മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു നടപ്പാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ സിപിഎമ്മിന്റെ ലോക്കൽ, ഏരിയാ കമ്മിറ്റികൾ വേണ്ടപ്പെട്ടവരെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
പദ്ധതി കൃത്യമായല്ല നടപ്പാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് ധൃതിപിടിച്ചു തട്ടിക്കൂട്ടിയ പദ്ധതിയാണിത് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ സമിതിയുണ്ടായിരുന്നില്ല, ഫീൽഡ് തല പരിശോധന നടത്തിയില്ല.
തോന്നിയവർക്കാണ് പെൻഷൻ നൽകിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് അടക്കം കൃത്യമായി പരിശോധിക്കാതെ പദ്ധതി തുടരുമോയെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്തു സ്ത്രീകളെ പറ്റിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.
സർക്കാരാണ് സ്ത്രീപക്ഷം. പ്രതിപക്ഷത്തിന് സ്ത്രീ വിരുദ്ധപക്ഷ നിലപാടാണ്. സ്ത്രീസുരക്ഷാ പദ്ധതി നിർത്തുന്നത് സ്ത്രീകളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നും 16 ലക്ഷം വീട്ടമ്മമാരുടെ കണ്ണീരു കാണാൻ സർക്കാർ ആഗ്രഹിക്കുന്നെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച എ.സി മൊയ്തീൻ പറഞ്ഞു.
കെ-സ്മാർട്ട് വഴി അപേക്ഷകരുടെ അർഹതാ പരിശോധന നടത്തി സുതാര്യമായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണിത്.
ആധാർ, പൊതുവിതരണ സന്പ്രദായം, പെൻഷൻ പോർട്ടലുകൾ എന്നിവയെല്ലാം വഴി അർഹത പരിശോധിച്ചു. തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം നൽകിയത്.
നിലവിൽ 16 ലക്ഷം ഗുണഭോക്താക്കളുണ്ട്. അഞ്ചു ലക്ഷം അപേക്ഷ കെട്ടിക്കിടക്കുന്നു. അപേക്ഷയിൽ രാഷ്ട്രീയമില്ല. പാവപ്പെട്ട സ്ത്രീകളോട് അനാവശ്യമായ വീറും വാശിയും കാട്ടുകയാണ്. സർക്കാർ നിലപാട് മാറ്റുമെന്ന പ്രതീക്ഷയോടെ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
Tags : Women's safety pension scheme CPM beneficiaries V.D. Satheesan