International
മോസ്കോ: ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ലോകം റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ ഒന്ന് മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിർത്താൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്.
ഗ്യാസോലിൻ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം തയാറാക്കാൻ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ നിരോധനം ജൂലൈ 31 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കാരണം ലോകം ഇതിനകം തന്നെ ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാല് മാസത്തേക്ക് കയറ്റുമതി നിരോധിക്കാനുള്ള ഈ തീരുമാനം ആഗോള എണ്ണവിലയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായതായി നൊവാക് പറഞ്ഞു.
ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായി റഷ്യൻ സർക്കാർ പലപ്പോഴും ഗ്യാസോലിൻ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50 ലക്ഷം മെട്രിക് ടൺ ഗ്യാസോലിൻ (പ്രതിദിനം ഏകദേശം 117,000 ബാരൽ) റഷ്യ കയറ്റുമതി ചെയ്തിരുന്നു.
റഷ്യയുടെ നിലവിലെ എണ്ണ കയറ്റുമതി ശേഷിയിൽ ഇതിനകം തന്നെ 40 ശതമാനത്തിന്റെ കുറവുണ്ട്. റഷ്യയുടെ എണ്ണ ഇന്ധന കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ കാരണം, കയറ്റുമതി ശേഷിയുടെ 40 ശതമാനവും രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള്‍ കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Business
ന്യൂഡൽഹി: യുഎസും ബംഗ്ലാദേശും തമ്മിൽ പുതുതായി ഒപ്പിട്ട വ്യാപാരക്കരാർ ഇന്ത്യൻ വസ്ത്ര കയറ്റുമതി മേഖലയെയും പരുത്തി കർഷകരെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക.
ബംഗ്ലാദേശിൽനിന്ന് കയറ്റുമതി ചെയ്യുന്ന വസ്ത്രങ്ങൾക്ക് യുഎസിൽ നികുതിയില്ലെന്നതാണ് ഇന്ത്യക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഘടകം. വ്യാപാരക്കരാർ ഇന്ത്യക്ക് ഇരട്ട പ്രഹരമാണ് നൽകുന്നത്. ഒന്നാമത് യുഎസ് വിപണിയിൽ ബംഗ്ലാദേശിന്റെ വസ്ത്രങ്ങൾക്ക് വില കുറയാൻ ഇടയാക്കും. രണ്ടാമത് ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പരുത്തി നൂൽ കയറ്റുമതിയെ ഇത് ബാധിക്കാനും സാധ്യതയുണ്ട്.
ബംഗ്ലാദേശിൽ നിർമിക്കുന്ന എല്ലാ വസ്ത്രങ്ങൾക്കും തീരുവ ഇളവ് ലഭിക്കില്ല. യുഎസിൽ നിന്ന് വാങ്ങുന്ന പരുത്തിയോ കൃത്രിമ നാരുകളോ ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്രങ്ങൾക്കാകും നികുതി ഒഴിവാക്കുക. ബംഗ്ലാദേശിന് ലഭിച്ച വസ്ത്രങ്ങൾക്ക് പൂജ്യം ശതമാനം നികുതി ആനുകൂല്യം യുഎസ് വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത കുറച്ചേക്കും.
ഇന്ത്യക്കു വിപുലമായ ടെക്സ്റ്റൈൽ മേഖല ഉണ്ടായിട്ടും യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതിയിൽ ഇന്ത്യയെക്കാൾ വലിയ വിഹിതം ബംഗ്ലാദേശിനാണ്. 2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ബംഗ്ലാദേശിന്റെ യുഎസിലേക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 7.6 ബില്യൺ ഡോളറിലാണ്. ഇന്ത്യയുടേത് 3.26 ബില്യൺ ഡോളറും.
ബംഗ്ലാദേശിനു മേലുള്ള അടിസ്ഥാന ഇറക്കുമതി തീരുവ 20 ശതമാനത്തിൽനിന്ന് 19 ശതമാനമായി യുഎസ് കുറച്ചു. യുഎസുമായുള്ള വ്യാപാരക്കരാറിലൂടെ ഇന്ത്യയിൽനിന്നുള്ള വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള കയറ്റുമതിക്ക് 18 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സാന്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് വസ്ത്ര വ്യാപാരം. ചൈനയ്ക്കു പിന്നിൽ ലോകത്തെവസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും വസ്ത്രമേഖലയിലാണ്. ഏകദേശം നാലുപതു ലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നു.
ഇന്ത്യൻ പരുത്തി കയറ്റുമതിയുടെ ആശങ്ക
ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഇറക്കുമതി രാജ്യമായ ബംഗ്ലാദേശ്, ഇന്ത്യൻ പരുത്തിയുടെ പ്രധാന ഉപഭോക്താക്കളാണ്. ഇന്ത്യയുടെ പരുത്തി കയറ്റുമതിയിൽ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് സംസ്കരിക്കാത്ത അസംസ്കൃത പരുത്തിയുടെ വിപണിയിലാണ്. ഇന്ത്യയിൽനിന്ന് സംസ്കരിക്കാത്ത പരുത്തി കയറ്റുമതിയുടെ 70 ശതമാനവും ബംഗ്ലാദേശിലേക്കാണ്. എന്നാൽ, 2024ൽ മാത്രം യുഎസ് അഞ്ചു ബില്യണ്‍ ഡോളറിന്റെ സമാനമായ പരുത്തി ആഗോളതലത്തിൽ കയറ്റുമതി ചെയ്തു.
പുതിയ കരാർ പ്രകാരം തീരുവ ഇളവ് ലഭിക്കാനായി ബംഗ്ലാദേശ് അമേരിക്കൻ പരുത്തിയിലേക്ക് കൂടുതൽ തിരിയുന്നത് ഇന്ത്യൻ പരുത്തി വ്യാപാരികളെയും കർഷകരെയും സാരമായി ബാധിക്കും. ഇന്ത്യൻ കയറ്റുമതിയെ വിപണിയിൽനിന്ന് നേരിട്ടു പുറന്തള്ളാൻ കാരണമായേക്കും. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ബംഗ്ലാദേശ് പരുത്തിക്കായി പൂർണമായി ഇന്ത്യയെ ആശ്രയിക്കുന്നത് കുറച്ചു. ബ്രസീൽ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പരുത്തി വാങ്ങാൻ തുടങ്ങി.
ബംഗ്ലാദേശിന്റെ ഇറക്കുമതിയിൽ ഇന്ത്യക്കു വലിയ പങ്കാളിത്തമുള്ള പരുത്തി നൂൽ, നെയ്തെടുത്ത പരുത്തി തുണികൾ എന്നീ വിഭാഗങ്ങളും വലിയ ഭീഷണി നേരിടുന്നു. ചായം മുക്കിയതും ഡെനിമും ആയ പല പരുത്തിത്തുണികളുടെയും ബംഗ്ലാദേശിന്റെ ഇറക്കുമതിയിൽ ഏകദേശം 90 ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. എന്നാൽ, യുഎസ് പരുത്തി എത്തുന്നതോടെ ഇന്ത്യക്കു ബംഗ്ലാദേശിന്റെ പരുത്തി കയറ്റുമതി മേഖലയിലെ ബന്ധത്തിൽ വലിയ വിള്ളലുണ്ടാകും.
ഇതിനകം തന്നെ ആഗോളതലത്തിൽ യുഎസ് പരുത്തിയുടെ വലിയ വാങ്ങലുകാരായി ബംഗ്ലാദേശ് മാറിയിരുന്നു. 2024ൽ 245 മില്യണ്‍ ഡോളറിന്റെ പരുത്തി വാങ്ങി അഞ്ചാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് യുഎസിനെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയാൽ ഇന്ത്യൻ പരുത്തികയറ്റുമതിയിൽ 600-650 മില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രത്യേകിച്ച് അസംസ്കൃത പരുത്തി, നൂൽ എന്നീ വിഭാഗങ്ങളിൽ പ്രത്യാഘാതം ഉണ്ടാകും.
യുഎസ് ഉത്പന്നങ്ങൾക്ക് വഴിതുറന്ന് ബംഗ്ലാദേശ്
വസ്ത്രങ്ങൾക്ക് സീറോ തീരുവ ഏർപ്പെടുത്തിയതിനു പകരമായി അമേരിക്കൻ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾക്ക് ഗണ്യമായ മുൻഗണനയോടെ വിപണി പ്രവേശനം നല്കാൻ ബംഗ്ലാദേശ് സമ്മതിച്ചു. യുഎസ് രാസവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹന ഭാഗങ്ങൾ, സോയ ഉത്പന്നങ്ങൾ, മാംസം എന്നിവ കൂടുതലായി ബംഗ്ലാദേശ് വിപണിയിലെത്തും.
കരാറിന്റെ ഭാഗമായി യുഎസ് ഭക്ഷ്യ-ഒൗഷധ മാനദണ്ഡങ്ങളും വാഹന സുരക്ഷ-മലിനീകരണ നിയമങ്ങളും ബംഗ്ലാദേശ് അംഗീകരിക്കും. ഇത് യുഎസ് ഉത്പന്നങ്ങൾക്കു ബംഗ്ലാദേശ് വിപണിയിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കും.
Business
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾക്കിടയിലും, കരുത്തുറ്റ കയറ്റുമതിയുടെ പിൻബലത്തിൽ 2025 സാമ്പത്തിക വർഷത്തിൽ ചൈന അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി.
ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനീസ് ഭരണകൂടം ലക്ഷ്യമിട്ടിരുന്ന “അഞ്ച് ശതമാനത്തിനടുത്ത്’’ എന്ന വളർച്ചാ നിരക്ക് രാജ്യം കൈവരിച്ചു. എന്നാൽ വർഷാവസാന പാദത്തിൽ സാമ്പത്തിക വളർച്ച വേഗത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള അവസാന പാദത്തിൽ വളർച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് 2022ൽ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ വളർച്ചാ നിരക്കാണിത്. മൂന്നാം പാദത്തിൽ 4.8 ശതമാനമായിരുന്നു രാജ്യത്തിന്റെ വളർച്ച.
റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും കോവിഡ് കാലത്തെ പ്രതിസന്ധികളും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ ചൈനീസ് നേതൃത്വം തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ഇതോടൊപ്പം രാജ്യത്തെ ജനസംഖ്യ തുടർച്ചയായി നാലാം വർഷവും കുറഞ്ഞത് മറ്റൊരു പ്രതിസന്ധിയായി മാറുന്നു. 2025ൽ ജനിച്ച കുട്ടികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 80 ലക്ഷത്തിനു താഴെയായി ചുരുങ്ങി.
ആഭ്യന്തര ഉപഭോഗത്തിലും ബിസിനസ് നിക്ഷേപങ്ങളിലുമുണ്ടായ കുറവ് പരിഹരിക്കാൻ ചൈനയെ സഹായിച്ചത് മികച്ച കയറ്റുമതിയാണ്. അമേരിക്കയുമായുള്ള വ്യാപാരതർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിച്ചതിലൂടെ 1.2 ട്രില്യൺ ഡോളറിന്റെ റിക്കാർഡ് വ്യാപാര മിച്ചം നേടാൻ ചൈനയ്ക്ക് സാധിച്ചു.
ആഭ്യന്തര വിപണിയിലെ തളർച്ച കയറ്റുമതിയിലൂടെ മറികടന്നതാണ് അഞ്ചു ശതമാനം എന്ന വാർഷിക വളർച്ചാ ലക്ഷ്യത്തിലേക്ക് എത്താൻ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ തുണച്ചത്.
Business
ബെയ്ജിംഗ്: ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ 5.5 ബില്യണ്‍ ഡോളറിന്റെ വർധന രേഖപ്പെടുത്തി. ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറയുന്നുവെന്ന വിലയിരുത്തലിനിടെയാണ് ഈ പ്രവണത. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 116.12 ബില്യണ്‍ ഡോളർ എന്ന റിക്കാർഡ് നിലയിലെത്തി. ചൈനീസ് കസ്റ്റംസാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയർന്ന നിലയായ 155.62 ബില്യണ്‍ ഡോളറിലെത്തിയതായി കണക്കുകൾ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധിക തീരുവ ഉയർത്തിയ വർഷമാണ് രണ്ടുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം റിക്കാർഡിലെത്തിയത്.
വർഷങ്ങളായി ചൈനയിലേക്കുള്ള കയറ്റുമതിയിൽ പുരോഗതിയില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ മുൻ വർഷത്തേക്കാൾ 9.7 ശതമാനം വർധനയിൽ 19.75 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നു. 5.5 ബില്യണ്‍ ഡോളറിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 12.8 ശതമാനം ഉയർന്ന് 135.87 ബില്യണ്‍ ഡോളറിലെത്തി.ഇന്ത്യ-ചൈന വ്യാപാരത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് വ്യാപാര കമ്മി. ഇത് കഴിഞ്ഞ വർഷം 116.12 ബില്യണിലാണെത്തിയത്. 2023നുശേഷം രണ്ടാം തവണയാണ് വ്യാപാരകമ്മി 100 ബില്യണ്‍ ഡോളർ കടക്കുന്നത്.
2024ൽ 99.21 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയായിരുന്നു. ഇക്കാലത്ത് ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.45 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇന്ത്യയിൽനിന്നുള്ളത് 14.25 ബില്യണ്‍ ഡോളറിന്റേതും.
യുഎസുമായി വ്യാപാര സംഘർഷങ്ങൾ തുടരുന്പോഴും ചൈനയുടെ മൊത്തം ആഗോള കയറ്റുമതി ഉയരുകയാണ്. 2025ൽ ചൈനയുടെ വ്യാപാരമിച്ചം റിക്കാർഡ് ഉയരമായ 1.2 ട്രില്യണ്‍ ഡോളറിലെത്തി. 2024നേക്കാൾ 20 ശതമാനത്തിന്റെ വർധന.
കയറ്റുമതി 3.77 ട്രില്യണ്‍ ഡോളറിന്റേതും ഇറക്കുമതി 2.58 ട്രില്യണ്‍ ഡോളറിന്റേതുമായിരുന്നുവെന്ന് കസ്റ്റംസ് കണക്കുകൾ കാണിക്കുന്നു. ചൈനയുടെ വ്യാപാര ബന്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചതാണ് കയറ്റുമതി ഉയരാനുണ്ടായ കാരണം.
Business
ന്യൂഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം ഇന്ത്യയിൽനിന്നുള്ള ബസുമതി അരി കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി വ്യവസായ സംഘടന.
ഇതേത്തുടർന്ന് ഇന്ത്യയിൽ അരി വില കുത്തനെ ഇടിയാൻ കാരണമായതായും വ്യവസായ സംഘടന ഇന്നലെ അറിയിച്ചു. പ്രക്ഷോഭത്തെത്തുടർന്നു പണം ലഭിക്കാനുള്ള കാലതാമസവും വർധിച്ചുവരുന്ന അനിശ്ചിതത്വവും കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംഘടന വ്യക്തമാക്കി.
ഇറാനുമായുള്ള വ്യാപാരക്കരാറുകളിലെ അപകടസാധ്യതകൾ പുനഃപരിശോധിക്കണമെന്നും സുരക്ഷിതമായ പണമിടപാട് രീതി സ്വീകരിക്കണമെന്നും ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്സ് ഫെഡറേഷൻ (ഐആർഇഎഫ്) കയറ്റുമതിക്കാർക്ക് നിർദേശം നല്കി. ഇറാൻ വിപണി ലക്ഷ്യമിട്ട് അമിതമായി അരി ശേഖരിച്ചുവയ്ക്കുന്നതിനെതിരേ സംഘടന മുന്നറിയിപ്പ് നൽകി.
2025-26 സാന്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെ ഇന്ത്യയിൽനിന്ന് ഇറാനിലേക്ക് 468.10 മില്യണ്‍ ഡോളർ മൂല്യമുള്ള 5.99 ലക്ഷം ടണ്‍ ബസുമതി അരി കയറ്റിയയച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ ബസുമതി അരി വിപണിയാണ് ഇറാൻ. എന്നാൽ, നടപ്പു സാന്പത്തികവർഷം ഇറാനിലെ സാന്പത്തിക, രാഷ്ട്രീയ അസ്ഥിരതകാരണം ഓർഡറുകൾ ലഭിക്കുന്നതിനും പണമിടപാടുകളിലും കപ്പൽ ഗതാഗതത്തിലും വലിയ തോതിൽ തടസങ്ങളുണ്ടായി.
2024-25ൽ ഇന്ത്യ 8897 കോടി രൂപ മൂല്യത്തിലുള്ള കാർഷിക ഉത്പന്നങ്ങളാണ് ഇറാനിലേക്ക് കയറ്റിയയച്ചത്. ബസുമതി അരിയിൽ നിന്ന് മാത്രം 6374 കോടി രൂപ ലഭിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യയുടെ മൊത്തം ബസുമതി അരി കയറ്റുമതിയിൽ ഇറാന്റെ പങ്ക് 12.7 ശതമാനമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ഇത് വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാൻ നാണയം റിയാലിന്റെ മൂല്യം ഡോളറിനെതിരേ റിക്കാർഡ് താഴ്ചയിലായതിനാൽ പണമിടപാട് പ്രതിസന്ധിയിലാണ്. 2000 കോടി രൂപവരെയുള്ള ബസുമതി അരി ചരക്കുകൾ ഗുജറാത്തിലെ കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന്റെ ആഘാതം ഇന്ത്യൻ വിപണി നേരിടുകയാണ്. രാജ്യത്ത് പ്രധാന ബസുമതി അരി ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. അരി വാങ്ങാൻ വ്യാപാരികൾ കാണിക്കുന്ന വിമുഖതയും കരാറുകൾ വൈകുന്നതും കയറ്റുമതിക്കാർക്കിടയിൽ വർധിച്ചുവരുന്ന ആശങ്കകളുമാണ് വിലയിടിവിനു കാരണമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാന അരിയിനങ്ങളുടെ വില കിലോയ്ക്ക് അഞ്ചു മുതൽ പത്തു രൂപ വരെ കുറഞ്ഞു. ബസുമതി അരിയിനം 1121ന്റെ വില കഴിഞ്ഞയാഴ്ച കിലോയ്ക്ക് 85 രൂപയിൽനിന്ന് 80ലെത്തി. 1509ന്റെയും 1718ന്റെ വില 70 രൂപയിൽനിന്ന് 65ലെത്തി.
ചരിത്രപരമായി ഇന്ത്യൻ ബസുമതി അരിയുടെ പ്രധാന വിപണിയാണ് ഇറാൻ. എന്നാൽ, നിലവിലെ ആഭ്യന്തര പ്രക്ഷോഭം വ്യാപാരവഴികളെ തടസപ്പെടുത്തുകയും പണമിടപാടുകൾ മന്ദഗതിയിലാക്കുകയും വാങ്ങുന്നവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്തിരിക്കുകയാണെന്ന് ഐആർഇഎഫ് ദേശീയ പ്രസിഡന്റ് പ്രേം ഗാർഗ് പറഞ്ഞു. കടം നല്കുന്ന കാര്യത്തിലും ചരക്ക് അയയ്ക്കുന്ന കാര്യത്തിലും കയറ്റുമതിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ നിലവിലുള്ള കരാറുകൾ പാലിക്കാനോ ഇന്ത്യയിലേക്ക് പണമയയ്ക്കാനോ സാധിക്കില്ലെന്ന് ഇറാനിലെ ഇറക്കുമതിക്കാർ അറിയിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഇത് കയറ്റുമതിക്കാർക്കിടയിൽ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്.
ഇറാനിലേക്കുള്ള കയറ്റുമതി ദീർഘകാലത്തേക്ക് മന്ദഗതിയിലായാൽ പകരം വിപണി പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ കണ്ടെത്താൻ ഐആർഇഎഫ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യുഎസിന്റെ തീരുവ ആശങ്കകൾ
ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തകാലത്ത് നടത്തിയ പ്രസ്താവന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
യുഎസിലേക്കുള്ള ഇന്ത്യൻ അരി കയറ്റുമതിക്ക് നിലവിൽ 50 തീരുവ നല്‍കേണ്ടിവരുന്നു. മുന്‍പ് പത്ത് ശതമാനമായിരുന്നു. തീരുവ കുത്തനെ ഉയർന്നിട്ടും കയറ്റുമതിയിൽ ഇടിവുണ്ടായിട്ടില്ല. 2024-25 സാന്പത്തികവർഷം ഒന്നടങ്കം 2,35,554 ടണ്ണിന്റെ കയറ്റുമതിയുടെ സ്ഥാനത്ത് 2025-26 സാന്പത്തികവർഷത്തിലെ ആദ്യഎട്ടു മാസം (ഏപ്രിൽ-നവംബർ) ഇന്ത്യയുടെ യുഎസിലേക്കുള്ള ബസുമതി, ബസുമതി ഇതര അരിയുടെ കയറ്റുമതി 2,40,518 ടണ്ണായി ഉയർന്നു.
ആഗോളതലത്തിൽ ഇന്ത്യ അരിയുടെ പത്താമത്തെ വലിയ വിപണിയും ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയുമാണ് യുഎസ്എ.
മറ്റ് കയറ്റുമതികളും ഭീഷണിയിൽ
ബസുമതി അരിയുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യൻ കയറ്റുമതിക്കാർ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ തേയിലയുടെ പ്രധാന വാങ്ങലുകാരാണ് ഇറാൻ. 2024-25ൽ 11,000 ടണ്‍ തേയിലാണ് ഇറക്കുമതി ചെയ്തത്. കാപ്പി, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാലുത്പന്നങ്ങൾ, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതി വഴിമുട്ടിയിരിക്കുകയാണ്.
Business
മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവ്. ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ ഉയർന്ന ഇറക്കുമതിത്തീരുവയാണ് ഇടിവിനു കാരണം.
ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷേറ്റിവ് (ജിടിആർഐ) നൽകിയ റിപ്പോർട്ട് അനുസരിച്ച് മേയ് -ഒക്ടോബർ മാസങ്ങൾക്കിടയിൽ കയറ്റുമതി 28.5 ശതമാനം കുറഞ്ഞു. 8.83 ബില്യണ്‍ ഡോളറിൽനിന്ന് 6.31 ബില്യണ്‍ ഡോളറിലേക്കു കൂപ്പുകുത്തി.
യുഎസിന്റെ തീരുവകളിലുണ്ടായ അതിവേഗ വർധനയെത്തുടർന്നാണ് ഈ ഇടിവുണ്ടായത്. ഏപ്രിൽ രണ്ടിന് 10 ശതമാനത്തിലായിരുന്ന തീരുവ ഓഗസ്റ്റ് ഏഴിന് 25 ശതമാനത്തിലേക്കെത്തി. ഓഗസ്റ്റ് അവസാനത്തോടെ അത് 50 ശതമാനമായും ഉയർന്നു. തീരുവകളുടെ വർധന ഇന്ത്യൻ ഉത്പന്നങ്ങളെ യുഎസിന്റെ വ്യാപാര പങ്കാളികളിൽവച്ച് ഏറ്റവുമധികം തീരുവ ചുമത്തപ്പെടുന്നവയിൽ ഒന്നാക്കി.
ചൈനയ്ക്ക് 30 ശതമാനവും ജപ്പാന് 15 ശതമാനവും തീരുവ ഉള്ളപ്പോഴാണ് ഇന്ത്യയുടെ തീരുവയിൽ യുഎസ് മാറ്റം വരുത്താത്തത്.
റിപ്പോർട്ട് അനുസരിച്ച് ഈ കാലയളവിലെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ മൂന്ന് തീരുവ വ്യവസ്ഥകളാക്കി തിരിച്ചിരിക്കുന്നു. സ്മാർട്ട്ഫോണുകൾ, ഫാർമസ്യൂട്ടിക്കൽസ്, പെട്രോളിയം ഉത്പന്നങ്ങൾ പോലുള്ള തീരുവ ഒഴിവുള്ളയുടെ ഇനങ്ങൾ ഒക്ടോബറിലെ മൊത്തം കയറ്റുമതിയുടെ 40.3 ശതമാനമായിരുന്നു. എങ്കിലും ഇവയുടെ കയറ്റുമതിയിൽ 25.8 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മേയ് മാസത്തെ 3.42 ബില്യണ്‍ ഡോളറിൽനിന്ന് ഒക്ടോബറിൽ 2.54 ബില്യണിലെത്തി. ഇത് 881 മില്യണ്‍ ഡോളറിന്റെ കുറവാണ്.
പ്രധാനമായും ഇരുന്പ്, ഉരുക്ക്, അലുമിനിയം, ചെന്പ്, വാഹനഭാഗങ്ങൾ എന്നിവ ഉൾപ്പെടെ ഒരേ ആഗോള തീരുവ നേരിടുന്ന ഉത്പന്നങ്ങൾ ഒക്ടോബറിലെ മൊത്തം കയറ്റുമതിയുടെ 7.6 ശതമാനം മാത്രമായിരുന്നു. ഈ വിഭാഗങ്ങളുടെ കയറ്റുമതിയിൽ 23.8 ശതമാനം ഇടിവാണുണ്ടായത്. മേയിലെ 629 മില്യണ്‍ ഡോളറിൽനിന്ന് ഒക്ടോബറിൽ 480 മില്യണ്‍ ഡോളറായി കുറഞ്ഞു.
ഇന്ത്യക്കു മാത്രം 50 ശതമാനം തീരുവ നേരിടേണ്ടിവന്ന തൊഴിൽ അധിഷ്ഠിത ഉത്പന്നങ്ങളായ രത്നങ്ങൾ, ആഭരണങ്ങൾ, സോളാർ പാനൽ, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, കെമിക്കലുകൾ, കടൽ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി കൂപ്പുകുത്തി. ഈ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 31.2 ശതമാനത്തിന്റെ ഇടിവുണ്ടായി. 4.78 ബില്യണ്‍ ഡോളറിൽനിന്ന് 3.29 ബില്യണ്‍ ഡോളറായി കുറഞ്ഞു. അഞ്ചു മാസത്തിൽ 1.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
യുഎസിന്റെ ഉയർന്ന തീരുവയുടെ ആഘാതം തീരുവ രഹിത ഉത്പന്നങ്ങളെയും ബാധിച്ചു. യുഎസിലേക്ക് ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകളിൽ 36 ശതമാനത്തിന്റെ കുറവുണ്ടായി. മേയിലെ 2.29 ബില്യണ്‍ ഡോളറിൽനിന്ന് ഒക്ടോബറിൽ 1.50 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ കയറ്റുമതി 1.6 ശതമാനത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടേത് 15.5 ശതമാനത്തിന്റെയും കുറവുണ്ടായി.
ലോഹങ്ങളുടെയും (50 ശതമാനം തീരുവ), വാഹന ഭാഗങ്ങൾ (25 ശതമാനം തീരുവ) എന്നിവയുടെ കയറ്റുമതിയിലും ഇടിവ് നേരിട്ടു. ഇത് ഇന്ത്യയുടെ മത്സരക്ഷമതയിലുണ്ടായ കുറവിനേക്കാൾ യുഎസിലെ വ്യാവസായിക ആവശ്യകത ദുർബലമാകുന്നതിന്റെ സൂചനയാണ്.