കാനഡയുടെ സ്റ്റീഫന്‍ യൂസ്റ്റാക്വിയോ
ഫിഫ 2026 ലോകകപ്പിലെ സഹ ആതിഥേയരായ കാനഡ പ്രീക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.
ദ റെഡ്സ് (ലെ റൂഷ്) എന്നറിയപ്പെടുന്ന കനേഡിയന്‍ ടീം റൗണ്ട് ഓഫ് 32ല്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കി അവസാന 16ല്‍ ഇടംപടിച്ചു. ഗോള്‍രഹിതമായ 90 മിനിറ്റിനുശേഷം സ്റ്റോപ്പേജ് ടൈമില്‍ (90+2) സ്റ്റീഫന്‍ യൂസ്റ്റാക്വിയോയാണ് കാനഡയുടെ കനവ് സഫലമാക്കിയ ഗോള്‍ സ്വന്തമാക്കിയത്.
എക്സ്ട്രാ ടൈമിലേക്കു നീണ്ടേക്കുമെന്നു തോന്നിപ്പിച്ച സമയത്തായിരുന്നു യൂസ്റ്റാക്വിയോയുടെ ഗോള്‍. നെതര്‍ലന്‍ഡ്സ്/മൊറോക്കോ മത്സര ജേതാക്കളാണ് പ്രീക്വാര്‍ട്ടറില്‍ കാനഡയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30നാണ് നെതര്‍ലന്‍ഡ്സ് x മൊറോക്കോ റൗണ്ട് ഓഫ് 32 പോരാട്ടം അരങ്ങേറുന്നത്.
കനേഡിയന്‍ ഹീറോസ്
ധീരോചിത പോരാട്ടത്തിനുശേഷം ചരിത്രനേട്ടത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം അംഗങ്ങളെ മൈതാത്തുവച്ച് കോച്ച് ജെസ്സെ മാര്‍ച്ച് അഭിസംബോധന ചെയ്തത് കനേഡിയന്‍ ഹീറോസ് എന്നായിരുന്നു. ‘നിങ്ങള്‍ കനേഡിയന്‍ ഹീറോസ് ആണ്! കനേഡിയന്‍ ഹീറോസ്' ജെസ്സെ മാര്‍ച്ച് പ്രഖ്യാപിച്ചു.
2026 ലോകകപ്പില്‍ കാനഡയുടെ ഗോള്‍നേട്ടം ഒമ്പത് ആയി. ഒരു ലോകകപ്പ് എഡിഷനില്‍ കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ടീം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളാണിത്.
1985, 2000 വര്‍ഷങ്ങളില്‍ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് നേടിയതാണ് കാനഡയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. വനിതാ വിഭാഗത്തില്‍ 2020 ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം നാടിനു പുറത്ത് നോക്കൗട്ട് കളിക്കുന്ന ആദ്യ ആതിഥേയ ടീമാണ് കാനഡ. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായതോടെ കാനഡയുടെ റൗണ്ട് ഓഫ് 32 മത്സരം കലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തിലായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഇംഗല്വുഡിലെ സോഫി സ്റ്റേഡിയത്തിലായിരുന്നു ദക്ഷിണാഫ്രിക്ക x കാനഡ പോരാട്ടം. ലോസ് ആഞ്ചലസില്‍നിന്നും 10 മൈല്‍ അകലെയുള്ള സ്റ്റേഡിയം.
ലോസ് ആഞ്ചലസിന്റെ സ്വന്തക്കാരനാണ് കാനഡയുടെ വിജയഗോള്‍ നേടിയ സ്റ്റീഫന്‍ യൂസ്റ്റാക്വിയോ; അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയുടെ താരം.
29കാരനായ മധ്യനിരതാരം പിറന്നത് കാനഡയിലായിരുന്നെങ്കിലും ആദ്യകാലങ്ങളില്‍ പന്തുതട്ടിയത് പോര്‍ച്ചുഗലിനായി. കാനഡയുടെ അണ്ടര്‍ 17 ടീമില്‍ കളിച്ചശേഷം പോര്‍ച്ചുഗലിന്റെ അണ്ടര്‍ 21 ടീമിനൊപ്പം ചേര്‍ന്നു.
2019 മുതല്‍ കാനഡ സീനിയര്‍ ടീമില്‍. യൂസ്റ്റാക്വിയോയുടെ മാതാപിതാക്കള്‍ പോര്‍ച്ചുഗീസുകാരാണ്. 2023ല്‍ ബ്രയിന്‍ കാന്‍സറിനെത്തുടര്‍ന്ന് അമ്മയും 2024ല്‍ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്ന് പിതാവും മരിച്ച ആഘാതത്തിലായിരുന്നു യൂസ്റ്റാക്വിയോ.
“അവന്റെ (യൂസ്റ്റാക്വിയോ) മാതാപിതാക്കള്‍ ഈ മുഹൂര്‍ത്തം ആകാശങ്ങളിലിരുന്നു കാണുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്. അവിശ്വസനീയമായ ഒരുസംഘം കളിക്കാരുള്ള ഈ ടീമില്‍, ടീമിന്റെ ചരിത്രജയത്തിനു വഴിതെളിക്കാന്‍ ഇത്രയും അര്‍ഹനായ മറ്റൊരാളില്ല. ഞാന്‍ ശരിക്കും സന്തുഷ്ടനാണ്”- കനേഡിയന്‍ ടീം കോച്ച് ജെസ്സെ മാര്‍ച്ച് പറഞ്ഞു.