധന ഉൾപ്പടെ നടത്തിയതിനുശേഷമേ ലൈസൻസ് നൽകാവൂ എന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമ അടക്കം അഞ്ചുപേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്കെതിരേയാണ് കേസ്.
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് വ്യാഴാഴ്ച ഉണ്ടായത്. പെരുന്നാൾ അവധിയായിരുന്നതിനാൽ കുട്ടികൾ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേർ കയറിയ റൈഡിന്റെ വെൽഡിംഗ് ഇളകി തകർന്നുവീണത്.
അപകടത്തിൽപെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. നാഗർകോവിൽ സ്വദേശികളായ അഞ്ചുപേർക്കാണു പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരിക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് എത്താൻ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. അപകടം ഉണ്ടായി റൈഡ് തകർന്നു വീണതിനു ശേഷവും പാർക്കിന്റെ പ്രവർത്തനം നിർത്താതെ മറ്റു റൈഡുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ഒരു മരണവും നടന്നിരുന്നു. അന്ന് തന്നെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.
പരിശോധന കർശനമാക്കണം
അതേസമയം, സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കുകളിൽ പരിശോധന ശക്തമാക്കാണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്മെന്റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15-ഓളം അമ്യൂസ്മെന്റ് പാർക്കുകളാണ് ഉള്ളത്. മുൻനിര പാർക്കുകൾ സുരക്ഷാക്രമീകരണങ്ങൾക്കു ശ്രദ്ധ നൽകാറുണ്ടെങ്കിലും ചില ചെറുകിട പാർക്കുകളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ വേനലവധിക്കാലത്ത് ആയിരക്കണക്കിനു പേരാണ് ഇത്തരം പാർക്കുകളിൽ എത്തിയത്. കാലപ്പഴക്കം ചെന്ന റൈഡുകളും മോട്ടോറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചു വേണ്ടത്ര പരിശോധന നടന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടത്താറില്ല. അതാണ് അപകടത്തിലേക്കു നയിക്കുന്നത്.
റൈഡുകളുടെ ഭാഗങ്ങൾ തുരുമ്പെടുക്കുക, വെൽഡിംഗ് ഇളകുക തുടങ്ങിയവ പതിവാണ്. കൃത്യമായി പരിശോധന നടന്നെങ്കിലേ ഇതു കണ്ടെത്താനാകൂ. ഹാപ്പിലാൻഡിലും ഇതാണ് സംഭവിച്ചത്. മിക്ക പാർക്കുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ല. അന്താരാഷ്ട്ര ചട്ടപ്രകാരമുളള സുരക്ഷയാണ് പാർക്കുകളിൽ ഒരുക്കേണ്ടതാണ്. അതിനാണ് കനത്ത ഫീസ് സന്ദർശകരിൽനിന്നു ഈടാക്കുന്നതും.
എന്നാൽ, അതു നടപ്പിലാക്കാറില്ല. മിക്ക പാർക്കുകളിലും ആംബുലൻസ് പോലുമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിസംഗത കാട്ടുന്നുവെന്നു പരാതിയുണ്ട്. ടൂറിസം വകുപ്പ് പാർക്കുകളുടെ അവസ്ഥയെകുറിച്ചു പഠിക്കണമെന്നും നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.
അഗ്നിരക്ഷാ സേന, പോലീസ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് ചട്ടം. ഇതിൽതന്നെ ക്രമക്കേട് കാട്ടുന്നതായും ആക്ഷേപമുണ്ട്.
ഉത്സവപ്പറമ്പുകളിലെ താത്കാലിക പാർക്കുകളും പ്രശ്നം
അതുപോലെ തന്നെയാണ് ഓണക്കാലത്തും ഉത്സവങ്ങളിലും മറ്റ് അവസരങ്ങളിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താത്കാലികമായി ഒരുക്കുന്ന അമ്യൂസ്മെന്റ് സംവിധാനങ്ങൾ. ഒരു സുരക്ഷയുമില്ലാതെയാണ് പലപ്പോഴും പ്രവർത്തനം. കാലപ്പഴക്കം ചെന്ന റൈഡുകളും മറ്റുമാണ് ഇവിടെയുള്ളത്. ഇതിൽ ഒരു പരിശോധനയും നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
പഞ്ചായത്തുകൾക്കും പറയത്തക്ക റോളില്ല. സംസ്ഥാനത്തിനു പുറത്തുനിന്നാണ് ഇത്തരം ഗ്രൂപ്പുകൾ താത്കാലിക സംവിധാനത്തോടെ കൂടുതലും എത്തുന്നത്. ഇവർക്കു സുരക്ഷാ സർട്ടിഫിക്കറ്റോ ലൈസൻസോ കാണാറില്ല. ഇത്തരം അമ്യൂസ്മെന്റ് സംവിധാനത്തെക്കുറിച്ചു ക്യത്യമായ അനേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
District News
പന്തളം: വൃത്തിഹീനമായ സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളിൽ വ്യാപക പരിശോധന. നഗരസഭയിലെയും കുടുംബാരോഗ്യകേന്ദ്രത്തിലെയും ഉദ്യോഗസ്ഥർ ചേർന്നു നടത്തിയ പരിശോധനയിൽ നാല് കെട്ടിട ഉടമകൾക്കെതിരേ കേസെടുത്തു.
പന്തളം കടയ്ക്കാട് ഷാഹിന മൻസിലിൽ മുഹമ്മദ് ഷാഫി, പന്തളം, കുരമ്പാല, അൻവർ മൻസിൽ അൻവർ ഹുസൈൻ, തോന്നല്ലൂർ പാട്ടുകാരൻ തുണ്ടിൽ സാബു, തോന്നല്ലൂർ മഠത്തിൽ നിയാസ് എന്നിവർക്കെതിരേയാണ് നടപടി.
വൃത്തിഹീനമായ കടകളും അടപ്പിച്ചിട്ടുണ്ട്. വൃത്തിഹീനമായതും മാലിന്യം നിക്ഷേപിച്ചതുമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതിനാണ് ഒരുലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തത്. പലതവണ താക്കീതുനൽകിയിട്ടും ഒരു മാറ്റവുമില്ലാതെ വൃത്തിഹീനമായ സാഹചര്യ തുടരുകയാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
ഇടുങ്ങിയ മുറിയിലെ താമസം, മാലിന്യം നീർച്ചാലിലേക്ക് ഒഴുക്കൽ, വൃത്തിഹീനമായ ശൗചാലയങ്ങൾ, മുറികളിൽ മാലിന്യം കൂട്ടിവയ്ക്കൽ ദുർഗന്ധം, പാചകവാതക സിലിണ്ടറുകൾ അലക്ഷ്യമായി സൂക്ഷിക്കൽ എന്നിവയെല്ലാം പരിശോധനയിൽ കണ്ടെത്തി.
പന്തളം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സുനിതാ വേണു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സാബിറാ ബീവി, മെഡിക്കൽ ഓഫീസർ ഡോ. ഹരികുമാർ, നഗരസഭാ സെക്രട്ടറി ഇ.ബി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ റസിയാ ബീഗം, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. സജിത്ത്, പോലീസുദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു
Kerala
കോഴിക്കോട്: കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില് കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കാന് സംസ്ഥാന സര്ക്കാര് സംസ്ഥാന ഡാം സേഫ്റ്റി ഓര്ഗനൈസേഷനു നിര്ദേശം നല്കി.
അണക്കെട്ടുകളുടെ സുരക്ഷാ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി 2021 ഡിസംബറില് കേന്ദ്ര സര്ക്കാര് പാസാക്കിയ കേന്ദ്ര ഡാം സേഫ്റ്റി ആക്ട് പ്രകാരം അണക്കെട്ടുകളുടെ ആദ്യഘട്ട സുരക്ഷാ പരിശോധന അഞ്ചു വര്ഷത്തിനുള്ളില് പൂര്ത്തിയാക്കണം. ഇതുപ്രകാരം 2026 ഡിസംബറിനു മുമ്പായി സംസ്ഥാനത്ത് പരിശോധനകള് പൂര്ത്തിയാക്കാനാണു നിര്ദേശം.
പരിശോധനകള്ക്കായി വിദഗ്ധര് അടങ്ങിയ പാനല് രൂപവത്കരിക്കാന് ജലസേചനവകുപ്പിനു സര്ക്കാര് അനുമതി നല്കിയിട്ടുണ്ട്. കേന്ദ്ര ആക്ട് പ്രകാരം കേരളത്തിലെ അണക്കെട്ടുകളുടെ സുരക്ഷ, നിരീക്ഷണം, പ്രവര്ത്തനങ്ങള്, അറ്റകുറ്റപ്പണികള് എന്നിവ ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച ഔദ്യോഗിക സംവിധാനമാണ് കേരള സ്റ്റേറ്റ് ഡാം സേഫ്റ്റി ഓര്ഗനൈസേഷന്.
നാലു തലത്തിലുള്ള പരിശോധനാ സംവിധാനമാണു കേന്ദ്ര ആക്ടില് വിഭാവനം ചെയ്യുന്നത്. കേന്ദ്ര തലത്തില് നാഷണല് കമ്മിറ്റി ഓണ് ഡാം സേഫ്റ്റി (എന്സിഡിഎസ്), നാഷണല് ഡാം സേഫ്റ്റി അഥോറിറ്റി (എന്ഡിഎസ്എ), സംസ്ഥാന തലത്തില് സ്റ്റേറ്റ് കമ്മിറ്റി ഓണ് ഡാം സേഫ്റ്റി, സ്റ്റേറ്റ് ഡാം സേഫ്റ്റി ഓര്ഗനൈസേഷന്. കേന്ദ്ര ജല്ശക്തി മന്ത്രാലയത്തിന്റെ 2023ലെ കണക്കനുസരിച്ച് ഇന്ത്യയില് 6,138 പ്രവര്ത്തനസജ്ജമായ അണക്കെട്ടുകളും 143 നിര്മാണത്തിലിരിക്കുന്ന അണക്കെട്ടുകളുമുണ്ട്.
കേരളത്തില് നിലവില് 61 അണക്കെട്ടുകള് പ്രവര്ത്തനസജ്ജമാണ്. ഇന്ത്യയിലെ 3,789 അണക്കെട്ടുകള്ക്ക് 25 വര്ഷത്തിലേറെ പഴക്കമുണ്ട്. ഏറ്റവും കൂടുതല് അണക്കെട്ടുകളുള്ളത് മഹാരാഷ്ട്രയിലാണ്; 2374 എണ്ണം. കൃത്യമായി അറ്റകുറ്റപ്പണികള് നടത്തിയാല് അണക്കെട്ടുകളുടെ പ്രായം അവയുടെ സുരക്ഷയെ ബാധിക്കില്ലെന്നാണ് നാഷണല് ഡാം സേഫ്റ്റി അഥോറിറ്റിയുടെ നിലപാട്. ഇതുപ്രകാരമാണ് സമയബന്ധിതമായി സുരക്ഷാ പരിശോധന പൂര്ത്തിയാക്കാന് കേന്ദ്രം സംസ്ഥാനങ്ങള്ക്കു നിര്ദേശം നല്കിയിരിക്കുന്നത്.
ഡാം സേഫ്റ്റി ആക്ട് നടപ്പിലാക്കിയതോടെ ലോകബാങ്കിന്റെ സഹായത്തോടെ അണക്കെട്ടുകളുടെ നവീകരണത്തിനായി "ഡ്രിപ്’ പദ്ധതി പ്രകാരം കേന്ദ്ര സര്ക്കാര് സഹായം അനുവദിക്കുന്നുണ്ട്.
2012 ഏപ്രില് മുതല് 2021 മാര്ച്ച് വരെയുള്ള ഒന്നാംഘട്ടത്തില് ഏഴു സംസ്ഥാനങ്ങളിലെ അണക്കെട്ടുകള്ക്കായി 2567 കോടി രൂപ അനുവദിച്ചിരുന്നു. 10 വര്ഷം നീളുന്ന രണ്ട്, മൂന്ന് ഘട്ടങ്ങള്ക്കായി 19 സംസ്ഥാനങ്ങളിലെ 736 അണക്കെട്ടുകള് നവീകരിക്കാന് 10,211 കോടി രൂപയും കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്.
District News
കൂരാച്ചുണ്ട്: അങ്ങാടിയിലെ വിവിധ ഹോട്ടലുകൾ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പുകവലി നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.
കൂരാച്ചുണ്ട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദന്റെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.എം. മനു, ചിത്രലേഖ, ബി. ബിനിൽ, പബ്ലിക് ഹെൽത്ത് നഴ്സ് പി.കെ. ഷീബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കുടിവെള്ള ഗുണനിലവാര പരിശോധന റിപ്പോർട്ട്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിലവിലില്ലാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Kerala
വിഴിഞ്ഞം: മത്സ്യബന്ധനത്തിനായി ആഴക്കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകർത്ത എം.വി. സോളിസ് എന്ന പനാമ കപ്പലിലെ പരിശോധനകൾ പൂർത്തിയാക്കി. അനുമതിയില്ലാതെ രാജ്യംവിടരുതെന്ന് ക്യാപ്റ്റന് നിർദേശവും നൽകിയിട്ടുണ്ട്. വിഴിഞ്ഞം പുറംകടലിലെത്തിച്ച കപ്പലിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അധികൃതരാണ് പരിശോധന നടത്തിയത്.
വിഴിഞ്ഞം കോസ്റ്റ്ഗാർഡിന്റെ അനഘ് എന്ന സൈനിക കപ്പലാണ് വിദേശ കപ്പലിനെ അപകടം നടന്ന സ്ഥലത്തുനിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്. മെർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്മെന്റിലെ ചീഫ് സർവേയർ ക്യാപ്റ്റൻ ഷേണായും മറ്റ് ഉദ്യോഗസ്ഥരുമാണ് കപ്പലിനുള്ളിലും കപ്പലിന്റെ മുൻഭാഗവും പിൻഭാഗവും പരിശോധിച്ചത്.
കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരിയിലെ ആഴക്കടലിൽ മീൻപിടിക്കാൻപോയ സെന്റ് ജോസഫ് എന്ന ട്രോളിംഗ് ബോട്ടിനെയാണ് ഇടിച്ചുതകർത്തത്. കഴിഞ്ഞ ഏഴിന് തമിഴ്നാട് മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിൽ വച്ചാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് അതിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലിലേക്കു വീണു. ഒൻപതുപേരെ അപകടത്തിനിടയാക്കിയ കപ്പലിലെ ജീവനക്കാർ രക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി ഇനത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാസപ്പടി വാങ്ങുന്നതിനെത്തുടർന്ന് മിക്ക ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് പരിശോധന നടത്താറില്ലെന്നും ഭൂരിഭാഗം ബാറുകളിലെയും സ്റ്റോക്കുകളിൽ കൃത്യത ഇല്ലെന്നും സ്റ്റോക്ക് രജിസ്റ്ററുകൾ പരിപാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പലയിടത്തും ബാറുകൾ പ്രവർത്തന സമയം പാലിക്കുന്നില്ല.
ബാറുകളിൽ സ്റ്റോക്ക് ഇറക്കുന്പോൾ എക്സൈസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ നടത്തി സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ഓപറേഷൻ "ബാർ കോഡ്' എന്ന പേരിൽ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ 66 ബാർ ഹോട്ടലുകളിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിലുമായിരുന്നു വിജിലൻസ് റെയ്ഡ്.
ലൈസൻസ് വ്യവസ്ഥകൾക്കു വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ കൗണ്ടറുകളിലും ഡെസ്കുകളിലും മദ്യ വിൽപന നടത്തുന്നു. ബാറുകളിൽ സൂക്ഷിക്കേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ ബാറിൽ നിന്ന് എക്സൈസ് ഓഫീസിലെത്തിച്ച് ഇൻസ്പെക്ഷൻ നടത്തിയെന്ന് രേഖപ്പെടുത്തുന്നു. ബാറുകൾക്ക് അവധിയായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാർ ഹോട്ടലിലെ സ്റ്റോക്ക് ഗോഡൗണിൽനിന്നു നാല് കെയ്സ് മദ്യം എടുത്തതായി കണ്ടെത്തി.
ആലപ്പുഴയിലെ ബാറിൽ നിന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, റേഞ്ച് ഇൻസ്പെക്ടർമാർ, വിവിധ എക്സൈസ് സ്ക്വാഡുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് കൈക്കൂലി ഇനത്തിൽ 3,56,000 രൂപ മാസപ്പടിയായി നൽകിയത് ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതം രേഖപ്പെടുത്തി രജിസ്റ്ററിൽ എഴുതി സൂക്ഷിച്ചത് പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതിന്റെ വിവരം ബാർ മാനേജർ വാട്സ് ആപ്പ് വഴി എംഡിക്ക് കൈമാറിയതിന്റെ വിവരങ്ങളും കണ്ടെത്തി. ചില ബാറുകളിൽ സ്റ്റോക്ക് ഇറക്കിയ സമയം എക്സൈസുകാർ ഹാജരായിരുന്നില്ലെന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തി.
കുന്നംകുളത്ത് ഇൻസ്പെക്ഷൻ രജിസ്റ്ററിൽ പരിശോധന നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ബാറിലെ സിസിടിവിയിൽ ഉദ്യോഗസ്ഥൻ ആ ദിവസം പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്നു കണ്ടെത്തി. ഒറ്റപ്പാലത്തെ ബാറിൽ സ്റ്റോക്കിൽ വലിയ അളവിൽ കുറവുണ്ടായി. വെയർ ഹൗസിൽനിന്ന് അനുവദിച്ച മദ്യം സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സൂക്ഷിക്കുന്നു. നിലന്പൂർ എക്സൈസ് സർക്കിൾ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ പാരിതോഷികമായി വാങ്ങി സൂക്ഷിച്ച അഞ്ചു കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഈ മദ്യം നിയമ നടപടികൾക്കായി പോലീസിന് കൈമാറി.
വയനാട് ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ സംശയകരമായി കാണപ്പെട്ട ബിയർ പാർലർ സ്റ്റാഫിന്റെ യുപിഐ ട്രാൻസാക്ഷൻ പരിശോധിച്ചതിൽ 2,000 രൂപ കൽപറ്റ ബെവ്കോ വെയർഹൗസ് ജീവനക്കാരന് അയച്ചതായി കണ്ടെത്തി. കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥന്റെ യുപിഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായി 3,51,000 രൂപ ലഭിച്ചു. ബാറിൽ ഉപയോഗിക്കുന്ന പെഗ് മെഷറുകളുടെ അളവിൽ കുറവ് കണ്ടത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിനെ കൊണ്ട് പരിശോധന നടത്തി 25,000 രൂപ പിഴ ചുമത്തി.