പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ - കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുന്നതും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴി തുടരുന്നതുമാണ് കേരളത്തിലെ മഴ മുന്നറിയിപ്പിന് കാരണം.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Tags : Heavy rain orange alert weather report weather update