പ്രതീകാത്മക ചിത്രം
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നുള്ള 2019ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ 2025ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു ശില്പം കടത്താനുള്ള ശ്രമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്.
ശില്പം കടത്താന്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്നു കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്തും തന്ത്രിയുമടക്കം ഇതുമായി ബന്ധപ്പെട്ട് ഏഴു പേര് കേസിലെ പ്രതികളാകും. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ മുരാരി ബാബു, സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാല്‍ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍.
മുന്‍ ബോര്‍ഡ് അംഗം സുന്ദരേശന്, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മീഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, ബെല്ലാരിയിലെ ജ്വല്ലറിയുടമ നാഗ ഗോവര്ധന്, 2000ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നും എസ്ഐടി വിശദീകരിച്ചു. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങളിൽ പൊതിഞ്ഞിരിക്കു ന്നത് ചെമ്പുതകിടുകള്‍ എന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി. ചെന്നൈയില്‍വച്ച് വിഗ്രഹങ്ങളിലെ സ്വര്‍ണം നീക്കി പകരം സ്വര്‍ണപ്പാളി മാത്രം പൂശി. ബാക്കി വന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തു. ഈ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പൂശിയ സ്വര്‍ണത്തിന് 40 വര്‍ഷത്തെ വാറന്റി ഉറപ്പുനല്‍കി.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണനിറം മങ്ങിയതോടെ ഇതു മറയ്ക്കാനായി വിഗ്രഹങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പുതിയ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്വാസം പിടിച്ചുപറ്റുകയും ഗൂഢാലോചനയില്‍ പങ്കാളിയാക്കുകയും ചെയ്തു. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകേസിലെ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്പി എസ്. ശശിധരന് അറിയിച്ചു. ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നും വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്നിന്നുമുള്ള ഏതാനും പരിശോധനാ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ടെന്നും അറിയിച്ചു.
2025ലെ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അധിക കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസ് ജി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതീവ ജാഗ്രതയോടെ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി, അന്വേഷണ കാലാവധി ജൂലൈ 20 വരെ നീട്ടുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും വിശ്വഹിന്ദു പരിഷത്തും നല്കിയ ഹര്‍ജികള്‍ ജൂലൈ 28ന് പരിഗണിക്കാന്‍ മാറ്റി.
നിയമപരമായി നേരിടുമെന്നു പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഇതിനെ നിയമപരമായി നേരിടുമെന്നു പ്രശാന്ത് പറഞ്ഞു.
Tags : Sabarimala Sabarimala Gold theft Prashanth Thantri SIT report Kerala High Court accused